Wednesday, September 23, 2009

ആഗ്രഹങ്ങളുടെ ഗ്രഹനില


അയാള്‍ തന്റെ ഭാഗ്യ ദോഷത്തെ പലപ്പോഴും പഴിക്കാറുണ്ട്.... കൂടെ ഇതിനെല്ലാം കാരണമാകുന്ന ദൈവങ്ങളെയും. കാരണം തന്റെ ആഗ്രഹങ്ങള്‍ ഒന്നും നടക്കുന്നില്ല എന്നത് തന്നെ. ജീവിതത്തില്‍ ഇത്രയും കഷ്ടപ്പെട്ട എന്നോട് ദൈവം ഒരു കരുണയും കാണിക്കുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ അയാള്‍ക്ക്‌ കലികയറും. താന്‍ അതിനുമാത്രം പണം ചിലവാക്കിയിട്ടുണ്ട്, ദൈവത്തിനു വേണ്ടി... അങ്ങനെ പറഞ്ഞാല്‍ ശരിയാകുമോ...! തനിക്കു വേണ്ടിയല്ലേ അത് ചിലവാക്കിയത്...? എന്ന് അയാളുടെ മനസാക്ഷി ചോദിച്ചാല്‍ എന്ത് ചെയ്യും. അയാളും വിട്ടു കൊടുക്കില്ല. അതെ വെറുതെയല്ലല്ലോ, ചിക്കിലി കൊടുത്തിട്ടല്ലേ...? കാണിക്കയായും, വഴിപാടായും താന്‍ എത്ര പണമാ പുല്ലു പോലെ വലിച്ചെറിഞ്ഞത്..? എന്നിട്ട് വല്ല കാര്യമുണ്ടോ...? ങേ...ഹെ...



കാര്യം നടക്കാന്‍ വേണ്ടി പിടിക്കാത്ത കാലുകള്‍ ഇല്ല... ആ കാലുകളില്‍ എത്രയെത്ര ദക്ഷിണ വച്ചു. പ്രദക്ഷിണവും കഴിഞ്ഞു വന്നു നോക്കിയാല്‍ ആ കാല്‍ച്ചുവട്ടില്‍ അങ്ങനെ ഒരു ദക്ഷിണ തന്നെ വന്നിട്ടില്ല എന്ന നിലപാടാ ഈ........!!! നാവില്‍ പിന്നെ വരുക വികട സരസ്വതിയാ...



ഒടുവില്‍ ചില വാലുകളുടെ ഉപദേശം പരിഗണിച്ചാണ് കണിയാനെ കാണാന്‍ പോയത്. അവിടെയും ദക്ഷിണ എന്ന് കേട്ടപ്പോള്‍ ചൊറിഞ്ഞു വന്നതാണ്, പക്ഷെ ആവശ്യം തന്റെതല്ലേ എന്നോര്‍ത്തപ്പോള്‍ നാവനങ്ങിയില്ല. സത്യം പറഞ്ഞാല്‍ ഇതിലൊന്നും അയാള്‍ക്ക്‌ വിശ്വാസമില്ല. പിന്നെ കാര്യം നടക്കട്ടെ എന്ന് കരുതിയാണ് ഇതിനൊക്കെ ഇറങ്ങിത്തിരിച്ചത്. കണിയാന്‍ ചൂതും ചൂതുപലകയുമായി മുന്നില്‍ വന്നിരുന്നപ്പോള്‍ അയാള്‍ക്ക് ഓര്‍മ്മ വന്നത് തന്റെ പഴയ കാലമായിരുന്നു. എന്നാല്‍ ഒരു കളി കളിച്ചിട്ട് തന്നെ കാര്യം എന്ന് വിചാരിച്ചു മുന്നോട്ടാഞ്ഞപ്പോള്‍ ആണ്, ചൂതെല്ലാം വാരി കണിയാന്‍ ഉരുട്ടുന്നതും പെരട്ടുന്നതും കണ്ടത്. ഇപ്പോള്‍ മാനം പോയേനെ എന്നു കരുതി പിന്തിഞ്ഞു കൂടെ വന്നവരെ നോക്കിയപ്പോള്‍, അവര്‍ അയാളെ അന്താളിച്ചു നോക്കുകയാണ്. ഒന്നും സംഭവിക്കാത്ത ഭാവം നടിക്കാന്‍ അയാള്‍ മിടുക്കനായിരുന്നു.



