Sunday, October 3, 2010

ഋതുഭേദം

അടുക്കളോട് ചേര്‍ന്ന ഈ ചെറിയ മുറീല്‍ ഒറ്റയ്ക്കിരിക്കുമ്പോ പണ്ടത്തെ പോലെ പേടി തോന്നീല. മുന്‍പൊക്കെ ഈ മുറിയില്‍ കയറാന്നു വച്ചാ പേട്യാര്‍ന്നു. അമ്മ വാത്ക്കല്‍ കെടക്കും. അതാണ്‌ പതിവ്. പെട്യാന്നു പറഞ്ഞാ പിന്നെ മുത്തശ്ശിക്ക് അത് മതി, പറഞ്ഞോണ്ട് നടക്കാന്‍. മുന്‍പ്‌ അമ്മേടെ കൂടെ തന്നെ കെടക്കണംന്നു പറഞ്ഞ കുട്ട്യേച്ചിയെ പുളിച്ച ചീത്ത പറയണത് കേട്ട് ചെവി പൊട്ടിപ്പോയതാ. "കുട്ട്യോള് മുതിര്‍ന്നാ ചെക്കാന്മ്മാരെ കൂടെയുള്ള കാറോടല് നിര്‍ത്തണം, ഇല്ലെങ്കില്‍ നല്ല ചുട്ട അടി കൊടുക്കണം" ചെറിയമ്മയ്ക്ക് പെണ്കുട്ട്യോള് ഇല്ലാതെന്റെ അസൂയയാ. അല്ല ഇതിനൊക്കെ കാരണം കുട്ട്യേച്ചിയാ. വല്യ പെണ്ണായിട്ടും ആരും കാണാതെ വളപ്പിന്റുള്ളില്‍ മാങ്ങയെറിയാന്‍ പോകും, ആണ്കുട്ട്യാളെ പോലെ മരത്തില് വലിഞ്ഞു കേറും. അയ്യേ ആലോചിക്കുമ്പോള്‍ തന്നെ... ഒരിക്കല്‍ മാവേ കേറിയപ്പോളാ അമ്മ നല്ല പുളിങ്കോമ്പൊടിച്ച് ചെന്നത്, എനിക്ക് മാങ്ങാ തന്നില്ല അപ്പൊ ഞാന്‍ ചെന്ന് അമ്മോട് പറഞ്ഞു. അന്ന് നല്ല അടി കുടുങ്ങി പാവത്തിന്, അത് കണ്ടപ്പോ ഞാനും കരഞ്ഞു.

മുറ്റത്ത്‌ കളിചോണ്ടിരിക്കുമ്പോ പെട്ടന്ന് അടിവയറ്റില്‍ വല്ലാത്ത വേദന തോന്നിപ്പളാണ് അമ്മേടെ അടുത്തേക്ക് ചെന്നത്. അമ്മ ഉച്ചത്തില്‍ മുത്തശ്ശിനെ വിളിച്ചു. "എന്തെ വല്യമ്മേ..? ചിന്നൂന് എന്തെ..?" കൂടെ കളിച്ചോണ്ടിരുന്ന അപ്പും വടക്കേത്തിലെ ബാബും അമ്പരപ്പോടെ കേറിവരുമ്പോ അമ്മ അവരെ ആട്ടിയോടിച്ചു. "പോയിനെടാ, പൊറത്ത് പോയി കളിക്ക്, വന്നിരിക്കാണ് കുശലം തെരക്കാന്‍" അവന്മാരുടെ ഓട്ടം കണ്ടപ്പോ ചിരിക്കാനാണ് തോന്ന്യേത്. "എന്താടി പെണ്ണെ കുട്ട്യളോട് തൊള്ളപൊളിക്കാന്..?" മുത്തശ്ശിടെ ചോദ്യത്തിനല്ല അമ്മ മറുപടി പറഞ്ഞത്‌. " അമ്മെ, പെണ്ണ് വയസ്സറീച്ച് " ദേഹത്ത് മൊത്തം എന്തോ തരിപ്പ് കയറി അത് കേട്ടപ്പോ. അയ്യേ... കൈ വിരല്‍ അറിയാതെ കടിച്ചുപോയി. കാലിന്റെ തള്ളവിരല്‍ നിലത്ത് മെല്ലെ വട്ടം വരച്ചു. മൊഖം ഉയര്‍ത്താന്‍ തന്നെ നാണായി. അവര് പിന്നെ എന്തൊക്കെയാ പറഞ്ഞെ..? ഒന്നും കേട്ടീല. ആരൊക്കെയോ വന്നു, ആരേം കണ്ടീല. എടയ്ക്ക് ഓട്ടക്കണ്ണിട്ട് നോക്കിയപ്പോഴുണ്ട് ഒരു കള്ളച്ചിരിയോടെ മീനു നിക്കണ്. പെട്ടന്ന് മൊഖം താഴ്ത്തിക്കളഞ്ഞു. എന്തൊക്കെയാ പെണ്ണ് പറഞ്ഞു തന്നിരിക്കണത്..? ഓര്‍ത്തപ്പോള്‍ മൊഖം ചോന്നോ..?

ആ ചെറിയ മുറിയില്‍ ഇരുന്നു അവള്‍ നിലത്ത് ചിത്രങ്ങള്‍ വരച്ചു. കണ്ണുകളും ചുണ്ടുകളും ഏതോ സ്വപ്നങ്ങളുടെ കഥ പറഞ്ഞു. ജനാലയ്ക്കുള്ളിലൂടെ സന്ധ്യ സൂര്യന്റെ പൊന്‍വെളിച്ചം അരിച്ചിറങ്ങുന്നു. ഇന്നേവരെ കാണാത്ത പോലെ അവള്‍ അതില്‍ നോക്കി നിന്നു. പിന്നെ പതുക്കെ എഴുന്നേറ്റ് ജനാലയ്ക്ക് നേരെ നടന്നു. ഇറക്കം കൂടിയ പാവാട കാലില്‍ ഉരസ്സി തെന്നിക്കളിക്കുന്നു. ജനാലയ്ക്കിടയിലൂടെ ഒരു പുതിയ ലോകത്തെ കാണുകയായിരുന്നു അവള്‍. ദൂരെ നീണ്ടുകിടക്കുന്ന പാടത്തിനപ്പുറം, തെങ്ങുകള്‍ക്കും മരങ്ങള്‍ക്കും മുകളിലൂടെ താഴ്ന്നുകൊണ്ടിരിക്കുന്ന ചുവന്ന സൂര്യനെ അവള്‍ കണ്ണിമ വെട്ടാതെ അത്ഭുതത്തോടെ നോക്കി നിന്നു. താഴ്ന്നു പോകുന്ന സൂര്യനെ നോക്കി, അവളുടെ മനസ്സ് വിട പറയരുതേ എന്ന് കേണു. മാഞ്ഞു പോകാന്‍ തുടങ്ങുന്ന സ്വര്‍ണ്ണശോഭയ്ക്ക് മുകളിലേക്ക് മഴ കണങ്ങളായി പെയ്തിറങ്ങി നൃത്തം തുടങ്ങി. ആ നൃത്തം അവളെ ആനന്ദിപ്പിച്ചു, അവളറിയാതെ അവളുടെ മനസ്സും ആ മഴയില്‍ കുതിര്‍ന്ന്, കുളിരും തണുപ്പും നുകര്‍ന്ന് സ്വയമറിയാതെ നിന്നു അവള്‍...