Sunday, October 3, 2010

ഋതുഭേദം

അടുക്കളോട് ചേര്‍ന്ന ഈ ചെറിയ മുറീല്‍ ഒറ്റയ്ക്കിരിക്കുമ്പോ പണ്ടത്തെ പോലെ പേടി തോന്നീല. മുന്‍പൊക്കെ ഈ മുറിയില്‍ കയറാന്നു വച്ചാ പേട്യാര്‍ന്നു. അമ്മ വാത്ക്കല്‍ കെടക്കും. അതാണ്‌ പതിവ്. പെട്യാന്നു പറഞ്ഞാ പിന്നെ മുത്തശ്ശിക്ക് അത് മതി, പറഞ്ഞോണ്ട് നടക്കാന്‍. മുന്‍പ്‌ അമ്മേടെ കൂടെ തന്നെ കെടക്കണംന്നു പറഞ്ഞ കുട്ട്യേച്ചിയെ പുളിച്ച ചീത്ത പറയണത് കേട്ട് ചെവി പൊട്ടിപ്പോയതാ. "കുട്ട്യോള് മുതിര്‍ന്നാ ചെക്കാന്മ്മാരെ കൂടെയുള്ള കാറോടല് നിര്‍ത്തണം, ഇല്ലെങ്കില്‍ നല്ല ചുട്ട അടി കൊടുക്കണം" ചെറിയമ്മയ്ക്ക് പെണ്കുട്ട്യോള് ഇല്ലാതെന്റെ അസൂയയാ. അല്ല ഇതിനൊക്കെ കാരണം കുട്ട്യേച്ചിയാ. വല്യ പെണ്ണായിട്ടും ആരും കാണാതെ വളപ്പിന്റുള്ളില്‍ മാങ്ങയെറിയാന്‍ പോകും, ആണ്കുട്ട്യാളെ പോലെ മരത്തില് വലിഞ്ഞു കേറും. അയ്യേ ആലോചിക്കുമ്പോള്‍ തന്നെ... ഒരിക്കല്‍ മാവേ കേറിയപ്പോളാ അമ്മ നല്ല പുളിങ്കോമ്പൊടിച്ച് ചെന്നത്, എനിക്ക് മാങ്ങാ തന്നില്ല അപ്പൊ ഞാന്‍ ചെന്ന് അമ്മോട് പറഞ്ഞു. അന്ന് നല്ല അടി കുടുങ്ങി പാവത്തിന്, അത് കണ്ടപ്പോ ഞാനും കരഞ്ഞു.

മുറ്റത്ത്‌ കളിചോണ്ടിരിക്കുമ്പോ പെട്ടന്ന് അടിവയറ്റില്‍ വല്ലാത്ത വേദന തോന്നിപ്പളാണ് അമ്മേടെ അടുത്തേക്ക് ചെന്നത്. അമ്മ ഉച്ചത്തില്‍ മുത്തശ്ശിനെ വിളിച്ചു. "എന്തെ വല്യമ്മേ..? ചിന്നൂന് എന്തെ..?" കൂടെ കളിച്ചോണ്ടിരുന്ന അപ്പും വടക്കേത്തിലെ ബാബും അമ്പരപ്പോടെ കേറിവരുമ്പോ അമ്മ അവരെ ആട്ടിയോടിച്ചു. "പോയിനെടാ, പൊറത്ത് പോയി കളിക്ക്, വന്നിരിക്കാണ് കുശലം തെരക്കാന്‍" അവന്മാരുടെ ഓട്ടം കണ്ടപ്പോ ചിരിക്കാനാണ് തോന്ന്യേത്. "എന്താടി പെണ്ണെ കുട്ട്യളോട് തൊള്ളപൊളിക്കാന്..?" മുത്തശ്ശിടെ ചോദ്യത്തിനല്ല അമ്മ മറുപടി പറഞ്ഞത്‌. " അമ്മെ, പെണ്ണ് വയസ്സറീച്ച് " ദേഹത്ത് മൊത്തം എന്തോ തരിപ്പ് കയറി അത് കേട്ടപ്പോ. അയ്യേ... കൈ വിരല്‍ അറിയാതെ കടിച്ചുപോയി. കാലിന്റെ തള്ളവിരല്‍ നിലത്ത് മെല്ലെ വട്ടം വരച്ചു. മൊഖം ഉയര്‍ത്താന്‍ തന്നെ നാണായി. അവര് പിന്നെ എന്തൊക്കെയാ പറഞ്ഞെ..? ഒന്നും കേട്ടീല. ആരൊക്കെയോ വന്നു, ആരേം കണ്ടീല. എടയ്ക്ക് ഓട്ടക്കണ്ണിട്ട് നോക്കിയപ്പോഴുണ്ട് ഒരു കള്ളച്ചിരിയോടെ മീനു നിക്കണ്. പെട്ടന്ന് മൊഖം താഴ്ത്തിക്കളഞ്ഞു. എന്തൊക്കെയാ പെണ്ണ് പറഞ്ഞു തന്നിരിക്കണത്..? ഓര്‍ത്തപ്പോള്‍ മൊഖം ചോന്നോ..?

