Saturday, August 29, 2009

We Can't Rewind our Life....

ഒഫീസ്സിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ജോയ് മാത്യു. ഒരു പ്രശസ്ത കോണ്ട്രാക്ടിംഗ് കമ്പനിയിലെ ചീഫ്‌ എഞ്ചിനീയര്‍ ആണ് മിടുക്കനായ ജോയ് മാത്യു. ഭാര്യ നിമ്മിയും നാല് വയസ്സുള്ള മകള്‍ ഡയാനയും അടങ്ങുന്നതാണ് അവരുടെ കുടുംബം. ഭര്‍ത്താവിനു കഴിക്കുവാനുള്ള പ്രാതല്‍ തയ്യാറാക്കുകയാണ് നിമ്മി. അമ്മയുടെ പിറകെ വാശി പിടിച്ചു നടക്കുകയാണ് ഡയാന.'ദേ മോളു അടങ്ങി നിന്നെ.' എന്ന് മകളെ ശാസിച്ചു കൊണ്ട് ഭര്‍ത്താവിനുള്ള, പ്രാതലുമായി നിമ്മി ഡൈനിംഗ് ഹാളിലേക്ക്‌ കടന്നു.'അച്ചായാ, ദേ ബ്രേക്ഫാസ്റ്റ്‌ റെഡി.' പറഞ്ഞു കഴിഞ്ഞില്ല, അപ്പോഴേക്കും ബെഡ് റൂമിന്റെ കര്‍ട്ടന്‍ മാറ്റിക്കൊണ്ട് ജോയ് മാത്യു ഹാളിലേക്ക് കടന്നു.സ്യൂട്ട് കെയ്സ് മേശയില്‍ വച്ച്, കസേര വലിച്ചിട്ടു ഡൈനിംഗ് ടേബിളിനു മുന്നിലിരുന്നു. നിമ്മി പ്ലേറ്റെടുത്തു വച്ച് പ്രാതല്‍ വിളമ്പി. അപ്പോഴാണ്‌ ഡയാന അങ്ങോട്ട്‌ കടന്നു വന്നത്.'മമ്മി, നിച്ചും തോസ വേണം.' ഡയാന ഡൈനിംഗ് ടേബിളിനു അടുത്തെത്തി ഒരു കസേര വലിച്ചു ജോയ് മാത്യുവിന് അടുത്തേക്ക് നീക്കിയിട്ടു. നിമ്മി ഗ്ലാസ്സിലേക്ക്‌ ചായ പകര്‍ന്നു ജോയ് മാത്യുവിന്റെ അടുത്തേക്ക് നീക്കിവച്ചു കൊടുത്തു. കസേരയിലേക്ക് വലിഞ്ഞു കയറാന്‍ ശ്രമിക്കുകയായിരുന്നു ഡയാന. കയറുന്നതിനിടയില്‍ അവളുടെ കൈ തട്ടി മേശയില്‍ ഉണ്ടായിരുന്ന ചായഗ്ലാസ്സ് മറിഞ്ഞു ജോയ് മാത്യുവിന്റെ ദേഹത്തേക്ക് വീണു. ഒരു നിമിഷം സ്തബ്ധനായി തന്റെ വസ്ത്രത്തിലെക്ക് നോക്കി, പിന്നെ ജോയ് മാത്യുവിന് ദേഷ്യം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.പരിഭ്രമിച്ചിരിക്കുന്ന കുട്ടിയെ നോക്കി ശകാരവര്ഷം ചൊരിഞ്ഞു. അവള്‍ അലറിക്കരയാന്‍ തുടങ്ങി, അത് കണ്ട നിമ്മിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അവള്‍ മകളെ ചേര്‍ത്ത് പിടിച്ച്, ഭര്‍ത്താവിനോട് കയര്‍ത്തു. പിന്നെ ജോയ് മാത്യു കുറ്റങ്ങള്‍ മുഴുവനും നിമ്മിക്ക് മേല്‍ ചുമത്തി. നിമ്മി ഡയാനയെയും കൊണ്ട് അടുക്കളയിലേക്കു പോയി. അവള്‍ക്കു ദേഷ്യവും സങ്കടവും സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ജോയ് മാത്യു കൈയ്യിലെ വാച്ചില്‍ നോക്കി, സമയം ഒരുപാട് വൈകി. റൂമില്‍ കയറി ഇട്ടിരുന്ന വസ്ത്രം അഴിച്ചു ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു. ബാത്‌ റൂമില്‍ കയറി ശരീരം നനച്ചു തുടച്ച്, വസ്ത്രത്തിനായി തിരഞ്ഞു. അലമാരയിലെ വസ്ത്രങ്ങള്‍ എല്ലാം വലിച്ച് താഴെ വാരിയിട്ടു. പെട്ടന്ന് വസ്ത്രം മാറി വന്നു കാറില്‍ കയറി ഡോര്‍ വലിച്ചടച്ചു, സ്പീഡില്‍ ഓടിച്ചു പോയി. ജോയ് മാത്യുവിന്റെ മനസ്സ് ആകെ കലുഷിതമായിരുന്നു. മുന്നില കണ്ട ഒരു വാഹനത്തെ ഓവര്‍ ടെക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, പുറകില്‍ വരുന്ന വാഹനം ജോയ് ശ്രദ്ധിച്ചില്ല. ജോയ് മാത്യുവിന്റെ കാറില്‍ പുറകില്‍ വന്ന കാര്‍ ഇടിച്ചു. ജോയ് മാത്യുവിനെ BP കൂടി.
ഓഫീസിലെത്തിയപ്പോള്‍ ജോയ് ഒരുപാട് ലേറ്റ് ആയിരുന്നു. തലേന്ന് ഏല്‍പ്പിച്ച ജോലിയെ ചൊല്ലി മാനേജരുടെ വക ശാസനയായിരുന്നു ജോയ് മാത്യുവിനെ സ്വീകരിച്ചത്. ഓഫീസില്‍ എത്തിയപ്പോഴാണ് സ്യൂട്ട് കെയ്സ് എടുക്കാന്‍ മറന്ന കാര്യം ഓര്‍ത്തത്‌. ഓഫീസില്‍ ജോലികള്‍ എല്ലാം യാത്രികമായാണ് ചെയ്തത്. ജൂനിയെഴ്സിനോടും മറ്റും ചെറിയ കാര്യത്തിന് പോലും തട്ടിക്കയറിയത്‌ കാരണം, അവന്മാര്‍ ജോയ് മാത്യുവിന്റെ അടുത്ത് പതിവ് പോലെ തമാശ പറയാനോ മറ്റോ വന്നില്ല.
ഓഫീസ്സില്‍ നിന്നും പോകുമ്പൊള്‍ ഒരു ജോലിയും തീര്‍ക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയായിരുന്നു ജോയ് മാത്യുവിന്. നാളെക്കുള്ള ജോലി ഇരട്ടിയാണ്. പെട്ടന്നാണ് സ്കൂളില്‍ നിന്നും മോളെ എടുക്കേണ്ട കാര്യം ഓര്‍ത്തത്‌. ജോയ് കാര്‍ തിരിച്ചു. എന്നും രാവിലെ നിമ്മിയാണ് അവളെ സ്കൂളില്‍ കൊണ്ടുവന്നു വിടുക, വൈകീട്ട് ജോയ് മാത്യു ഓഫീസില്‍ നിന്നും വരുന്ന വഴി എടുക്കും. സ്കൂളിനു മുന്‍പില്‍ എത്തിയപ്പോള്‍ അവിടെ ആരെയും കണ്ടില്ല. സ്കൂള്‍ വിട്ടു എല്ലാരും പോയികഴിഞ്ഞിരുന്നു. അപ്പോഴാണ്‌ തന്‍ ഇന്ന് അല്പം വൈകിപ്പോയതു അയാള്‍ അറിയുന്നത്. മോള്‍ എങ്ങനെ പോയിട്ടുണ്ടാകും...? ജോയ് മാത്യു വീട്ടിലേക്കു ഫോണ്‍ ചെയ്തു. എന്നാല്‍ പ്രതികരണമൊന്നും കണ്ടില്ല. അയാളുടെ കാര്‍ പിന്നെ പറക്കുകയായിരുന്നു.
ഗേറ്റ് കടന്നപ്പോള്‍ കണ്ടു നിമ്മിയും ഡയാനയും വാതില്‍ തുറന്നു അകത്തേക്ക് കടക്കുന്നു. കാറിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയെങ്കിലും അവര്‍ ജോയ് മാത്യുവിനെ ശ്രദ്ധിക്കാതെ അകത്തേക്ക് കടന്നു. അവരെ ഫെസ് ചെയ്യാനുള്ള മടി കാരണം അവര്‍ പരസ്പരം മിണ്ടാന്‍ തയ്യാറായിരുന്നില്ല. ബെഡ് റൂമില്‍ തിരിഞ്ഞു കിടക്കുന്ന ഭാര്യയുടെ അടുത്ത് കിടക്കുമ്പോള്‍... അയാളുടെ മനസ്സ് ചുട്ടു പൊള്ളുന്നുണ്ടായിരുന്നു. കിടന്നു കൊണ്ട് അവന്‍ ആ ദിവസത്തെ പറ്റി ചിന്തിച്ചു.
ഡയാനയില്‍ നിന്നുമായിരുന്നു തുടക്കം... അവള്‍ കൊച്ചു കുഞ്ഞല്ലേ...! അറിയാതെ പറ്റിപ്പോയതല്ലേ..! രാവിലെ താന്‍ അല്പം സമനില പാലിച്ചിരുന്നെങ്കില്‍...! പരിഭ്രമിച്ചു പോയ മോളെ വഴക്ക് പറഞ്ഞതിന് പകരം, അവളെ സമാധാനിപ്പിച്ച്, വേറെ വസ്ത്രം മാറി ഓഫീസില്‍ പോയിരുന്നെങ്കില്‍... ഇന്നത്തെ ദിവസം എനിക്ക് ഇങ്ങനെയാകുമായിരുന്നോ...? ഇറങ്ങുമ്പോള്‍ സ്യൂട്ട്‌ കേസ് എടുക്കാന്‍ മറന്നു... കാറില്‍ കയറുമ്പോള്‍ ചിരിച്ചു കൊണ്ട് യാത്രയാക്കുന്ന നിമ്മിയെ കണ്ടില്ല... മുത്തം തരുന്ന എന്റെ പോന്നു മോളെ കണ്ടില്ല... ഓഫീസില്‍ ആകെ പ്രോബ്ലം, എല്ലാവരുമായി വഴക്ക്, ആകെ മൂഡ്‌ ഔട്ട്‌... തന്റെ ഒരു നിമിഷത്തെ ക്ഷമയില്ലായ്മയില്‍ നിന്നും, അറിവുകേടില്‍ നിന്നും മാത്രം ഉണ്ടായതാണ് ഈ ശപിക്കപ്പെട്ട ദിവസം....
ഈ ദിവസം ഒന്ന് പുറകോട്ടു പോയിരുന്നെങ്കില്‍ എന്ന് അപ്പോള്‍ അയാള്‍ ഓര്‍ത്തു...
ഒരിക്കലും തിരിച്ചുകിട്ടാത്ത നിമിഷങ്ങളെ ഓര്‍ത്തു പശ്ചാത്തപിക്കാന്‍ ഇടവരുത്താതെ... കടന്നു പോകുന്ന ആ നിമിഷങ്ങളെ മനപ്പുര്‍വ്വം നമ്മള്‍ എന്തിനു നശിപ്പിക്കുന്നു...?