പ്രശ്നം ഗുരുതരമാകുമോ എന്നു ചിന്തിച്ചിരിക്കുമ്പോള്‍ ആണ് പ്രശ്നക്കാരന്റെ തിരുവായില്‍ നിന്നും ഉല്‍ക്ക പതിച്ച പോലെ ആ വാക്കുകള്‍ വന്നു വീണത്‌. ഗ്രഹങ്ങളുടെ നില ശരിയല്ലെന്ന്...... ഇനിയിപ്പോള്‍ അത് ശരിയാക്കാന്‍ ബഹിരാകാശത്ത് പോകേണ്ടി വരുമോ എന്നു ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ്, അതിനുള്ള പ്രതിവിധിയും പ്രശ്നക്കാരന്‍ പറഞ്ഞത്. വിഷമിക്കേണ്ട കാര്യമില്ലെന്നും, ഇത് നമുക്ക് തന്നെ പരിഹരിക്കാവുന്നതുമാനെന്നും, അത് പറയണമെങ്കില്‍ വേറെ ദക്ഷിണ വേണമെന്നും പറഞ്ഞു. പതിനായിരത്തി ഒന്ന് രൂപ വീണ്ടും ആ കാല്‍ക്കല്‍ വച്ചു കാലില്‍ ഒന്ന് തഴുകി കൊടുക്കുകയും ചെയ്തു. കാര്യം നടക്കാന്‍ ഏതു കഴുതയുടെ കാലു വേണമെങ്കിലും പിടിക്കാം... മനസ്സ് കൊണ്ട് സമാധാനിച്ചു. പിന്നെ അയാള്‍ക്ക്‌ ഇതൊരു പുതുമയുമല്ലല്ലോ.



അങ്ങനെ ആ തിരുവായില്‍ നിന്നും ആ രഹസ്യം പുറത്തു വന്നു. ആയിരത്തി ഒന്ന് ക്ഷേത്രങ്ങളില്‍ പതിനായിരത്തി ഒന്ന് രൂപ വച്ചു ദക്ഷിണയും പിന്നെ വേറെ ചില്ലറ വഴിപാടുകളും. ആ ദൈവങ്ങള്‍ എല്ലാം കൂടി ഗ്രഹങ്ങള്‍ നീക്കി അതിന്റെ നില ശരിയാക്കി വച്ചു കൊള്ളും എന്നാണ് കണിയാന്‍ പറഞ്ഞതിന്റെ പൊരുള്‍.



ആയിരത്തി ഒന്ന് പോയിട്ട് നൂറ്റി ഒന്ന് പോലും തികക്കാന്‍ കഴിഞ്ഞില്ല... എവിടെയോ വച്ചു എണ്ണവും തെറ്റി. ഇരുനില ബംഗ്ലാവിന്റെ പൂന്തോട്ടത്തില്‍ ചെറിയ മേശയില്‍ ഇരുന്ന കുപ്പിയെടുത്തു ഗ്ലാസ്സിലേക്ക്‌ അമ്രിത് പകര്‍ന്നു. കസേരയിലേക്ക് ചാരിയിരുന്നു കൊണ്ട് ഒരു കവിള്‍ ഇറക്കിയതിനു ശേഷം, മറ്റേ കൈ കൊണ്ട് തലയില്‍ അവശേഷിക്കുന്ന മൂന്നുനാല് രോമങ്ങളെ അരുമയോടെ തഴുകിക്കൊണ്ട്, സകല ദൈവങ്ങളോടും പൊറുത്തുകൊണ്ട് അയാള്‍ ചിന്തിക്കുകയാണ്...



സിറ്റിയുടെ ഹൃദയഭാഗത്ത് ത്രീസ്റ്റാര്‍ ഹോട്ടല്‍ പണിയാനുള്ള തന്റെ ആഗ്രഹം നടക്കാന്‍ ഇനി എന്ത് മാര്‍ഗ്ഗം...?