ആ ചെറിയ മുറിയില്‍ ഇരുന്നു അവള്‍ നിലത്ത് ചിത്രങ്ങള്‍ വരച്ചു. കണ്ണുകളും ചുണ്ടുകളും ഏതോ സ്വപ്നങ്ങളുടെ കഥ പറഞ്ഞു. ജനാലയ്ക്കുള്ളിലൂടെ സന്ധ്യ സൂര്യന്റെ പൊന്‍വെളിച്ചം അരിച്ചിറങ്ങുന്നു. ഇന്നേവരെ കാണാത്ത പോലെ അവള്‍ അതില്‍ നോക്കി നിന്നു. പിന്നെ പതുക്കെ എഴുന്നേറ്റ് ജനാലയ്ക്ക് നേരെ നടന്നു. ഇറക്കം കൂടിയ പാവാട കാലില്‍ ഉരസ്സി തെന്നിക്കളിക്കുന്നു. ജനാലയ്ക്കിടയിലൂടെ ഒരു പുതിയ ലോകത്തെ കാണുകയായിരുന്നു അവള്‍. ദൂരെ നീണ്ടുകിടക്കുന്ന പാടത്തിനപ്പുറം, തെങ്ങുകള്‍ക്കും മരങ്ങള്‍ക്കും മുകളിലൂടെ താഴ്ന്നുകൊണ്ടിരിക്കുന്ന ചുവന്ന സൂര്യനെ അവള്‍ കണ്ണിമ വെട്ടാതെ അത്ഭുതത്തോടെ നോക്കി നിന്നു. താഴ്ന്നു പോകുന്ന സൂര്യനെ നോക്കി, അവളുടെ മനസ്സ് വിട പറയരുതേ എന്ന് കേണു. മാഞ്ഞു പോകാന്‍ തുടങ്ങുന്ന സ്വര്‍ണ്ണശോഭയ്ക്ക് മുകളിലേക്ക് മഴ കണങ്ങളായി പെയ്തിറങ്ങി നൃത്തം തുടങ്ങി. ആ നൃത്തം അവളെ ആനന്ദിപ്പിച്ചു, അവളറിയാതെ അവളുടെ മനസ്സും ആ മഴയില്‍ കുതിര്‍ന്ന്, കുളിരും തണുപ്പും നുകര്‍ന്ന് സ്വയമറിയാതെ നിന്നു അവള്‍...

Wednesday, June 23, 2010

ഉനക്കാകെ/ உனக்காகே

കാട്രോട് കാതല്‍ വരും ,കാതലില്‍ കവിതൈ വരും .
ആനാല്‍ കാട്രുക്ക് കാതല്‍ വരുരതില്ല.
മഴയോട് കാതല്‍ വരും ..തൂരലില്‍ മോഹം വരും .
ആനാല്‍ മഴൈ നമ്മെ കാതലിപ്പതില്ല.

നദിയോട് കാതല്‍ വരും ..അലൈകള്‍ നമ്മെ താലാട്ടും.
നദിക്കിന്രു കാതല്‍ തെരിയുമാ?
ഇന്ത നദിക്കിന്രു കാതല്‍ തെരിയുമാ ?

ഉന്‍ മേലെ കാതല്‍ വരും , കാതലില്‍ കവിതൈ വരും
ഉന്‍ കാതലിന്‍ തൂറല്‍ എന്‍ മീതൈ സായുംബോത്.
ഉന്‍ കൈകള്‍ അലയായ്‌ വന്തെന്‍..
തല മേല്‍ താലോലിപ്പായ്....
ഉന്‍ മൌനം പെസുവതോ ...
എന്‍ പെയരെ മട്ടും.
ഉന്‍ കണ്‍കളില്‍ തെരിവതോ ...
കാതലിന്‍ കനവുകള്‍ മട്ടും .
നിലവേ നിലവേ കാതല്‍ നിലവേ
ഉന്‍ മടി മേല്‍ എന്നെ സായ്തുവിടുവായാ.
ഉയിരേ ഉയിരേ ..
നിയിന്രി വഴ്വേത് ഉലകില്‍ എനക്കിനി ..
നിയിന്രി നിക്കാത് ഉലകില്‍ എന്‍ ഉയിര്‍ ..
എന്‍ ഉയിര്‍ നീ താന്‍..അത് ഉനക്കെ തെരിയുമേ

....................................................