Friday, August 28, 2009

എന്റെ ഗ്രാമം മറയാത്ത ഒരോര്‍മ്മ






നിളയുടെ തീരത്തെ സുന്ദരമായ ഒരു ഗ്രാമമാണ് എന്റേത്..കരയെ തഴുകിയൊഴുകുന്ന നിളയോട് കിന്നാരം പറയാന്‍ കൊതിക്കുന്ന സുന്ദരസന്ധ്യകള്‍.. നിളാതീരത്ത് കല്‍ഭിത്തിയില്‍ ഇരുന്നു നോക്കുമ്പോള്‍ കാണാം, കുറച്ചകലെ... അറബിക്കടലിലേക്ക് ഊളിയിടാന്‍ ഒരുങ്ങുന്ന സിന്ധൂരസൂര്യനെ...പിന്നെ, ഓളങ്ങള്‍ക്ക് മുകളില്‍ ആടിയുലയുന്ന കൊച്ചു തോണിയില്‍ നിന്നും വീശി എറിയുന്ന വലയില്‍ ജീവിതം തിരയുന്ന മീന്‍ പിടുത്തക്കാര്‍...എന്റെ ഗ്രാമത്തിനു നിള ഒരു അനുഗ്രഹമാണ്...ഉദിച്ചുയരുന്ന സൂര്യന് നേരെ, പുഴക്കരയില്‍ നിന്നും കുതിച്ചു ചാടുന്ന നാണമില്ലാത്ത പിള്ളേര്‍.. തല കുത്തി വെള്ളത്തില്‍ വീണുയരുമ്പോള്‍ മൂക്കിലും വായിലും നിറയെ വെള്ളമായിരിക്കും.. എത്ര തവണ ഇതുപോലെ വെള്ളം കുടിച്ചിട്ടുണ്ട് ഞാന്‍.. പുഴയെ എനിക്ക് പേടിയായിരുന്നു, വല്ല വലിയ മീനുകളും വന്നു കടിച്ചാലോ.. വെള്ളത്തിലൂടെ നടക്കുമ്പോള്‍ പേടിച്ചു പേടിച്ചു.. കൂടെയുള്ള ആളെ ഇറുകെ പിടിക്കും.. എന്നാലും വെള്ളം എനിക്ക് ഇഷ്ട്ടമാണ്... മഴക്കാലത്ത്... ചെറിയ ശീലക്കുടയും പിടിച്ചു, പുസ്തകസഞ്ചി മാറോടു ചേര്‍ത്തുപിടിച്ചു... വെള്ളം മൂടിക്കിടക്കുന്ന പാടവരമ്പത്ത് കൂടി നടന്നു പോകുമ്പൊള്‍ എത്ര തവണ തെന്നി വീണിട്ടുണ്ട്.. കൂട്ടുകാരെല്ലാവരും കളിയാക്കും.. ചിലപ്പോള്‍ കുടയില്‍ രണ്ടും മൂന്നും പേര്‍ ഉണ്ടായിരിക്കും... സ്ക്കൂളില്‍ എത്തുമ്പോഴേക്കും എല്ലാം നനഞ്ഞിട്ടുണ്ടാകും.. മഴ പെയ്യുമ്പോള്‍ എന്റെ ഗ്രാമം വളരെ സുന്ദരിയാണ്..
മാമ്പഴക്കാലമാകുമ്പോള്‍ നല്ല രസമാണ്... രാവിലെ ഉണര്‍ന്ന ഉടനെ ഓടും മാവിന്റെ ചുവട്ടിലേക്ക്‌... തലേന്നത്തെ കാറ്റിനു വീണു കിടക്കുന്ന മാമ്പഴത്തിനു വേണ്ടി പിന്നെ അവിടെ പിള്ളേരുടെ വഴക്കാണ്... മുട്ടിക്കുടിയന്‍ മാമ്പഴാമ... മരത്തില്‍ വെച്ചുരച്ചു അതിന്റെ കറ കളഞ്ഞു, മറാത്തി വെച്ച് തന്നെ മുട്ടിയുടച്ചു, ഒരു തല മാത്രം കടിച്ചു ഈമ്പി കുടിക്കുമ്പോള്‍ നല്ല മധുരം... പിന്നെ കൂട്ടുകാരോത്തു ഏറുപന്ത് കളിക്കുമ്പോള്‍ എന്തോരം ഏറു കിട്ടിയിട്ടുണ്ടെന്നോ... ഗോളി കളിച്ചതും വഴക്കിട്ടതും എല്ലാം ഓര്‍മ്മകളിലേക്ക് മറഞ്ഞു കൊണ്ടിരിക്കുന്നു... എന്റെ ഗ്രാമം എനിക്ക് തന്ന വിഷുക്കൈ നീട്ടങ്ങള്‍... വിഷുവിനു കണി കാണിക്കാന്‍ പോകുന്ന ഒരു പരിപാടിയുണ്ടായിരുന്നു... ഒരു മണിയാകുമ്പോള്‍ ഉണര്‍ന്നു കുളിച്ചു കണിക്കുള്ള സാധനങ്ങള്‍ എടുത്തു, നാലഞ്ച് പിള്ളേര്‍ തപ്പും തകിലും കൊട്ടി കണിപ്പാട്ടുമായി ഇറങ്ങും... കൃഷ്ണന്റെ ഫോട്ടോയും വെള്ളരിക്കയും കൊന്നപ്പൂവും കത്തിച്ചു വെച്ച തിരിയും ഒക്കെയുള്ള താളം ഉമ്മറ കോലായിയില്‍ വാതിലിനു നേരെ തിരിച്ചി വച്ച്, എല്ലാവരും ഒളിച്ചു നില്‍ക്കും.. എന്നിട്ട് കൊട്ടും പാട്ടുമായി വീട്ടുകാരെ ഉണര്‍ത്തും... അവര്‍ വന്നു താളത്തില്‍ പണം ഇട്ടു പ്രാര്‍ത്ഥിച്ചു മടങ്ങുന്നത് വരെ ഒളിച്ചു നില്‍ക്കും... രാവിലെ വീട്ടിലെ കാരണവന്മ്മാര്‍ കുട്ടികള്‍ക്ക് കൈനീട്ടവും കൊടുക്കും, കിട്ടിയ കാശുമായി രാവിലെ പടക്കകടയിലേക്ക് ഓടും... വിളക്കില്‍ നിന്നും കത്തിച്ചു തൂരെക്ക് എറിയുന്ന പടക്കങ്ങള്‍ പെട്ടുന്നതിനു മുന്‍പ് ചെവിയില്‍ വിരല്‍ തിരുകും... ഇന്ന് വിഷു ആശംസകളില്‍ മാത്രം ഒതുങ്ങുന്നു...
ഓണം അതിലും വലിയൊരു നഷ്ടമായിരുന്നു.. ഗ്രാമം വിടര്‍ന്നു നില്‍ക്കുന്ന കാലം.. തുമ്പയും കാക്കപ്പൂവും മുക്കുത്തിയും തെച്ചിയുമെല്ലാം ഓണത്തപ്പനെ വരവേല്‍ക്കുന്നു കാലം... അതൊരു ഉത്സവകാലമായിരുന്നു... സ്ക്കൂള്‍ പൂട്ടിയാല്‍ തുടങ്ങും ആ ഉല്‍സവങ്ങള്‍... മൈതാനത്തിനടുത്ത ഞാവല്‍ മരത്തില്‍ വലിഞ്ഞു കയറുക തുടങ്ങിയ സാഹസികതകള്‍ തുടങ്ങുന്നതും ആ സമയങ്ങളില്‍ ആണെന്നാണെന്റെ ഓര്‍മ്മ... 'സര്‍ക്കീട്ട്' തുടങ്ങുന്ന സമയം... നാടുമുഴുവന്‍ നടന്നു പുന്നക്കുരു, കശുവണ്ടി എന്നിവ പെറുക്കിയെടുത്ത്‌ വില്‍ക്കുന്ന ചെറിയ ചെറിയ സമ്പാദന ശീലം ചിലര്‍ക്കുണ്ടായിരുന്നു...അത്തം തുടങ്ങിയാല്‍ പൂക്കളം തീര്‍ക്കുവാന്‍ വഴക്കാണ്... തലേന്ന് നുള്ളിക്കൊണ്ട്വന്ന പൂക്കളുമായി എല്ലാവരും ചുറ്റുമിരുന്നു പൂക്കളം തീര്‍ക്കും... പിന്നെ പലതരം കളികള്‍... ഉണ്ഞാല്‍ ആടുക... എല്ലാം കൊണ്ടും ഗ്രാമത്തില്‍ അതൊരു ഉല്‍സവമാണ്... ഇന്ന് ഇങ്ങു ദൂരെ... എല്ലാം ഓര്‍മ്മകളുടെ തിരശീലയില്‍ മിന്നി മറയും... അച്ഛന്‍, അമ്മ, ചേട്ടന്‍, ചേച്ചിമാര്‍, അനിയത്തി എല്ലാ ബന്ധങ്ങളും മനസ്സില്‍ ആഴ്ന്നു ഇറങ്ങി നില്‍ക്കുന്നത് ആ ഗ്രാമത്തിന്റെ ഓര്‍മ്മകള്‍ അല്പമെങ്കിലും മനസ്സില്‍ ബാക്കി നില്‍ക്കുന്നത് കൊണ്ടായിരിക്കാം... ഇനിയും എനിക്ക് തിരിച്ചു കിട്ടുമോ എന്റെ ഗ്രാമത്തിന്റെ സ്നേഹം....

Thursday, August 20, 2009

എന്റെ പ്രണയം, എന്റെ മാത്രം പ്രണയം...

പ്രണയം, അത് എല്ലാവരുടെയും അക്ഷരങ്ങളില്‍ തിളങ്ങുന്നു....ഞാനും എന്റെ പ്രണയത്തെ കുറിച്ച് പറയട്ടെ...ആദ്യമായി ഞാന്‍ പ്രണയിക്കാന്‍ തുടങ്ങിയത്, 7th ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ്. അവള്‍ ഒരു വെളുത്തു മെലിഞ്ഞ ചുരുണ്ട മുടികളുള്ള അടക്കവും ഒതുക്കവും ഉള്ള ഒരു കുട്ടിയായിരുന്നു. 6th ല്‍ പഠിക്കുന്ന അവളോട്‌ എനിക്ക് തോന്നിയത് പ്രണയമായിരുന്നു എന്ന് ഞാന്‍ പറയില്ല. കാരണം പ്രണയത്തിന്റെ ആഴവും പരപ്പും ഒന്നും എനിക്കന്നു അറിയില്ലായിരുന്നു. എന്നെ പറ്റി പറയാന്‍ അധികമൊന്നുമില്ല. ഞാന്‍ ഒരു big '0' ആയിരുന്നു. എന്നുവെച്ച്‌ ചില 'തെറിച്ച' '0'കളെ പോലെ കയ്യും കാലും വച്ച് 'തെമ്മാടിത്തരങ്ങള്‍' കാട്ടാത്ത പാവം ആയിരുന്നു ഞാന്‍ (ഇപ്പോള്‍ അല്പം മാറ്റം ഉണ്ടെന്നു തോന്നുന്നു). പക്ഷെ അവള്‍ നല്ല മിടുക്കിയായിരുന്നു. നന്നായി പഠിക്കുന്ന, കണ്ടാലെ നല്ല കുടുംബത്തില്‍ പിറന്നത് ആണെന്ന് ആരും പറയുന്ന ഒരു കുട്ടി (നല്ല കുടുംബം എന്ന് പറയണമെങ്കില്‍ കുറച്ചു 'ചിക്കിളി' വേണം).അവള്‍ കൂട്ടുകാരികളുടെ കൂടെ പോകുന്നതും, കളിക്കുന്നതും എല്ലാം ഞാന്‍ ഒളിഞ്ഞു നിന്ന് കാണുമായിരുന്നു. പലപ്പോഴും ആ പ്രായത്തില്‍ പോലും, അവള്‍ ഒരു മാലാഖയെ പോലെ പറന്നു വരുന്നത് ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്. (ആ പ്രായത്തില്‍ ഉള്ള കുട്ടികള്‍ അങ്ങനെ ഉള്ള സ്വപ്‌നങ്ങള്‍ കാണാറുണ്ടോ എന്ന് എനിക്കറിയില്ല.). ഒരു പ്രത്യേകത ഇല്ലെങ്കിലും എന്നെ ആകര്‍ഷിക്കാന്‍ പോന്ന എന്തൊക്കെയോ അവളില്‍ ഉണ്ടായിരുന്നു. അവളുടെ അടുത്ത് പോകാനോ, എന്റെ മനസ്സില്‍ ഉള്ളത് പറയാനോ എനിക്ക് ദൈര്യമുണ്ടായിരുന്നില്ല. അങ്ങനെ ആ 'one way track' യാത്ര, High school ജീവിതത്തിലും വലിയ മാറ്റങ്ങള്‍ ഇല്ലാതെ തുടര്‍ന്നു. പിന്നെ sslc കഴിഞ്ഞു, സാമ്പത്തിക സാഹചര്യങ്ങള്‍ അനുവദിക്കാത്തത് കാരണം തുടര്‍ വിദ്യഭ്യാസം നിറുത്തി, എനിക്ക് ജോലിക്ക് പോകേണ്ടി വന്നു. പിന്നെ വീണ്ടും അഞ്ചു വര്‍ഷത്തോളം ആ പ്രണയം മനസ്സില്‍ കിടന്നു. ഞാന്‍ എല്ലാ വിഷയവും കൂട്ടുകാരോട് തുറന്നു പറയുന്ന പ്രകൃതമായിരുന്നു. ഇതും, ആ എട്ടു വര്‍ഷത്തിനിടയില്‍ എനിക്കുണ്ടായിട്ടുള്ള എന്റെ എല്ലാ കൂട്ടുകാരോടും പറഞ്ഞിട്ടുണ്ട് എന്നാണ് എന്റെ ഓര്‍മ്മ. പക്ഷെ ഇത്രയും കാലം ആയിട്ടും അവളോട്‌ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നില്ല എന്ന് മാത്രം. അവള്‍ക്ക്‌ മനസ്സിലായിട്ടുണ്ട് എന്ന് എനിക്ക് തോന്നിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.(അത് വെറും തോന്നലായിരിക്കാം).പിന്നീട് മനസ്സിന് പക്വത വന്നപ്പോള്‍, പ്രണയത്തിനു മനസ്സില്‍ പുതിയ സങ്കല്പങ്ങളും രൂപങ്ങളും കണ്ടുതുടങ്ങിയപ്പോള്‍, അവള്‍ എന്നെക്കാളും സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തില്‍ ഉള്ളതാണെന്നും, എപ്പോഴോ പരിചയപ്പെട്ട ഒരാളുടെ മകളാണെന്നും അറിഞ്ഞപ്പോള്‍, എന്റെ കാമുകി അവളില്‍ നിന്നും വിട്ടുപിരിയാന്‍ തുടങ്ങി...