Saturday, September 12, 2009

നിദ്ര

രാത്രിയുടെ മധ്യയാമത്തില്‍ അയാള്‍ മെല്ലെ എഴുന്നേറ്റു. മരച്ചില്ലകളെ കാറ്റ് പിടിച്ചുലയ്ക്കുന്നു, ചീവീടുകള്‍ നിറുത്താതെ വീണക്കമ്പികള്‍ മീട്ടുന്നു, അകലെ തെരുവ് നായ്ക്കളുടെ ഓരിയിടല്‍. എന്തോ, ഇതൊന്നും അയാള്‍ അറിഞ്ഞില്ലെന്നു തോന്നി. ഇടതിങ്ങിയ മരങ്ങള്‍ നിറഞ്ഞ താഴ്വാരത്ത് നിന്നും അയാള്‍ നിഷ്പ്രയാസം മുകളില്‍ റോഡിലേക്ക്‌ കയറി. വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡിലൂടെ മുമ്പോട്ട്‌ നടന്നു.അയാളുടെ നടത്തത്തിനു ഒരേ താളമായിരുന്നു. ആ മുഖത്ത് ഒരു ഭാവഭേദങ്ങളും കണ്ടില്ല. വസ്ത്രത്തില്‍ ഉണങ്ങാത്ത രക്തക്കറ, നെറ്റിയിലെ ചെറിയ മുറിവില്‍ നിന്നും രക്തം ഒലിച്ചിറങ്ങുന്നു. വിജനമായ റോഡില്‍, അല്പം ദൂരെയായി തെരുവ് വിളക്കുകള്‍ അടുത്തടുത്ത്‌ വരുന്നു. തെരുവിലൂടെ നടക്കുമ്പോള്‍ ഇരുട്ടില്‍ നിന്നും തെരുവ് നായകള്‍ കുരച്ചു കൊണ്ട് അടുത്തേക്ക് വന്നു. അയാള്‍ സാവധാനം മുഖം തിരിച്ചു അവറ്റയെ നോക്കി. അടുത്തേക്ക് വരാന്‍ അവ ഭയക്കുന്നത് പോലെ അയാള്‍ക്ക്‌ തോന്നി. അയാള്‍ ശരിക്കും അതിശയിച്ചു, നായ വര്‍ഗ്ഗത്തെ തന്നെ ഭയമായിരുന്ന താന്‍ ഇത്രയും തെരുനായകള്‍ക്ക് മുന്നില്‍ നിര്‍ഭയം നില്‍ക്കുന്നു. അവ തന്നെ ഭയക്കുന്നു. ജിമ്മിയുടെ മുന്‍പില്‍ മാത്രമേ താന്‍ ഇതുപോലെ നിന്നിട്ടുള്ളൂ. അയാള്‍ നായക്കളില്‍ നിന്നും മുഖം തിരിച്ചു തെരുവില്‍ കണ്ണ് പായിച്ചു. പലപ്പോഴും താന്‍ ഇതിലെ പോയിട്ടുണ്ട് എങ്കിലും ആ തെരുവിന് ഇത്രയും മനോഹാരിത ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. പീടിക തിണ്ണകളില്‍ മുഷിഞ്ഞ മുണ്ടിനും, കീറിപ്പറിഞ്ഞ ചാക്കിനും, പിന്നെ പഴയ പത്രങ്ങള്‍ക്കും ഇടയില്‍ ചുരുണ്ടുകൂടി സുഖനിദ്രയിലാണ് ചിലര്‍. ആവലാതികള്‍ ഇല്ലാത്ത, ഒന്നിനെക്കുറിച്ചും ഭയക്കാതെയുള്ള സുഖ നിദ്ര. താന്‍ ജീവിതത്തില്‍ ഇത്രയും സംതൃപ്തിയോടെ ഉറങ്ങീട്ടുണ്ടോ..? അയാള്‍ക്ക്‌ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ല.