காற்றோடு காதல் வரும் ..காதலில் கவிதை வரும் .
ஆனால் காற்றுக்கு காதல் வருவதில்லை .
மழையோடு காதல் வரும் ..தூரலில் மோஹம் வரும்
ஆனால் மழை நம்மே காதலிப்பதில்லை .

நதியோடு காதல் வரும் ..அலைகள் நம்மே தாலாட்டும் ..
நதிக்கின்று காதல் தெரியுமா ?
இந்த நதிக்கின்று காதல் தெரியுமா ?

உன் மேல் காதல் வரும் ..காதலில் கவிதை வரும் ..
உன் காதலின் தூறல் என் மேல் சாயும்போது .
உன் கைகள் அலையாய் வந்தென்..
தல மேல் தாலோலிப்பாய்.

உன் மௌனம் பேசுவதோ
என் பெயரே மட்டும் .
உன் கண்களில் தெரிவதோ
காதலின் கனவுகள் மட்டும் .

நிலவே நிலவே காதல் நிலவே
உன் மடி மேல் என்னெ சாய்த்து விடுவாயா..

உயிரே உயிரே ..
நி இன்றி வாழ்வேது உலகில் எனக்கினி ..
நி இன்றி நில்லாது உலகில் என் உயிர் .
என் உயிர் நி தான் ...அது உனக்கே தெரியுமே ...

മകനെ കണ്ണു തുറക്കുക

ഇരുളിന്റെ പട്ടു-
പ്പുതപ്പിന്റെയുള്ളില്‍
തിളങ്ങുന്ന കണ്ണില്‍
ചുടു നിണം വാര്‍ന്നു

അരുതേ മകനെയെന്നാ-
ര്‍ത്തു വിളിക്കും
അമ്മ തന്‍ നെഞ്ചിലെ
വാല്‍സല്യം ചോര്‍ന്നില്ല

താരാട്ട് പാടിയോ-
രാ നാവില്‍ നിന്നുമൊരു
ശാപവാക്കു പൊഴിഞ്ഞില്ല-
യിന്നോളം

കണ്ണ് തുറക്കു നീ,
ഇത് നിന്റെ അമ്മ
ഇരുളില്‍ തള്ളരുതാ-
സ്നേഹ നിധിയെ

നിന്നെ ഞാനെന്നില്‍ അറിയുന്നു

അറിയുന്നു നിന്നെ ഞാനറിയുന്നു
എരിയുന്ന സൂര്യന്റെ ചൂട് പോലറിയുന്നു
വെയിലില്‍ തഴുകുന്ന കാറ്റ് പോലറിയുന്നു
കാറ്റില്‍ നിറഞ്ഞോരാ കുളിര്‍ പോലെ അറിയുന്നു

അറിയുന്നു നിന്നെ ഞാനറിയുന്നു
കടല്‍ പോലെ തിര പോലെ നുര പോലെ അറിയുന്നു
പുഴ പോലെയറിയുന്നു
മഴ പോലെയറിയുന്നു

നീലവിരിയിട്ട നിശയുടെ മാറില്‍
നിര്‍മിഴിക്കോണില്‍ നിന്നിറ്റിറ്റു വീഴും
ഹിമബിന്ധുവില്‍, നേര്‍ത്ത-
തണുപ്പായിയറിയുന്നു

മൌനമായ്‌ മാറുന്ന ശബ്ദത്തിലറിയുന്നു
നെഞ്ചിലമരും നിന്‍ ശ്വാസത്തിലറിയുന്നു

അറിയുന്നു നിന്നെ ഞാനറിയുന്നു
എന്റെ ഹൃദയത്തിലറിയുന്നു
എന്റെ സ്വപ്നങ്ങളിലറിയുന്നു
നിന്നെ ഞാനെന്നില്‍ അറിയുന്നു...
നിന്നെ ഞാനെന്നില്‍ അറിയുന്നു

Thursday, February 18, 2010

നിലാവ്

ഏകാന്തമീ രാവില്‍...
എന്‍ അരികില്‍ വന്ന നിലാ ചന്ദ്രികേ...