പിന്നീടെപ്പൊഴോ എന്റെ പ്രണയം ആത്മാവ് മാത്രമായി...
എന്റെ പ്രണയ സങ്കല്പങ്ങള്‍ക്കും പുതിയ ചിറകു മുളച്ച കാലം, അന്നോരിക്കലാണ് എന്റെ സങ്കല്‍പങ്ങളിലെ പ്രണയത്തിനു രൂപവും ഭാവവും നല്‍കി, അവള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്...

അവളെ പറ്റി പറയാന്‍ ഒരുപാടുണ്ട്. ജീവിതത്തില്‍ ഞാന്‍ ആഗ്രഹിച്ചത്‌ എന്തായിരുന്നോ അതായിരുന്നു അവള്‍. പലപ്പോഴും ഞാനവളെ വഴക്ക് പറഞ്ഞിട്ടുണ്ട് കളിയാക്കിയിട്ടുണ്ട്, അപ്പോഴൊന്നും എന്റെ സ്നേഹം ഞാന്‍ അവളോട്‌ തുറന്നു പറഞ്ഞിരുന്നില്ല. അവള്‍ക്ക്‌ അറിയാമായിരുന്നു എങ്കിലും, അറിയാത്ത ഭാവം നടിച്ചു. അപ്പോഴെല്ലാം അവളോടുള്ള എന്റെ സ്നേഹം കൂടുകയായിരുന്നു. ചെറിയ സുന്ദരമായ മുഖത്ത് കണ്ണാടയ്ക്ക് പുറകില്‍ തിളങ്ങുന്ന അവളുടെ വിടര്‍ന്ന കണ്ണുകള്‍, തടിച്ച പുരികം, അതിനിടയില്‍ മായാതെ കിടക്കുന്ന കുമ്പളക്കുരു പോലെയുള്ള ചന്ദനക്കുറി, വീതികുറഞ്ഞ മേല്‍ചുണ്ടിനു മുകളില്‍ ഭംഗിയുള്ള മൂക്കിനു താഴെയായി കുട്ടിക്കാലത്ത് എപ്പോഴോ ഉണ്ടായ ഒരു ചെറിയ മുറിപ്പാട്, പിന്നെ ഒതുങ്ങിയ ശരീരം. ഇത്രയുമായിരുന്നില്ല അവളെ എന്നിലേക്ക്‌ അടുപ്പിച്ചത്. ഇതിലെല്ലാം ഏറെ സുന്ദരമായ അവളുടെ മനസ്സാണ് എന്നെ അവളിലെയ്ക്കടുക്കാന്‍ പ്രേരിപ്പിച്ചത്. ഉണ്ണിമോള്‍ എന്ന് ഞാനവള്‍ക്ക്‌ പേരിട്ടു.ഒരിക്കല്‍ ഞാനെന്റെ സ്നേഹം അവളോട്‌ തുറന്നു പറഞ്ഞപ്പോള്‍, തനിക്ക്‌ സ്നേഹമുന്ടെന്നും അത് ഒരു ജ്യെഷ്ട്ടനോടെന്ന പോലെയാണെന്നും പറഞ്ഞു ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. അതവളെ വേദനിപ്പിച്ചു എങ്കിലും എന്നെ പിന്തിരിപ്പിക്കാന്‍ ആണ് അവള്‍ ശ്രമിച്ചത്. ഉദാഹരണത്തിന്, പ്രണയിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ച ആരെയോ കുറിച്ച് അവള്‍ പറഞ്ഞു. ഒരു പാട് സ്നേഹിച്ചു ഒടുവില്‍ വിവാഹം കഴിക്കാന്‍ കഴിയാതെ പോയാല്‍...? അവളുടെ സംശയമാതായിരുന്നു. അമ്മയുടെയും അച്ഛന്റെയും സമ്മതമില്ലാതെ, അവരെ വേദനിപ്പിച്ചു കൊണ്ട് ഒരിക്കലും കൂടെ വരില്ല എന്ന അവളുടെ വാക്കിനെ, സന്തോഷപൂര്‍വ്വം തന്നെയായിരുന്നു ഞാനും സ്വീകരിച്ചത്.പ്രണയം എന്നത് എന്താണ് എന്ന് ഞാന്‍ അവളില്‍ നിന്നും പഠിച്ചു. അവള്‍ എന്നെ സ്നേഹം കൊണ്ട് വീര്‍പ്പ്‌ മുട്ടിച്ചു. കുറഞ്ഞ ശബ്ദത്തില്‍, കുറച്ചു മാത്രം സംസാരിച്ചിരുന്ന അവള്‍ എപ്പോഴോ വാചാലയായി. പരസ്പരം മനസ്സ് തുറന്ന നിമിഷങ്ങള്‍. ഒരിക്കലും വിട്ടു പോകാതിരിക്കാന്‍ "എന്തെങ്കിലും" ഒക്കെ ചെയ്യണം എന്ന എന്റെ സുഹൃത്തുക്കളുടെ ഉപദേശത്തെ എനിക്ക് വെറുപ്പായിരുന്നു. മനസ്സറിയാതെ പോലും ഒരു തെറ്റും അവളോട്‌ ചെയ്യാന്‍ ഇടവരരുതേ എന്ന് എന്റെ മനസ്സ് പ്രാര്ഥിച്ചിരുന്നു. അവളുടെ കൈ എന്റെ കൈക്കുമ്പിളില്‍ ഞാന്‍ ചേര്‍ത്ത് പിടിക്കുമ്പോള്‍ അവളുടെ ഹൃദയതാളം എനിക്ക് കേള്‍ക്കാമായിരുന്നു.. ചിലപ്പോള്‍ എന്റെ കൈകള്‍ അവള്‍ അമര്‍ത്തിപ്പിടിക്കും. ഹൃദയത്തിലേക്ക് വലിച്ചടുപ്പിക്കും പോലെ. അവളുടെ പുറംകയ്യില്‍ മുത്തമിടുംപോഴും, കൈ വിരലുകളില്‍ മൃദുവായ് കടിക്കുംപോഴും അവളുടെ കണ്ണുകള്‍ തിളങ്ങിയിരുന്നതു കണ്ണുനീരാല്‍ ആയിരുന്നോ...

മഴ എനിക്ക് വളരെ ഇഷ്ടമായിരുന്നു, പലപ്പോഴും മഴ നനഞ്ഞു ഞാന്‍, അവളെ കാണാന്‍ പോകാറുണ്ടായിരുന്നു.അപ്പോഴൊക്കെ അവള്‍ എന്റെ അരികില്‍ കൈകെട്ടി നിന്ന് മഴയിലേക്ക്‌ നോക്കി നില്‍ക്കുന്നത് ഞാന്‍ ശ്രദ്ദിച്ചിട്ടുണ്ട്. അപ്പോഴും അവളുടെ കണ്ണുകള്‍ തിളങ്ങുന്നത് കാണാമായിരുന്നു.

അങ്ങനെയിരിക്കെയാണ് എനിക്ക് ഗള്‍ഫില്‍ ജോലി ലഭിക്കുന്നത്‌. 'പോകാന്‍ തീരുമാനിച്ചോ' എന്ന് അവള്‍ ചോദിച്ചപ്പോള്‍ ആ സ്വരത്തിലെ ഇടര്‍ച്ച കേട്ട് എന്റെ മനസ്സ്‌ പിടഞ്ഞത് അവള്‍ അറിഞ്ഞിരിക്കണം... അത് കൊണ്ടായിരികണം അവള്‍ വേദനയോടെ എന്നെ നോക്കിയത്. അവള്‍ക്കു വേണ്ടി, എന്റെ കുടുംബത്തിനു വേണ്ടി, പിന്നെ എനിക്ക് വേണ്ടി ഗള്‍ഫില്‍ പോകണം എന്ന് തന്നെയായിരുന്നു തീരുമാനം. യാത്ര പറയുമ്പോള്‍ എന്റെ കയ്യില്‍ അമര്‍ത്തി പിടിച്ചുകൊണ്ടു അകെലെയെവിടെയോ നോക്കിയിരിക്കുകയായിരുന്നു അവള്‍. ആ കണ്ണുകള്‍ അപ്പോള്‍ തിളങ്ങിയത് കണ്ണുനീരാല്‍ ആയിരുന്നു.

മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ മെനഞ്ഞു കൊണ്ടുള്ള യാത്ര...

പിന്നെ ഫോണ്‍ ആയിരുന്നു ഏക ആശ്രയം. ഫോണ്‍ വിളിച്ചും, sms അയച്ചും, സ്നേഹം പങ്കുവെച്ചു. ജീവിതത്തെ കുറിച്ചു സ്വപങ്ങളും മോഹങ്ങളും നെയ്തു കൂട്ടി. അവളുടെ സംസാരവും ചിരിയും എന്റെ മനസ്സിന് ശക്തി പകരുന്നത് ഞാനറിയുന്നുണ്ടായിരുന്നു. 'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍... ഒരു മാത്ര വെറുതെ കൊതിച്ചു പോയി' എന്ന് അവള്‍ sms അയച്ചപ്പോള്‍ എന്റെ ഹൃദയം തുടിച്ചത്‌ അവള്‍ കേട്ടോ.....

ചിലപ്പോഴൊക്കെ അവള്‍ ചോദിക്കുമായിരുന്നു 'നമ്മള്‍ക്ക്‌ ഒന്ന് ചേരാന്‍ കഴിഞ്ഞില്ല എങ്കില്‍ ഏട്ടന്‍ എന്ത് ചെയ്യും' എന്ന്. എനിക്ക് അതെ പറ്റി ചിന്തിയ്ക്കാന്‍ കഴിയുമായിരുന്നില്ല. ഞാനവളെ വഴക്ക് പറയുമ്പോള്‍ അവള്‍ ചിരിക്കുകയാണ് പതിവ്. പിന്നെ പറയും 'അങ്ങനെ ഉണ്ടായാല്‍ ഏട്ടന്‍ വിഷമിക്കരുത്, എന്നെക്കാളും നല്ല ഒരു കുട്ടിയെ വിവാഹം കഴിച്ചു സുഖമായി ജീവിക്കണം' എന്ന്. എങ്ങനെ അവള്‍ക്ക്‌ ഇങ്ങനെ ചിന്തിയ്ക്കാന്‍ കഴിയുന്നു എന്നായിരുന്നു എന്റെ ചിന്ത... അതായിരുന്നു അവള്‍. തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന, തന്നെ താനാക്കിയ അച്ഛനെയും അമ്മയെയും വേദനിപ്പിക്കാന്‍ അവള്‍ക്കു കഴിയില്ലായിരുന്നു, അവളെ വേദനിപ്പിക്കാന്‍ എനിക്കും... പലപ്പോഴും അതിനെ കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വന്നിട്ടുണ്ട്.