തെരുവ് വിളക്കുകളുടെ ചുവട്ടിലൂടെ അയാള്‍ നടന്നു നീങ്ങി. അകലെ നിന്നും രണ്ടു പേര്‍ നടന്നു വരുന്നത് കണ്ടപ്പോള്‍ അയാള്‍ നടത്തത്തിന്റെ വേഗത കുറച്ചു. കടന്നു പോകുമ്പൊള്‍ അവര്‍ അയാളെ കണ്ടതായി തോന്നിയില്ല. അയാള്‍ വീണ്ടും നടത്തത്തിനു വേഗത കൂട്ടി. മഴ ചാറാന്‍ തുടങ്ങിയിരുന്നു. എങ്കിലും അത് വക വയ്ക്കാതെ നടന്നു. മഴ ശക്തിയായി പെയ്യാന്‍ തുടങ്ങി. നെറ്റിയിലെ മുറിവിലൂടെ മഴവെള്ളതിനോടൊപ്പം രക്തവും ഒലിച്ചിറങ്ങി.

അയാള്‍ രണ്ടു നിലയുള്ള ഒരു വീടിനു മുന്‍പില്‍ എത്തി. അവള്‍ ഇന്നെന്നോടു പിണങ്ങിയിട്ടുണ്ടാകും, ഇന്നലെ സന്ധ്യക്ക്‌ എത്താം എന്ന് വാക്ക് കൊടുത്തതാണ്. എത്താന്‍ വേണ്ടി തന്നെയായിരുന്നു തീരുമാനവും, പക്ഷെ.... ഇന്ന് നേരം വെളുത്താല്‍ തന്റെ ജന്മദിനം. ജന്മദിനം! ഓര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ ചിരിവന്നു. ജന്മദിനം ആഘോഷിച്ച കാലം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. എല്ലാ തവണയും അവള്‍ പിണങ്ങും. ഒഴിവാക്കാന്‍ പറ്റാത്ത ചില ബിസ്നസ് ടൂറുകള്‍ എങ്ങനെയെങ്കിലും ആ സമയത്ത് ഉണ്ടാകും. ഒന്നും മനപ്പൂര്‍വ്വമായിരുന്നില്ല. ഇത്തവണ എല്ലാം ഒഴിവാക്കിയാണ് എത്തിയിരിക്കുന്നത്. ഇന്നെന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ എന്റെ പോന്നു മോള് കൂടിയുണ്ട്. അയാള്‍ ഗേറ്റിനു അകത്തേക്ക് കടന്നപ്പോള്‍ സിറ്റ് ഔട്ടില്‍ കിടന്നിരുന്ന ജിമ്മി ചാടിയെഴുന്നേറ്റു കുരക്കുവാന്‍ തുടങ്ങി. വീട്ടില്‍ അവള്‍ തനിച്ചാകുമ്പോള്‍ പകല്‍ കൂട്ടായും രാത്രി കാവലായും അവന്‍ ഉണ്ടാകും. ഉയരം കുറഞ്ഞു ഓമനത്തമുള്ള അവനു ഒരു കാവല്‍ക്കാരന്റെ പ്രൌഡി ഒന്നുമില്ല. കുഞ്ഞു നാളുമുതല്‍ അവളുടെ ഓമനയായിരുന്ന ജിമ്മിയില്‍ പക്ഷേ ഇങ്ങനെയൊരു ഭാവം ആദ്യമായാണ് കാണുന്നത്. പെട്ടന്ന് കുഞ്ഞു കരയുന്ന ശബ്ദം കേട്ട് അയാള്‍ അകത്തേക്ക് നടന്നു. അപ്പോഴും അയാളെ നോക്കി ജിമ്മി കുരച്ചു കൊണ്ടേയിരുന്നു.