പ്രണയം അനന്തമാണ്‌, മരിച്ചാലും മരിക്കത്തതായി പ്രണയം മാത്രമേയുള്ളൂ. കാമുകി, ഭാര്യാകുമ്പോഴും, നമ്മുടെ കുട്ടികളുടെ അമ്മയാകുമ്പോഴും, പിന്നെ മുത്തശ്ശി എന്ന് വിളിക്കപ്പെടുമ്പോഴും അവള്‍ എന്നും നമ്മുടെ കാമുകി തന്നെയായിരിക്കും. പിന്നെ മരണത്തില്‍ പോലും പിരിയാതെ, ആത്മാക്കള്‍ പരസ്പരം ഒന്നായി തീരുമ്പോള്‍ ആണ് ആ യാത്ര സഫലമാകുന്നത്. പ്രണയം പ്രണയമാകുന്നത്.‍ പ്രണയത്തെ പറ്റി എന്റെ കാഴ്ചപ്പാട് അതാണ്‌. ഞാന്‍ കണ്ട സ്വപ്നങ്ങളില്‍ എല്ലാം എന്റെ ഈ കാഴ്ചപ്പാടും കൂട്ടിനുണ്ടായിരുന്നു. എങ്കിലും കുടുംബജീവിതത്തെ കുറിച്ച് എനിക്ക് ചില മുന്‍വിധികള്‍ ഉണ്ടായിരുന്നു.

നാല് വര്‍ഷം കഴിഞ്ഞുള്ള ഞങ്ങളുടെ കുടുംബജീവിതം, അതിലെ ഇണക്കങ്ങളും പിണക്കങ്ങളും, ദുഖങ്ങളും സന്തോഷങ്ങളും എല്ലാം ഞങ്ങള്‍ സ്വപ്നം കണ്ടു. നാല് വര്‍ഷം അതായിരുന്നു ഞങ്ങള്‍ തീരുമാനിച്ച കാലാവധി. അവള്‍ക്ക്‌ പഠിക്കാനും, എനിക്ക് എന്റെ സാമ്പത്തിക ചുറ്റുപാട് മോശമല്ലാത്ത രീതിയില്‍ മെച്ചപ്പെടുത്താനും ഉള്ള കാലാവധി. എന്നാല്‍ അതിനെയെല്ലാം തകിടം മറിച്ച് കൊണ്ടായിരുന്നു അവളുടെ വീട്ടുകാര്,‍ അവള്‍ക്ക്‌ വിവാഹം ആലോചിക്കാന്‍ തുടങ്ങിയത്. അവളതെന്നെ അറിയിച്ചപ്പോള്‍ എന്റെ മനസ്സില്‍ ആശങ്കയുടെ വിത്ത് മുളച്ചു. ഞാനെന്റെ വീട്ടില്‍ വിവരമറിയിച്ചു. അവളുടെ അമ്മാവന്‍ എന്റെ പരിചയക്കാരന്‍ ആയിരുന്നു, എന്റെ സുഹൃത്ത് വിവരം അദ്ദേഹത്തോട് പറഞ്ഞപ്പോള്‍, എന്നെ അറിയാവുന്നത് കൊണ്ട് അദ്ദേഹത്തിന് ഇതില്‍ താല്പര്യമുണ്ടായി. എനിക്ക് വേണ്ടി അവളുടെ വീട്ടില്‍ പോയി സംസാരിച്ചു. അത് പ്രകാരം എന്റെ വീട്ടില്‍ നിന്നും മൂന്നുനാല് പേര്‍ അവളുടെ വീട്ടില്‍ ചെന്നു, ജാതകം നോക്കണ്ട എന്ന എന്റെ തീരുമാനം മനസ്സില്ലാതെയാണെങ്കിലും അവരും അംഗീകരിച്ചു (എനിക്ക് ജാതകം ഇല്ല) . അല്ലെങ്കില്‍ തന്നെ ജാതകമാണോ മനുഷ്യന്റെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നത്‌...? വിധിയെ ഞാന്‍ വിശ്വസിക്കുന്നു, എന്നാല്‍ ജാതകവും ഗ്രഹനിലയും നോക്കി ജീവിതം മുന്‍കൂട്ടിക്കാണുന്ന മനുഷ്യന്റെ ഈ കണ്ടുപിടുത്തങ്ങളെ ഞാന്‍ വെറുക്കുന്നു. മനസ്സുകള്‍ തമ്മില്‍ മനസ്സിലാക്കുന്നിടത്താണ് ജീവിതം വിജയിക്കുന്നതും തോല്‍ക്കുന്നതും. അങ്ങനെയല്ലേ...?

പ്രതീക്ഷകളുടെ നാമ്പ്‌ കണ്ടുതുടങ്ങിയെന്ന് തോന്നിയിരുന്ന ദിവസങ്ങള്‍. ഒരു ദിവസം എന്റെ വീട് കാണാന്‍ വന്ന അവര്‍, ജാതകം നോക്കണം എന്ന് പറഞ്ഞു. പിന്നെ വിളിച്ചറിയിച്ചു അത് ചേരില്ല എന്ന്.നടനത്തിനു താളം നിലച്ചത് പോലെ, സംഗീതത്തിനു ശ്രുതി പിഴച്ചത് പോലെ.....

എവിടെയായിരുന്നു എനിക്ക് തെറ്റിയത്...? ആത്മാര്‍ഥമായ സ്നേഹം ആരും കണ്ടില്ലേ...?നെടു വീര്‍പ്പുകളില്‍ നിന്നും മനസ്സ് ഗസലിലേക്ക്‌ വഴിതിരിഞ്ഞ ദിവസങ്ങള്‍...

എങ്കിലും എന്റെ മനസ്സിലെ പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നില്ല...

ആ സ്വരമൊന്നു കേള്‍ക്കുവാന്‍ കൊതിച്ച ദിവസങ്ങള്‍ ആയിരുന്നു പിന്നെ. അവള്‍ എന്നില്‍ നിന്നും ഒഴിഞ്ഞു മാറുകയാണെന്ന് എനിക്ക് മനസ്സിലായി. അവള്‍ക്ക്‌ എന്നെ മറക്കാന്‍ കഴിയില്ല എന്ന് എനിക്കറിയാമായിരുന്നു. എനിക്കവള്‍ നല്‍കിയത് ആത്മാര്‍ഥമായ സ്നേഹമായിരുന്നില്ല എന്ന് ഞാന്‍ ഒരിക്കലും പറയില്ല. കാരണം ഞാന്‍ അവളുടെ ഭാഗത്ത് നിന്നും ചിന്തിച്ചിട്ടുണ്ട്. പാവം എത്രത്തോളം വേദനിക്കുന്നുണ്ടാകും... എത്രത്തോളം കരഞ്ഞിട്ടുണ്ടാകും. അവളെ കുറിച്ച് ഓര്‍ക്കുമ്പോഴാണ് എനിക്ക് സങ്കടം. ഞാന്‍ കൊടുത്ത വാക്ക് എനിക്ക് സാധിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ നല്‍കിയ സ്വപ്‌നങ്ങള്‍ അവള്‍ക്ക്‌ സാക്ഷാല്‍കരിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല. എന്നെ കൂടാതെ അവള്‍ക്കു...............................................................

കൂടുതല്‍ പറയാന്‍ എനിക്ക് കഴിയില്ല... എന്റെ മനസ്സ് അസ്വസ്ഥമാണ്...

ബാക്കിയുണ്ടായിരുന്ന അല്പം പ്രതീക്ഷ മനസ്സില്‍ പേറികൊണ്ടായിരുന്നു അവധിക്കു നാട്ടിലേക്ക് തിരിച്ചത്. നേരിട്ട് ഒന്ന് കാണാന്‍, ഒന്ന് സംസാരിക്കാന്‍. പക്ഷെ, അതെല്ലാം നശിച്ച ദിവസങ്ങള്‍ ആയിരുന്നു. അവളുടെ പഴയ ഫോണ്‍ നമ്പര്‍ ഉപേക്ഷിച്ചിരുന്നു. എന്റെ സുഹൃത്ത് മുഖേന അവളുടെ വീട്ടിലെ നമ്പറിലേക്ക് വിളിച്ചു. അവള്‍ പക്ഷെ സംസാരിക്കാന്‍ താല്പര്യമില്ലത്തതായി തോന്നി. ഒരുപക്ഷെ അമ്മ അടുത്ത് ഉണ്ടായിരുന്നത് കാരണമായിരിക്കാം അല്ലെങ്കില്‍ എന്നില്‍ അവളോടുള്ള സ്നേഹത്തിന്റെ അളവ് കുറയ്ക്കുവാന്‍...! ചില വിശേഷങ്ങള്‍ തിരക്കിയതല്ലാതെ, ഒന്നും ചോദിക്കണോ പറയാനോ എനിക്ക് കഴിഞ്ഞില്ല. എന്റെ മനസ്സ് ആകെ ദുര്‍ബലമായിരുന്നു.

അപ്രതീക്ഷിതമായിട്ടായിരുന്നു ഒരിക്കല്‍ ബസ്‌ സ്റ്റാന്റില്‍ വച്ച് അവളെ കണ്ടത്. തല കുനിച്ചു നടന്നു വരുന്ന അവളെ കണ്ടപ്പോള്‍, എന്റെ ഹൃദയതാളം വേഗത്തിലായി. വിളിക്കണോ വേണ്ടയോ എന്ന് ശങ്കിച്ചു നിന്ന ഞാന്‍, അവള്‍ അടുത്തെത്തിയപ്പോള്‍ പെട്ടന്ന് വിളിച്ചു. ഞെട്ടി തിരിഞ്ഞ അവളുടെ മുഖം കണ്ടപ്പോള്‍ എന്റെ ഉള്ളൊന്നു പിടച്ചു. തെളിച്ചമില്ലാത്ത അവളുടെ മുഖം ഒന്ന് കൂടി വിളറി. അപ്പോഴും അധികമൊന്നും ചോദിക്കാന്‍ കഴിഞ്ഞില്ല. രണ്ടു പേരും രണ്ടു വഴിക്ക്, തിരിഞ്ഞുനോക്കാതെ നടക്കുമ്പോള്‍ അവളില്‍ നിന്നും എന്റെ കാമുകി അകന്നു പോയതായി എനിക്ക് തോന്നി. എന്നെ ഒരു നോക്ക് കാണാന്‍ കൊതിച്ച, അവളുടെ കണ്ണുകള്‍ ആയിരുന്നില്ല ഞാന്‍ കണ്ടത്, എന്റെ സാമിപ്യം കൊതിച്ച അവളുടെ മനസ്സിനെയും കാണാന്‍ കഴിഞ്ഞില്ല...

എല്ലാം അവള്‍ മൂടിവച്ചുവോ...
ആരെയും വേദനിപ്പിക്കാതിരിക്കാന്‍ അവള്‍ സ്വയം ഉരുകുകയായിരിക്കും...

എല്ലാ വേദനകളും ഉള്ളിലൊതുക്കി....ആരോടും പറയാതെ, എരിതീയില്‍ ഉരുകുന്ന, അവളിലേക്ക്‌ ഒരു കാലവര്‍ഷമായി പെയ്തിറങ്ങാന്‍ കൊതിച്ചു പോകുകയാണ് ഞാന്‍....

പക്ഷെ... ഞാനും അശക്തനായിരിക്കുന്നു...

ഉടഞ്ഞ മനസ്സുമായി, ആ അവധിക്കാലത്തെയും എന്റെ ജന്മത്തെയും ശപിച്ചു കൊണ്ട് ഞാന്‍ വീണ്ടും പറന്നു... ചുട്ടുപൊള്ളുന്ന യാഥാര്‍ത്ഥ്യത്തിലേക്ക്....

ഇനിയെന്തെന്നോ, എങ്ങനെയായിരിക്കുമെന്നോ എനിക്കറിയില്ല.... കാരണം അത് ഭാവിയാണ്... ചവിട്ടിമെതിക്കപ്പെട്ട പ്രതീക്ഷയുടെ നാമ്പുകളില്‍, ഏതോ ഒന്ന് എവിടെയോ തലയുയര്‍ത്തിയിരുന്നെങ്കില്‍.....

അങ്ങനെ ഒരു പ്രതീക്ഷ നിങ്ങള്‍ക്കുണ്ടോ...?

(തല്ക്കാലം ഞാനിതിവിടെ അവസാനിപ്പിക്കുന്നു)

Tuesday, August 18, 2009

Multiple Personality

സിനിമ കണ്ടു, സിനിമ കൊട്ടകയില്‍ നിന്നും ഇറങ്ങി വരുമ്പോള്‍, മനസ്സിനുള്ളില്‍ പുതിയ തീരുമാനങ്ങള്‍ പലതും എടുത്തു കഴിഞ്ഞിരുന്നു.... പാവപ്പെട്ടവരെ സഹായിക്കുകയും അനീതിക്കെതിരെ പൊരുതുകയും ചെയ്ത സിനിമയിലെ ആ ശക്തനായ നായകനെ പോലെ, മനസ്സിലേക്കും ശരീരത്തിലേക്കും മുഴുവന്‍ ശക്തിയും ആര്‍ജിച്ചു കൊണ്ടാണ് നടന്നത്. ചിന്ത പിന്നെ കാട് കയറുകയായിരുന്നു.ഫുട്പാത്തിലുടെ നടക്കുമ്പോള്‍ കുറച്ചു മുന്‍പിലായി ഒരു ആള്‍ കൂട്ടം. അടുത്തേക്ക് ചെന്ന് അതിനുള്ളിലേക്ക്‌ നോക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനുള്ളിലേക്ക്‌ തിക്കി കയറാന്‍ ശ്രമിക്കുന്ന ഒരു മധ്യവയസ്ക്കനോട് ഞാന്‍ കാര്യം തിരക്കി, പക്ഷെ അയാള്‍ അത് കേട്ടതായി തോന്നിയില്ല. അടുത്ത് നിന്നിരുന്ന മറ്റൊരു ചെറുപ്പക്കാരന്‍ ആണ് മറുപടി പറഞ്ഞത്. ഒരു സ്ത്രീയുടെ മേല്‍ മോട്ടോര്‍ സൈക്കിള്‍ തട്ടിയത്രേ, റോഡിനു കുറുകെ ചാടിയതാണ്. അപകടത്തില്‍ പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാനുള്ള ജനങ്ങളുടെ ആ മനോഭാവം കണ്ടപ്പോള്‍ ഓരോ കേരളീയനും ആ സിനിമയിലെ നായകന്റെ മുഖം. സ്ത്രീക്ക്‌ എന്ത് പറ്റി എന്ന് അറിയുവാന്‍ ഒന്ന് എത്തിനോക്കാന്‍ ശ്രമിച്ചെങ്കിലും, നടന്നില്ല. അവരെ, ഒരു ഓട്ടോറിക്ഷയില്‍ എടുത്തു കയറ്റി അഞ്ചെട്ടു പേര്‍ വലിഞ്ഞു കയറി. പിന്നെ കുറെ പേര്‍ കയറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.എല്ലാവരും പിരിഞ്ഞു പോകാന്‍ തുടങ്ങിയപ്പോള്‍, ഒരാളെ സഹായിക്കാനുള്ള ഒരു അവസരം നഷ്ട്ടപ്പെട്ടത്തിന്റെ വിഷമത്തോടെയാണ് അവിടെ നിന്നും നടക്കാന്‍ തുടങ്ങിയത്. കൂട്ടത്തില്‍ നിന്നും ഒരാള്‍ നടക്കാന്‍ വിഷമിച്ചു കൊണ്ട് നിങ്ങുന്നത് കണ്ടപ്പോള്‍, അയാളെ ശ്രദ്ധിച്ചു. അപ്പുറത്ത് വീണു കിടക്കുന്ന ബൈക്കിനു അടുത്ത് ചെന്ന് അത് അയാള്‍ വളരെ വിഷമിച്ചു കൊണ്ട് നിവര്‍ത്താന്‍ ശ്രമിക്കുന്നു. അയാളുടെ അടുത്ത് ചെന്ന്, ബൈക്ക്‌ ഉയര്‍ത്താന്‍ അയാളെ സഹായിച്ചാല്‍ അതൊരു വലിയ സഹായമായിരിക്കും. "ഇവനൊക്കെ ഒരു വണ്ടി കയ്യില്‍ കിട്ടിയാല്‍ പിന്നെ, കണ്ണും നോട്ടവുമില്ലാതെയുള്ള മരണപ്പാച്ചിലാ." ആരോ പിന്നില്‍ നിന്നും പറഞ്ഞപ്പോള്‍ ശരിയാണെന്ന് തോന്നി. അവന്റെ തെറ്റ് കൊണ്ടല്ലേ അവനിത് പറ്റിയത്. ഇനിയിപ്പോ അവനെ സഹായിക്കാന്‍ നിന്നാല്‍ നേരം വൈകും. അവനില്‍ നിന്നും മുഖം തിരിച്ചു മുന്നോട്ടു നടന്നു.മുന്നോട്ടു നടക്കുമ്പോള്‍, മനസ്സില്‍ നിന്നും ആരോ വിളിച്ചു പറയുന്നു, നീ ചെയ്തത് ശരിയായില്ല എന്ന്. മനസ്സില്‍ വല്ലാത്ത കുറ്റബോധം തെറ്റ് ആരുടെ ഭാഗത്തായാലെന്താ അപകടത്തില്‍ പെട്ടവരെ സഹായിക്കുകയല്ലേ വേണ്ടത്.മെല്ലെ തിരിഞ്ഞു നോക്കിയപ്പോള്‍, അയാള്‍ ബൈക്ക്‌ നിവര്‍ത്തി വെച്ചിരിക്കുന്നു. ഇല്ലായിരുന്നെങ്കില്‍ പോയി സഹായിക്കാമായിരുന്നു. മനസ്സിന് ഒരു ആശ്വാസം കിട്ടി.

ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴും ആരെയെങ്കിലും സഹായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നായിരുന്നു ചിന്ത.ചിന്തിച്ചു കൊണ്ടങ്ങനെ നില്‍ക്കുമ്പോള്‍ ആണ് 'സാര്‍.... പശിക്കിത് ഒന്നുമേ ശാപ്പിടലെ..' എന്ന ശബ്ദം നോക്കിയപ്പോള്‍ കീറിപ്പറിഞ്ഞ കുപ്പായവും ട്രൌസറും ധരിച്ച ഒരു ചെറിയ പയ്യന്‍ അവിടെ നില്‍ക്കുന്നവര്‍ക്ക് നേരെ കൈ നീട്ടുന്നു. ഇവന്റെ അച്ഛനും അമ്മയ്ക്കും എല്ലാം ഇതുതന്നെയായിരിക്കും തൊഴില്‍. ഇപ്പോള്‍ തന്നെ എത്ര പേരുടെ അടുത്ത് നിന്ന് അവനു കാശ് കിട്ടിയിട്ടുണ്ടാകും... എന്നിട്ടും അവന്‍ വിശക്കുന്നു എന്ന്. ഇവന്മാര്‍ക്ക്‌ ഒരു തലവന്‍ ഉണ്ടായിരിക്കും, ഇങ്ങനെ കിട്ടുന്ന പൈസ അവനു കൊണ്ട് പോയി കൊടുക്കും. ആരോ പിറുപിറുക്കുന്നു.അവന്‍ അടുത്തെത്തിയപ്പോള്‍ അവനെ ശ്രദ്ധിക്കാതെ ബസ്സ്‌ വരുന്നുണ്ടോ എന്ന് എത്തി നോക്കുന്നതായി നടിച്ചു.ബസ്സ് കുറെ ദൂരം ചെന്നപ്പോള്‍ മധ്യഭാഗത്തായി ഇരിക്കാന്‍ സീറ്റ്‌ കിട്ടി. തിരക്ക് അധികം ഇല്ലെങ്കിലും കണ്ടക്ടര്‍ ആളുകളെ പിടിച്ചു മുന്നോട്ടു തള്ളുകയാണ്. വൃദ്ധന്മാരും ചെറുപ്പക്കാരുമായി ചിലര്‍ മുന്നിലേക്ക് തിക്കി കയറാന്‍ ശ്രമിക്കുന്നുണ്ട്.. എന്നാല്‍ കയൂക്കുള്ള ചില വിരുതന്മാര്‍ അവര്‍ക്ക് വഴി കൊടുക്കാതെ കമ്പിയില്‍ ബലമായി പിടിച്ചിരിക്കുന്നു. പുറകിലായി നില്‍ക്കുന്ന ഒരു കോളെജ് കുമാരി പെട്ടെന്ന് ഞെട്ടി പുറകില്‍ നില്‍ക്കുന്ന ഒരുവനെ രൂക്ഷമായൊന്നു നോക്കിയിട്ട്, ഒന്ന് മുന്നോട്ടു കയറിനിന്നു. എന്നാല്‍ പുറകില്‍ നിന്ന നാല്പതു കടന്ന കുമാരന്‍ വിടാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. എഴുന്നേറ്റു ചെന്ന് അവനെ പിടിച്ചു ഒന്ന് പൂശിയാലോ എന്ന് തോന്നി. "അല്ല എന്തിനു വെറുതെ വേണ്ടാത്ത പണിക്കു നില്‍ക്കണം, അവളുമാരും ഇതിനു വേണ്ടിയല്ലാതെ പിന്നെ എന്തിനാ പുറകില്‍ വന്നു നില്‍ക്കുന്നത്...?" ബസ്സില്‍ നിന്നും ഇറങ്ങിപ്പോകുമ്പോള്‍ മുന്നില്‍ നിന്നും കണ്ടക്ടറുടെ ശബ്ദം 'പുറകോട്ടു നിന്നെ... ദാ അവിടെ... ഒന്ന് പുറകോട്ടിറങ്ങി നില്‍ക്കാന്‍' .

Monday, August 17, 2009

ഞാന്‍ കണ്ട സ്വപ്നം എന്റെതായിരുന്നില്ല.

ഇടവഴിയിലൂടെ സാവധാനം സൈക്കിളില്‍ പോകുമ്പോള്‍ മനസ്സില്‍ മുഴുവനും അവളുടെ മുഖമായിരുന്നു, പിന്നെ ഇന്നു പുലര്‍കാലത്ത്‌ കണ്ട സ്വപ്നവും. ഇന്നു മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം. അല്ലെങ്കിലും അവളെ പരിചയപ്പെട്ട അന്നുമുതല്‍ ജീവിതത്തിനു ഒരുപാടു മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സ്വപ്നത്തിന്റെ കാര്യം പറഞ്ഞാല്‍ അവള്‍ക്കും സന്തോഷമാകും. ഇന്നു നേരത്തെ തന്നെ ഇറങ്ങി. അമ്മ കാരണം തിരക്കിയപ്പോള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. അമ്മ അങ്ങനെയാ, എല്ലാറ്റിനും കാരണം അറിയണം. പ്രായപൂര്‍ത്തിയായ ചെക്കന്മാര്‍ക്ക്... എല്ലാ കാര്യവും അമ്മയോട് പറയാമോ...? ഹൊ!! ഇനി അര മണിക്കൂര്‍ കഴിഞ്ഞാലെ അവള്ക്ക് പോകാനുള്ള നേരമാകു. അതുവരെ ഇവിടെയൊക്കെ ഇങ്ങനെ കറങ്ങണം. അവളുടെ വീട്ടിനു മുന്നിലെത്തിയപ്പോള്‍ പതിവു പോലെ നീട്ടിയൊരു ബെല്ലടിച്ചു. കുളിക്കുകയായിരിക്കും, ഒന്നു റോഡ് വരെ പോയിട്ട് വരുമ്പോഴേക്കും സമയമാകും. സാവധാനം മുന്നോട്ടു നീങ്ങി.റോഡിനോട് അടുത്തെത്താന്‍ ആയപ്പോഴാണ് മുന്നില്‍ നടന്നു പോകുന്ന ആളെ ശ്രദ്ധിച്ചത്. പേരെടുത്തു വിളിച്ചപ്പോള്‍ ഞെട്ടിയിട്ടെന്ന പോലെയാണ് അവള്‍ തിരിഞ്ഞു നോക്കിയത്. സാധാരണ കാണാറുള്ള വികാരങ്ങള്‍ അല്ലായിരുന്നു അവളുടെ മുഖത്ത് കാണാന്‍ കഴിഞ്ഞത്. തല താഴ്ത്തി സാവധാനം മുന്നോട്ടു നടന്ന അവളോട്‌ നേരെത്തെ ഇറങ്ങിയതിന്റെ കാരണം തിരക്കിയപ്പോള്‍ 'ഒന്നുമില്ല' എന്ന ഒറ്റവാക്കില്‍ മറുപടി ഒതുക്കി. സന്തോഷം കാരണം അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. സൈക്കിളില്‍ നിന്നും ഇറങ്ങി സൈക്കിള്‍ തള്ളിക്കൊണ്ട് അവളുടെ കൂടെ മുന്നോട്ടു നടന്നു.'അതെ... ഞാന്‍ ഇന്നു വെളുപ്പാന്‍ കാലത്തു ഒരു സ്വപ്നം കണ്ടു' അവള്‍ ഒന്നും മിണ്ടിയില്ല.'കാലത്തു കാണുന്ന സ്വപ്‌നങ്ങള്‍ നടക്കും എന്ന മുതിര്‍ന്നവര്‍ പറയാറ്‌' അവള്‍ നടക്കുന്നതിനിടയില്‍ അവനെ ഒന്നു നോക്കി. അവളുടെ മുഖത്ത് നോക്കാതെ താഴെ റോഡില്‍ നോക്കി നടന്നു കൊണ്ടു തുടര്‍ന്നു'എന്താണെന്നു അറിയേണ്ടേ' മുഖമുയര്‍ത്തി അവളെ ഒന്നു നോക്കി, ' ഒരു വിവാഹം'പെട്ടന്ന് അവള്‍ നിന്നു, അവളുടെ മുഖത്ത് നോക്കി തുടര്‍ന്നു 'അതില്‍ നീ വധു... വരന്‍...'പറയാന്‍ തുടങ്ങും മുന്പേ അവള്‍ പുസ്തകത്തിനിടയില്‍ നിന്നും ഒരു കവര്‍ എടുത്തു അവന് നേരെ നീട്ടി.'വിവാഹത്തിന് വരണം' എന്ന ഒരു വാക്കില്‍ ലോകം ചവിട്ടി മെതിച്ചു കൊണ്ടു അവള്‍ നടന്നു പോയി...