ആട്ടു തൊട്ടിലില്‍ കിടന്നു കരയുന്ന കുട്ടിയുടെ കരച്ചില്‍ കേട്ട്, കട്ടിലില്‍ ചാരി ഇരുന്നു മയങ്ങിയിരുന്ന അവള്‍ ഉണര്‍ന്നു തൊട്ടില്‍ മെല്ലെ ആട്ടുവാന്‍ തുടങ്ങി. അപ്പോഴാണ്‌ അവന്‍ അങ്ങോട്ട്‌ കടന്നു വന്നത് കണ്ണിമ തുറക്കാതെ സ്വപ്നത്തിലെന്നപോലെ കുഞ്ഞു കൈകള്‍ മുഖത്തുരുമ്മി കരയുന്ന കുഞ്ഞിനെ അയാള്‍ വാരിയെടുക്കാന്‍ ശ്രമിച്ചു, പക്ഷെ.... അയാള്‍ തന്റെ കൈകളില്‍ നോക്കി, തന്റെ മുഖത്ത് തപ്പി നോക്കി. അയാള്‍ വീണ്ടും കുഞ്ഞിനെ എടുക്കാന്‍ ശ്രമിച്ചു. പക്ഷെ അപ്പോഴും നടന്നില്ല. അയാളുടെ കണ്ണുകളില്‍ ഭയം നിഴലിച്ചു. ശ്വാസഗതി വേഗത്തിലായി.ഒരു ആശ്രയത്തിനെന്നോണം അവളെ നോക്കി. അവള്‍ മുഖം തിരിച്ചു മേശയില്‍ ഇരിക്കുന്ന ടൈംപീസിലേക്കു നോക്കുന്നു, സമയം രണ്ടു കഴിഞ്ഞിരിക്കുന്നു. കുഞ്ഞു നിദ്രയിലേക്കു വഴുതി വീണിരിക്കുന്നു. അവള്‍ മെല്ലെ കട്ടിലില്‍ കിടന്നിരുന്ന മൊബൈല്‍ ഫോണ്‍ എടുത്തു റീടയില്‍ ബട്ടന്‍ അമര്‍ത്തി. അങ്ങേ തലയ്ക്കല്‍ റിംഗ് ചെയ്യുന്ന ശബ്ദം മാത്രം കേള്‍ക്കാമായിരുന്നു. അവള്‍ അവിടെ നിന്നും സാവധാനം എഴുന്നേറ്റു കണ്ണുനീര്‍ ഉണങ്ങിയ കവിളിണ അമര്‍ത്തി തുടച്ചുകൊണ്ട്, മുറിയില്‍ നിന്നും പുറത്തേക്കു നടന്നു. അയാള്‍ അവളുടെ കയില്‍ പിടിച്ചു. പക്ഷെ.....അവള്‍ മുന്നോട്ടു നടന്നു ചെന്ന് ഹാളില്‍ സിറ്റ് ഔടിനു നേരെയുള്ള ജനവാതിലിന്റെ കര്‍ട്ടന്‍ നീക്കി അവള്‍ പുറത്തേക്കു നോക്കി നിന്നു. അവളുടെ കണ്ണുകള്‍ നിറയുകയായിരുന്നു. അതയാള്‍ക്ക്‌ താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു.

താഴ്വാരത്തില്‍ മരങ്ങള്‍ക്കിടയില്‍ തകര്‍ന്നു കിടക്കുന്ന കാറിനരികില്‍ താഴെ വീണുകിടക്കുന്ന ഇലകളെ ഞെരിച്ചു കൊണ്ട് അയാള്‍ ഒന്ന് പിടഞ്ഞു. അപ്പോഴേക്കും അയാളുടെ നെറ്റിയില്‍ നിന്നും മഴവെള്ളത്തോടൊപ്പം ഒലിച്ചിറങ്ങിയ രക്തം, അയാളുടെ മെത്തയ്ക്ക്‌ ചുവപ്പ് നിറം പകര്‍ന്നു. കാറ്റും, മഴയും, നിലച്ചു. ചീവീടുകളുടെ വീണക്കമ്പി പൊട്ടി. തെരുവ് നായകളും നിദ്രയിലാണ്ടു.
കാറിനകത്ത്‌ നിന്നും വീണ്ടും മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തുകൊണ്ടിരുന്നു....

സുഖനിദ്രയില്‍ അയാള്‍ ഒന്നും അറിഞ്ഞില്ല...