സ്വപ്നം


ഇന്നും കടല്‍ ശാന്തമല്ല. കൂറ്റന്‍ കരിങ്കല്‍ ഭിത്തിയില്‍ ആഞ്ഞടിച്ചു ചിതറുന്ന തിരമാലകളെ കണ്ടപ്പോള്‍ സുനാമിയാണ് ഓര്‍മ്മയില്‍ വന്നത്. എത്രയോ ജീവനും ജീവിതങ്ങളും നിഷ്ക്കരുണം കവര്‍ന്നെടുത്ത പ്രകൃതിയുടെ വികൃതി. എല്ലായിടത്തും ജയിച്ച മനുഷ്യന് പക്ഷെ പ്രകൃതിയുടെ മുന്‍പില്‍ തോല്‍ക്കേണ്ടി വന്നു, പലവട്ടം. പ്രതികാര ദാഹിയായി മാറുന്ന പ്രകൃതിയുടെ മുന്‍പില്‍ മനുഷ്യന്‍ വെറുമൊരു പുഴുവായി തീരുന്ന അവസ്ഥ.മുത്തും പവിഴങ്ങളും ഉള്ളിലൊതുക്കി സുന്ദരമായ കടലില്‍ ആര്‍ത്തട്ടഹസിക്കുന്ന തിരമാലക്ക്, പവിഴക്കൊട്ടാരത്തിന് കാവല്‍ നില്‍ക്കുന്ന രാക്ഷസന്റെ ഭാവം,അത് ഒരലങ്കാരമായി തോന്നി, തിരമാലകള്‍ ഇല്ലാത്ത കടല്‍- എന്തോ ഒരു പൂര്‍ണ്ണത ഇല്ലാത്തത് പോലെ.ഇന്നലെയാണ്‌ ആദ്യമായി കടല്‍ കാണുന്നത്. പറയുമ്പോള്‍ വീട്ടില്‍ നിന്നും അധിക ദൂരമില്ല. ഇതുവരെ ഈ വഴിക്ക് വന്നിട്ടില്ല എന്ന് മാത്രം. വരുന്നവഴിക്ക് ആരോ പറയുന്നത് കേട്ടു കാലാവസ്ഥ ശരിയല്ല എന്ന്. ശരിയായിരുന്നു, ശരിക്കും പേടിച്ചുപോയി, കറുത്തിരുണ്ട ആകാശവും വിജനമായ തീരവും ഉയര്‍ന്നു വരുന്ന തിരമാലകളും കണ്ടപ്പോള്‍ തിരിച്ചോടുകയായിരുന്നു ചെയ്തത്. ആദ്യമായത് കൊണ്ടായിരിക്കാം. പക്ഷെ ഇന്ന് അല്പം ദൈര്യമൊക്കെ കിട്ടിയിട്ടുണ്ട്. ഹാ, ചിരിവരുന്നുണ്ടാകും അല്ലെ...? ആത്മഹത്യ ചെയ്യാന്‍ പോകുന്നവന് പേടിയോ എന്ന് തോന്നുന്നുണ്ടാകും അല്ലെ...? എന്താ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു എന്ന് കരുതി മനുഷ്യനല്ലാതാകുന്നുണ്ടോ...? പേടിക്കാതിരിക്കാന്‍, ഇത് നല്ല തമാശ. ഇനി ആത്മഹത്യ ചെയ്യാന്‍ എന്താ കാരണം എന്ന്, അല്ലെ...? അതിനു പ്രത്യേകിച്ചൊരു കാരണം വേണോ...? എന്നാലും ഒരു കാരണം ഉണ്ട് ട്ടോ... അത്... അത് എന്തായിരുന്നു!!! അതെ...ങും... അപകര്‍ഷത ബോധം എന്നാണോ പറയ്യാ അതിനു... അറിയില്ല...? ഒരു സ്വപ്ന ജീവിയായ എനിക്ക് തകരാന്‍ ഇതൊക്കെ പോരെ. പലതും നേടണം, ഒരുപാടുയരത്തില്‍ എത്തണം എന്നൊക്കെയുള്ള സ്വപനങ്ങളില്‍ ഒഴുകി നടക്കുകയായിരുന്നു. അത് തെറ്റാണോ എന്ന് അല്ലെ...? അല്ലേയല്ല. പക്ഷെ പഠിക്കേണ്ട കാലത്ത് ഉഴപ്പി നടന്നു, സാമാന്യ വിദ്യഭ്യാസം പോലുമില്ലാത്ത എനിക്ക് പറ്റിയതാണോ ഈ സ്വപനം കാണലോക്കെ...? എന്നേക്കാള്‍ യോഗ്യവാന്മാരായവരെ കാണുമ്പോള്‍ ശരിക്കും അപകര്‍ഷത ബോധം നുരകുത്തുന്നു. ഒരു പുഴുവനെന്ന തോന്നല്‍. ഇതൊക്കെ തന്നെ കാരണങ്ങള്‍. കേള്‍കുമ്പോള്‍ നിസ്സാരമായി തോന്നാം, പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഇത് 'അണ്‍-സഹിക്കബ്ള്‍' ആണ്. പിന്നെ ചാകാന്‍ കടല്‍ തിരഞ്ഞെടുത്തത്‌, ആരെയും ബുദ്ധിമുട്ടിക്കുകയും വേണ്ട, സ്വയം ബുദ്ധിമുട്ടുകയും വേണ്ട. 'കപ്പലണ്ടി' എന്നുള്ള അലര്‍ച്ച കേട്ട് നോക്കുമ്പോള്‍, കപ്പലണ്ടി പൊതിയും നീട്ടിപ്പിടിച്ചു നില്‍കുന്ന ചെക്കനെ കണ്ടപ്പോള്‍ ഒരു ചവിട്ടു വെച്ചുകൊടുക്കാന്‍ തോന്നി. 'വേണ്ട' എന്ന് പറയാനെ ദൈര്യം ഉണ്ടായുള്ളൂ. 'ഇത് ആദ്യേ പറഞ്ഞൂടായിരുന്നില്ലേ... ഇന്റെ തൊണ്ട പൊട്ടി' നീട്ടിയ പൊതി മറ്റേ കയിലെ ചെറിയ ഹാര്‍ഡ് ബോര്‍ഡ് പെട്ടിയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് അവന്‍ തിരിഞ്ഞു നടന്നു. അവന്റെ അഹങ്കാരത്തോടെയുള്ള പോക്ക് കണ്ടപ്പോള്‍ അതിശയം തോന്നി. 'ടോ...' ഡാ എന്ന് വിളിച്ചാല്‍ അവന്‍ തല്ലുമോ എന്ന് തോന്നി... അടുത്ത് വരന്‍ മടിച്ചു കൊണ്ട് അവന്‍ തിരിഞ്ഞു നോക്കി. പോക്കറ്റില്‍ നിന്നും പത്തു രൂപയുടെ നോട്ടു എടുക്കുന്നത് കണ്ടപ്പോള്‍ അവന്‍ സന്തോഷത്തോടെ അടുത്ത് വന്നു. അവന്റെ മുഖത്ത് നോക്കിയപ്പോള്‍ അവിടെ ഒരു ആകുലതകളും കണ്ടില്ല. 'നീയെത്ര വരെ പഠിച്ചിട്ടുണ്ട്..?' പത്തു രൂപാ നോട്ടു കയ്യില്‍ വെച്ച് കൊണ്ട് തന്നെ ചോദിച്ചു. അവന്റെ മുഖത്ത് അത്ഭുതം, പിന്നെ പരസ്യത്തില്‍ എന്നപോലെ 'പഠിക്കുകയോ...? ഞാനോ...? ഇന്നേവരെ സ്കൂളില്‍ പോയിട്ടില്ല' എന്ന കമന്റും. 'നിനക്ക് ഒരു സ്വപ്നവും ഇല്ലേ...? വലിയ ആളാകണം എന്ന്, കുറെ പണം സമ്പാദിക്കണം എന്ന്...' അവന്റെ മുഖത്ത് എന്നെ കളിയാകിയ ചിരി. 'ചേട്ടാ... മുന്പ് ഞാന്‍ ചെറിയ കുട്ടിയായിരുന്നു ഇപ്പൊ എനിക്ക് പതിനഞ്ച് വയസ്സ്... ഞാന്‍ വലുതാകുന്നില്ലേ...' ഞാന്‍ ശരിക്കും അന്തം വിട്ടുപോയി. 'പിന്നെ പണം... എനിക്കും എന്റെ അമ്മയ്ക്കും ജീവിക്കാന്‍ ഞാന്‍ സമ്പാദിക്കുന്നുണ്ട്... അതിനപ്പുറം എന്തിനാ പണം... പിന്നെ സ്വപ്നം ഉണ്ട്...' എനിക്ക് അത്ഭുതം തോന്നി. അവന്‍ കടലിനു നേരെ നോക്കി. പിന്നെ പതിയെ പറഞ്ഞു, ഒരു കഥ പറയുന്നത് പോലെ... 'ഈ കടലിനു അക്കരെ ഒരു കരയുണ്ട്... അവിടെ പവിഴങ്ങളും രത്നങ്ങളും കൊട് തീര്‍ത്ത ഒരു വലിയ കൊട്ടാരം, അവിടെ സുന്ദരിയായ ഒരു മത്സ്യകന്യകയുണ്ട്... ഭൂതങ്ങള്‍ കാവല്‍ നില്‍ക്കുന്ന ആ കൊട്ടാരത്തിന് അടുത്തെത്താന്‍ പോലും ആര്‍ക്കും കഴിഞ്ഞിട്ടില്ല, ഒരിക്കല്‍ അവിടെയെത്തി, ഭൂതങ്ങളെ വകവരുത്തി, ആ മത്സ്യകന്യകയെ സ്വന്തമാക്കണം... ആ കൊട്ടാരത്തില്‍ ഒരു ആയിരം വര്ഷം സുഖമായി ജീവിക്കണം...'അവന്‍ മുഖം തിരിച്ചു എന്നെ നോക്കി 'എന്താ, നടക്ക്വോ ചേട്ടാ...?' അവന്‍ ഒരു തമാശയായി ചോദിച്ചു. ഈ പയ്യന്‍ എത്ര നന്നായി സംസാരിക്കുന്നു എന്നോര്‍ത്ത് അത്ഭുതപ്പെട്ടിരിക്കുന്ന എന്നെ നോക്കി അവന്‍ വീണ്ടും അവന്‍ പറഞ്ഞു. 'ചേട്ടാ... സ്വപ്‌നങ്ങള്‍ എന്നും സ്വപ്‌നങ്ങള്‍ ആയി തന്നെ നില്കും... അതെല്ലാം നടക്കണമെന്ന് വാശിപിടിക്കുന്നത് ശരിയല്ലല്ലോ ചേട്ടാ...''അല്ല ചേട്ടാ, കപ്പലണ്ടി വേണ്ടേ...?' അവനു നേരെ രൂപാ നീട്ടി, ഒരു കപ്പലണ്ടി പൊതിയും ബാക്കി കാശും കൊടുത്തു അവന്‍ തിരിച്ചു നടന്നു. അവിടെ നിന്നും സാവധാനം എഴുന്നേറ്റു, മെല്ലെ തിരിഞ്ഞു നടന്നു.

Saturday, August 8, 2009

ജീവിത നൌക

തിരയറിയാതെ വിദൂരം മൂകം
തുഴയുകയാണ് ഞാനീ നൌക
അകലെയേതോ സ്വപ്നതീരമുണ്ടെന്നു
ആരോ എന്നോട് പറഞ്ഞതോര്‍ക്കുന്നു ഞാന്
‍ഭാഗ്യമായ് തീരുന്ന സ്വര്ഗ്ഗമാണോ
വിധിയേ ഭാവിക്കുന്ന നരഗമാണോ
അറിയില്ലയെന്കിലും
ഞാന്‍ കണ്ട സ്വപ്നത്തില്
‍സ്വര്‍ഗ്ഗം മാത്രം പടികടന്നെത്തി
അലറിയെത്തിടും തിരകളെ കണ്ടില്ല
കാറ്റിനെ കണ്ടില്ല ചുഴിയെ കണ്ടില്ല
തുഴയുന്നു ഞാന്‍ എന്റെ ജീവിത നൌക
തുഴയുന്നു ഞാന്‍ ക്ഷീണമേതുമറിയാതെ
ഒടുവില്‍ ഞാന്‍ എത്തിടും ആ സ്വപ്നതീരത്തു
തുഴയുന്നു ഞാന്‍ എന്റെ ജീവിത നൌക

മഴയായ്

സംഗീതം കേട്ടു ഞാന്‍ രാത്രി മഴയുടെ.....
ഉറങ്ങാതെ ഞാന്‍ നോക്കി നിന്നു നിന്നെ.....
ചടുലമാം താളത്തില്‍ ആടുന്ന നിന്‍റെ
പാദമുദ്രകള്‍ തേടിയലഞ്ഞു....
നിന്നുടെ കാലിലെ ചിലങ്കയായ് ഉണരാന്
‍തപസ്സു ചെയ്യുകയാണു ഞാനും
നിളയുടെ പുളിനങ്ങളില്‍ ഞാന്‍-
കണ്ടു നിന്‍ ചടുലമാം താളം,
മോഹനതാളം, ദിവ്യനമോഹരതാളം
നോക്കി നിന്നുപോയ് ഞാന്‍-
മഴയുടെ സുന്ദര രൂപം
എല്ലാം മറന്നു എന്നെ മറന്നു
പ്രകൃതിയെ പോലും മറന്നുപോയ്‌ ഞാന്‍....
ഭൂമിയെ നീ തഴുകിയുണര്‍ത്തുന്നു..!
പൂക്കളെ നീ ചുമ്പിച്ചുണര്‍ത്തുന്നു..!
പ്രകൃതിയെ നീ പുല്കിയുണര്‍ത്തുന്നു..!
എന്നെ നീ പാടിയുണര്‍ത്തുന്നു..!
കേള്‍ക്കുന്നു ഞാന്‍ നിന്‍റെ ശ്രിന്ഗാര രാഗം,
മോഹനരാഗം, ദിവ്യമാനോഹര രാഗം
കൊതിച്ചുപോകുന്നു ഞാന്‍ നിന്നിലലിയാന്‍,
നിന്നിലൊരു കണമായ് അലിയാന്
‍രാത്രി മഴയായ് തീരാന്‍........

അന്തിപ്പ് മാറാത്ത അന്തപ്പന്‍

അന്തി വിളക്കിന്റെ നേരത്ത്
വീട്ടിലെക്കെത്തിയ അന്തപ്പന്
‍അന്തിച്ചു നിന്നുപോയ് അന്തപ്പന്
‍ഇന്നലെ നട്ടുച്ച നേരത്ത്
വെയിലത്ത്തീവണ്ടി പോലത്തെ
'Q'വിന്റെ അറ്റത്ത്‌
ഉന്തിക്കൊണ്ടങ്ങനെ മുന്നോട്ടു ചെന്നിട്ടു
'shock' അടിച്ചൊരു 'bill' ഞാനടച്ചല്ലോ
എന്നിട്ടുമെന്തേ എന്നുടെ വീട്ടില്‍
മൂകന്തകാരം തളംകെട്ടി നില്‍പു
ചിന്തിച്ചു ചിന്തിച്ചു തപ്പിതടഞ്ഞിട്ടു
ദൈവകടാക്ഷത്താല്‍ ഉമ്മറത്തെത്തി
ഉമ്മറത്തെത്തീട്ടു ശങ്കിച്ചു ശങ്കിച്ചു
ഉമ്മറക്കതകില്‍ നാലഞ്ച് മുട്ട്
ആറാമതൊന്നവന്‍ മുട്ടനതാഞ്ഞപ്പോള്‍
ഉമ്മറക്കതകതാ മലര്‍ക്കെ തുറന്നു
വാതിലിനപ്പുറം മഹാമേരു കണക്കെ
പ്രിയപത്നി ശാന്തമ്മ പ്രത്യക്ഷയായി
കരഞ്ഞു തളര്‍ന്ന തന്‍ പ്രിയതന്‍ രൂപം
കണ്ടതോ അന്തപ്പന്‍ അന്തിച്ചു വീണ്ടും
പിടയുന്ന ഹൃദയത്താല്‍ അന്തപ്പന്‍ ആരാഞ്ഞു
പ്രിയപത്നി ശാന്തമ്മയോടായ്
'എന്തിനായ് ശാന്തമ്മേ നീ കണ്ണുനീര്‍ വാര്‍ക്കുന്നു
ചോന്നീടുക പ്രിയേ എന്നോട് നീ'
വിങ്ങലടക്കാന്‍ കഷ്ട്ടപ്പെട്ടിട്ടയ്യോ
പാവം മറുപടി ചോല്ലുകയായി
'അമ്മായിയമ്മ മരിച്ചു കഴിഞ്ഞാല്‍
മാപ്പ് പറഞ്ഞിട്ടെന്തു ഫലം
ക്രൂരത താങ്ങാന്‍ വയ്യാഞ്ഞല്ലേ
പാവം താനെ ജീവനൊടുക്കി'
'അയ്യോ അമ്മേ' എന്നൊരു വിളിയോ-
ടന്തപ്പന്‍ അയ്യോനിലംപൊത്തി വീണു
ഓര്‍മ്മതെളിയും നേരത്തയ്യോ
സ്വീകരണമുറിയില്‍ നേര്‍ത്ത തേങ്ങലുകള്
‍തകര്‍ന്നോരു മനസ്സോടെ ഇടറുന്ന കാലോടെ
അന്തപ്പന്‍ മെല്ലെ അങ്ങോട്ട്‌ ചെന്നു
സ്വീകരണമുറിയില്‍ കയറിയ നേരത്ത-
തന്തപ്പന്‍ ഒരു ശിലയായ് മാറി
കണ്ണുകള്‍ രണ്ടും പുറത്തോട്ടു
തള്ളിവായ്ക്കുള്ളില്‍ ഈച്ച പറന്നു
വിഡ്ഢിപ്പെട്ടിക്കു മുന്നിലിരുന്നു
തേങ്ങുകയാണ് പരിവാരങ്ങള്
‍വിഡ്ഢിപ്പെട്ടിക്കുള്ളില്‍
വെള്ളപുതച്ചു കിടക്കുന്നാരോ
ചുറ്റുമിരുന്നു കരയുന്നു പലരും
ചുറ്റിയിരുന്നു കരയുന്നിവരും..

എന്റെ കുട്ടിക്കാലം

തിരിച്ചു പോകുന്നു ഞാന്‍ ഓര്‍മ്മതന്‍ വഴിയിലുടാ -
ബാല്യകാലത്തിന്‍ പടിപ്പുരയോളം
തിരിച്ചു തരുമോ കാലമേ എന്റെ -
നിറം മങ്ങിതുടങ്ങുന്നോരാ കുട്ടിക്കാലം
കളിത്തോഴി നിളയുടെ തിരത്ത് ,
കളിപ്പന്തു കളിക്കുവാന്‍ കളി കഴിഞ്ഞാ -
തെളി നീരില്‍ നീന്തീടുവാന്‍
നെല്ലിമരം പൂത്തൊരാ പള്ളികൂട മുറ്റത്ത്
അങ്ങോളമിങ്ങോളമോടിക്കളിക്കുവാന്‍
കഞ്ഞിയും പയറും കൊതിയോടെ തിന്നുവാന്‍
'ജനഗണ മന' കഴിയുമ്പോള്‍ മുഴങ്ങുന്നൊരാ
മണിനാദം നിലക്കും മുന്‍പേ വീട്ടിലെക്കോടുവാന്‍
ഓടുന്ന നേരത്ത് മഴയൊന്നു പെയ്താല്‍
പുസ്തക സഞ്ചിയും മാറോടു ചേര്‍ത്ത്
ആ കുളിര്‍ കൊണ്ട് മെല്ലെ നടക്കുവാന്‍
മുവാണ്ടന്‍ മാവിലൊരു ഉ‌ഞ്ഞാല കെട്ടുവാന്
‍ഞാവല്‍ മരത്തിന്റെ കൊമ്പിലിരുന്നിട്ടു -
ഞാവല്‍ പഴം നല്ല രുചിയോടെ നുണയുമ്പോള്‍,
ഞാവല്‍ മരത്തിന്റെ കൊമ്പോന്നോടിഞ്ഞിട്ടു -
നിലംപൊത്തി വീഴുവാന്‍
ഓണം വരുമ്പോള്‍ പൂക്കള്‍ ഇറുക്കുവാന്‍
പൂക്കള്‍ ഇറുത്തിട്ട് പൂക്കളം തിരക്കുവാന്‍
വിഷുക്കണി ഒരുക്കുവാന്‍ ,
കൊന്ന പറിക്കുവാന്‍
വിഷുക്കണി കാണുവാന്‍ ,
കൈനീട്ടം വാങ്ങുവാന്‍
മുറ്റത്തെ ചെമ്പരത്തി കൊമ്പോന്നോടിച്ചു -
തല്ലുവാന്‍ അണയുന്ന അച്ചന് മുന്‍പേ
ഓടിചെന്നമ്മ തന്‍ പുറകില്‍ ഒളിക്കുവാന്‍
ചേട്ടത്തി മാരുടെ വിരലില്‍ തൂങ്ങുവാന്‍
ചെട്ടനോടെന്നും വഴക്കിട്ടു കളിക്കുവാന്‍
കുഞ്ഞനുജത്തിയെ പിച്ചവെപ്പിക്കുവാന്‍....
കൊതിച്ചു പോകുന്നു കാലമേ ഞാനെന്നും
എന്നുമൊരു കുഞ്ഞായ് കഴിയുവാന്‍
കാപട്യ മില്ലവിടെ , കളവേതുമില്ല....
നിഷ്കളങ്കമാം ആ ബാല്യം തന്നില്‍
തിരിച്ചു സഞ്ചരിക്കു കാലമേ....
കൊതിക്കുന്നു ഞാനെന്റെ കുട്ടിക്കാലം.

സൌഹൃദം

വെയിലേറ്റു തളരുന്ന യാത്രികന് തണലായ്‌
വൃക്ഷങ്ങള്‍ തീര്‍ക്കുന്നു പുതിയൊരു സൌഹൃദം
മറു കരയണയുവാന്‍ തീരത്ത് അണയുമ്പോള്‍
ചെറുതോണി തീര്‍ക്കുന്നു ഇനിയുമൊരു സൌഹൃദം
പാട്ടേറ്റു പാടുന്ന
പൂങ്കുയില്‍ തീര്‍ക്കുന്നു പരിഭവസൌഹൃദം
ചടുല നൃത്തത്തില്‍
രാത്രിമഴ തീര്‍ക്കുന്നു കുളിരുള്ള സൌഹൃദം
ഞാനേറെ തളരുമ്പോള്‍
നീയെന്നും തീര്‍ക്കുന്നു സ്നേഹ സൌഹൃദം

അമ്മേ മാപ്പ്...

മാപ്പു ചോദിക്കുന്നു ഞാന്‍..

അമ്മേ മാപ്പു ചോദിക്കുന്നു ഞാന്‍...

എന്നെ ഞാനാക്കിയോരമ്മേ നിന്നോട്

മാപ്പു ചോദിക്കുന്നു ഞാന്‍....

നീങ്ങുന്ന വഴികളില്‍ കാണുന്നു ഞാന്‍ എന്റെ -

സോദരുടെ ക്രൂരകൃത്യങ്ങള്‍ ...

എങ്ങു പോയ് നീതി നിയമങ്ങളെല്ലാം

വെറുമൊരു പഴങ്കഥകളായോ...?

പൈതൃകം പാടി നടന്നവര്‍ക്കിന്നു

വനവാസ കാലമായെന്നോ...?

ഇന്നലെ കണ്ടൊരു സോദരന്‍ തന്നുടെ-

കഴുത്തറുക്കുന്നു മനുജന്‍

‍അമ്മയോ പെങ്ങളോ എന്നറിയേണ്ടവന് -

കാമം ശമിച്ചാല്‍ മതി

പിച്ചവെച്ചീടുമാ പൈതലിനെ കാണും

കണ്‍കളില്‍ ഇതേതു വികാരം...?

മതമെന്ന പേരില്‍ മതിലുകള്‍ തീര്‍ത്തു

പരസ്പരം കല്ലെറിയിക്കുന്നു ചിലര്‍

‍ജാതിയും നിറവും ഉണ്ടെന്നറിഞ്ഞവര്‍

‍ജ്ഞാനിയെന്നു നടിക്കുന്നു

സ്നേഹത്തിനായ് സ്നേഹം നല്‍കിയവനു

പ്രതിഫലം കിട്ടുന്നു ചതിയായ്

എന്തിനെന്നറിയാതെ രാജ്യത്തെ പോലും

ചതിക്കുമെന്‍ സോദര

ഇതു നിന്‍ പെറ്റമ്മ എന്നറിയു നീ.

കൂട്ടുകാരാ നിനക്കായ്‌....

എനിക്ക് നീ തന്നൊരീ-
കൂട്ടിനുഞാന്‍ എന്നെ നല്‍കുന്നു കൂട്ടുകാരാ
ഓര്‍മ്മയുടെ ഊടുവഴികളില്‍ എന്നും-
കൂട്ടായി വന്ന പ്രിയകൂട്ടുകാരാ
നീളുന്ന വഴികളില്‍ എന്‍ മുന്നില്‍ എന്നും-
നിഴലായ് നിലാവായ് നീ നടന്നു
ഒരു വാക്ക് ഞാന്‍ പറഞ്ഞില്ല എങ്കിലും-
അന്നു നിയെന്നെ തിരിച്ചറിഞ്ഞു
ഈ ഹ്രസ്വയത്രകള്‍ പലവഴി എങ്കിലും-
പിരിയില്ല നിന്നെ ഞാന്‍ കൂട്ടുകാരാ
രണ്ടക്ഷരം ഞാന്‍ നിനക്കായി നല്‍കുന്നു-
'സ്നേഹം' എന്നൊരൊറ്റ വാക്ക്
ഞാനതിനു നല്‍കുന്ന മൂല്യമെന്‍ ജീവന്‍
‍ഞാനതിനു നല്‍കുന്നു ചോര തന്‍ വര്‍ണ്ണം
ഞാനതിനു നല്കുന്നെന്‍ ഹൃദയത്തുടിപ്പ്‌
ഞാനതിനു നല്കുന്നെന്‍ മണ്ണിന്റെ ഗന്ധം
ഞാനെന്റെ സ്നേഹം നിനക്കായ്‌ നല്‍കുന്നു
സ്വീകരിച്ചാലും നീ എന്‍ കൂട്ടുകാരാ

മഴയുടെ കാമുകന്‍

മഴയുടെ കൂട്ടിലേക്കോ തോഴാ...
മഴയുടെ കൂട്ടിലേക്കോ...
പിന്‍വിളി കാതോര്‍ത്തു നീ-നീങ്ങുന്നു...
മഴയുടെ കൂട്ടിലേക്കോ...
ശോകം തുടിക്കും നിന് മൌന-
ഗാനത്തിന് വരികളില്മഴയുടെ-
നനവോലുമീണം തുടിക്കുന്നുവിധൂരമീ ഇടവഴിയില്
നേര്ത്ത തേങ്ങലായ് പോഴിയുമി--
മഴയുടെ സംഗീതം കേള്‍ക്കു നീ-
മഴയുടെ കൂട്ടിലേക്കോ...
മഴയേറ്റു കുളിരുന്ന തരു മേനി കുടയുന്ന
നീര്തുള്ളിയിന്നു നീ ഏറ്റുവാങ്ങയോ...
പടിപ്പുരക്കെട്ടില് നിന്നും നേര്‍ത്തൊരു തേങ്ങലായ്
പിന്‍വിളി നീ കേട്ടതില്ലേ...
ഇറയത്തു നിന്നും ഇറ്റിറ്റു വീഴുമീ-
മഴയുടെ പിന്‍വിളി കേട്ടതില്ലേ...
(കടപ്പാട്- റിനു ജോണ് )

കാല്‍നടയാത്ര

നടക്കാന്‍ തുടങ്ങിയീട്ടു ഒട്ടു നേരമായി....
ഇതുവരെ എങ്ങും എത്തിയില്ല....
വഴിയില്‍ പലരെയും കണ്ടു മുട്ടുന്നു,
വിട പറഞ്ഞു പോകുന്നു....
തമ്മില്‍ ചേര്‍ക്കുന്ന കാലങ്ങള്‍ തന്നെ,
അന്യനായ് തീര്‍ക്കുന്നു ചോരയെപോലും....
എന്തോ ഒരു ദൌത്യം എന്നിലുണ്ട്‌,
അത് എന്താണെന്നു അറിഞ്ഞില്ല ഇതുവരെ....
പലതും നേടുവാന്‍ കൊതിക്കുന്നു ഞാന്‍,
പലതും നേടാതെ നടക്കുന്നു ഞാന്‍....
കണ്ണില്‍ കണ്ടത് സത്യങ്ങള്‍ മാത്രം,
കാണാന്‍ കൊതിച്ചത് മിത്യകള്‍ മാത്രം....
പാത പിഴയ്ക്കുമ്പോള്‍ പാദുകം തേയുന്നു,
വൃക്ഷങ്ങള്‍ വഴിയില്‍ വിഷക്കായ് പൊഴിക്കുന്നു...
മുള്ച്ചടിയില്‍ പുഷ്പം മുഖംമൂടി തീര്‍ക്കുന്നു,
പൂവിതളില്‍ സുഗന്ധം തേടുന്നു നമ്മള്‍....
എത്രയായി ഇപ്പോഴീ കാല്‍നടയാത്ര,
ഇനി എത്ര ഞാന്‍ നിങ്ങണം ഈ വഴി നീളെ....

ഒരു പ്രണയകാവ്യം


തുറന്നിട്ട ജനലിലൂടെ അവള്‍ പുറത്തേക്ക് നോക്കി നിന്നു, തന്റെ കാമുകനെയും കാത്ത്. നിലാവത്ത് ഭീകര രൂപം പൂണ്ടുനില്കുന്ന പ്രകൃതിയെ കണ്ടപ്പോള്‍ അവള്‍ക്ക് ഭയം തോന്നിയില്ല. തന്റെ പ്രിയന്‍ തന്നെ കൊണ്ടുപോകാന്‍ ഇപ്പോള്‍ വരും എന്ന പ്രതീക്ഷ അവള്‍ക്ക് ദൈര്യം നല്കി. അവള്‍ മാനത്ത് വിടര്‍ന്നു നില്‍കുന്ന ചന്ദ്രനെ നോക്കി. മേഘങ്ങള്‍ക്കിടയിലൂടെ, ഒളിഞ്ഞു നോക്കുകയും പിന്നെ കളിയെന്ന പോലെ മേഘങ്ങള്‍ക്കുള്ളിലെക്ക് മറയുകയും ചെയ്യുന്ന ചന്ദ്രനെ നോക്കി കൊഞ്ഞനം കുത്താനാണ്‌ തോന്നിയത്. ഓര്‍ത്തപ്പോള്‍ അവള്‍ക്ക് ചിരിവന്നു.പെട്ടന്ന് അവളെ ഞെട്ടിച്ചു കൊണ്ട് അടുക്കളയില്‍ നിന്നും, പാത്രം തറയില്‍ വീഴുന്ന ശബ്ദം കെട്ട്. പൂച്ചയോ എലിയോ മറ്റോ ആയിരിക്കും. ഇപ്പോള്‍ നേരം പാതിരാ കഴിഞ്ഞിട്ടുണ്ടാകും. അവള്‍ ദീര്‍ഘമായൊന്നു നിശ്വസിച്ചു. ഇനി ഏതാനും നിമിഷങ്ങള്‍ മാത്രമെ താന്‍ ഈ വീട്ടില്‍ ഉണ്ടാകു. പിന്നെ തന്റെ പ്രാണ പ്രിയന്റെ കൂടെ, അങ്ങ് ദൂരെ... ആരും കാണാത്ത, ഞങ്ങളുടേതായ ഒരു സ്വപ്ന ലോകത്ത് പറന്ന് പറന്ന്.എപ്പോഴായിരുന്നു തനിക്കവനോട് പ്രണയം തോന്നിയത്?ഇത്ര കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് അവന് എന്റെ മനസ്സില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞതെങ്ങനെ?അതൊരു നശിച്ച ദിവസമായിരുന്നു. വൈകുന്നേരം തൈയ്യല്‍ക്കടയില്‍ നിന്നും വന്നു കയറുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. തിണ്ണയില്‍ ചേച്ചിയുടെ ഭര്‍ത്താവ് വിശ്വേട്ടന്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. കൈയിലുണ്ടായിരുന്ന കവര്‍ നടുമുറിയിലെ മേശയിലേക്ക്‌ വലിച്ചെറിഞ്ഞു, അടുത്ത മുറിയില്‍ കയറി വസ്ത്രം മാറുകയായിരുന്നു, പെട്ടന്നായിരുന്നു ആ മനുഷ്യന്റെ കൈകള്‍ തന്റെ ചുമലില്‍ പതിഞ്ഞത്. ആ വൃത്തികെട്ട മനുഷ്യനെ പാവം ചേച്ചിക്ക് ഇതുവരെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. എല്ലാം നഷ്ട്ടപ്പെട്ട ആ ദിവസങ്ങളിലായിരുന്നു സാന്ത്വനവുമായി അവന്‍ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. താന്‍ എല്ലാം തുറന്നു പറഞ്ഞപ്പോള്‍ അവന്‍ തന്നെ സാന്ത്വനിപ്പിക്കുകയായിരുന്നു. എനിക്കവനോട് വല്ലാത്ത അടുപ്പം തോന്നി. കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് അതൊരു ഘാടമായ പ്രണയമായി മാറി. ജനവാതിലിലൂടെ ഒരു തണുത്ത കാറ്റ് അകത്തേക്ക് കടന്നു വന്നു അവളെ തഴുകി. തീരുമാനിച്ചുറച്ച സമയം ആകാറായി എന്ന് തോന്നുന്നു.
അടുത്തെവിടെയോ നായ്ക്കളുടെ ഓരിയിടല്‍ കേട്ടു. എന്തോ കാണാന്‍ ആഗ്രഹിക്കാത്തത് പോലെ ചന്ദ്രന്‍ മേഘങ്ങക്കിടയിലേക്ക് മറഞ്ഞു .അവന്റെ പാദ പതാനം അടുത്തുവരുന്നതായി അറിഞ്ഞു. അവള്‍ സാവധാനം മേശയ്ക്കരികിലെക്ക് ചെന്നു, അവിടെ കരുതി വച്ചിരുന്ന പാല്‍ പകുതി കുടിച്ചു. അവന്‍ അകത്തേക്ക് വന്നു, അവള്‍ ആ മാറിലേക്ക് ചാഞ്ഞു. അവര്‍ പരസ്പരം വാരിപ്പുണര്‍ന്നു, അവളെ ചുമില്‍ എടുത്തുകൊണ്ട് അവന്‍ നടന്നകന്നു.ആ ചുമലില്‍ തളര്‍ന്നു കിടന്നു കൊണ്ടു അവള്‍ ജനവാതിലിലൂടെ തന്റെ മുറിക്കുള്ളിലേക്ക് നോക്കി. അവിടെ നിലത്ത് കിടക്കുന്ന ഉപയോഗശൂന്യമായ തന്റെ ഭൌതീക ശരീരം കണ്ട അവള്‍ ചിരിച്ചു. ഗൂഡമായി