നിന്‍ തൂവെണ് നിലാവെളിച്ചത്തെ
അറിയാതെ ഞാനിന്നു പ്രണയിച്ചു പോയി...

മൌനമായി നിന്നോട് ചേര്‍ന്നിരുന്നപ്പോള്‍
കൊതിച്ചുപോയി ഞാന്‍
ഈ രാത്രി പുലരാതിരുന്നെന്കിലെന്നു...
ഈ നിലാവകലാതിരുന്നെങ്കിലെന്നു...

ഈ മഞ്ഞില്‍ കുളിരുമ്പോള്‍
ഇരുളാലെ മൂടുമ്പോള്‍ ....
കൊതിക്കുന്നു ഞാനീ രാവില്‍ മൂകം...
നിന്‍ മാറില്‍ മയങ്ങാന്‍ മാത്രം.

Monday, February 8, 2010

പകുതിയില്‍ മുടങ്ങിയ ഒരു ചര്‍ച്ച


അലോരസമായ ഗള്‍ഫ്‌ ജീവിതത്തില്‍ അത്ഭുതകരമായ ഒരു സംഭവം. യോഗ്യതയില്ലാത്ത എനിക്ക് ഒരു മാസത്തിനു ഓഫീസ് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കേണ്ടി വന്നു. എന്നെ സംബന്ധിച്ച് ഇത് ശരിക്കും ഒരു അത്ഭുതം തന്നെയാണ്. ലീവിന് പോയതായിരുന്ന സെക്രട്ടറി മോന്‍സി അച്ചായന്‍ എല്ലാ ഡോകുമെന്റ്സിന്റെയും ഫോര്‍മാറ്റുകള്‍ സേവ് ചെയ്തു വച്ചിരുന്നത് കൊണ്ട്, എനിക്ക് വലിയ ബുദ്ദിമുട്ടു അനുഭവിക്കേണ്ടി വന്നില്ല. അങ്ങനെ ആ കശേരയില്‍ പണിയൊന്നുമില്ലാതെ (ആ സമയത്ത് കമ്പിക്കു വര്‍ക്ക്‌ കുറവായിരുന്നു) ഇങ്ങനെ ചാരി ഇരിക്കുമ്പോഴാണ്, കമ്പനിയുടെ പേരില്‍ ഒരു ടേബിള്‍ കാലണ്ടെര്‍ സ്വന്തയായി ഡിസൈന്‍ ചെയ്താലോ എന്ന് ഒരു ബോധോദയം ഉണ്ടായത്. പുതിയതായി സ്വയം പഠിക്കാന്‍ ശ്രമിക്കുന്ന സോഫ്റ്റ്‌വെയര്‍ ഇല്ലസ്ട്രെടരില്‍ ഒരു പരീക്ഷണം കൂടിയാകുമല്ലോ എന്ന് കരുതി. അന്ന് തന്നെ റൂമില്‍ ഇരുന്നു സംഭവം റെഡിയാക്കി. സാമ്പിള്‍ രണ്ടു പേജ്. അത് കാണിച്ചപ്പോള്‍ ചില മേലധികാരികള്‍ നല്ല അഭിപ്രായം പറഞ്ഞു. അത് കൊണ്ട് ഞാന്‍ ബാക്കി കൂടി ചെയ്തു, ലാമിനേറ്റ് ചെയ്തു അട്മിനിട്രഷന്‍ മാനേജര്‍ക്ക് കൊടുത്തു, അദ്ദേഹം അത് ജെനറല്‍ മാനേജരെ കാണിക്കട്ടെ എന്ന് പറഞ്ഞു.

അടുത്ത ഒരു ദിവസം അട്മിനിട്രഷന്‍ മാനേജര്‍ എന്നോട് പറഞ്ഞു, ജെനറല്‍ മാനേജര്‍ക്ക് അത് ഇഷ്ടമായി അതിലെ ഫോട്ടോസ് കുറെ കൂടി നല്ലത് സെലക്ട്‌ ചെയ്യാന്‍ പറഞ്ഞിട്ടുണ്ട് അത് ചെയ്തോളു എന്ന്. എനിക്കും സന്തോഷമായി. ഒരു ലാഭവും പ്രതീക്ഷിച്ചല്ല, വെറുതെയിരിക്കുന്ന ഈ സമയത്ത് എനിക്ക് സോഫ്റ്റ്‌വെയര്‍ പഠിക്കാനും താല്പര്യം തോന്നി. ഞാന്‍ അങ്ങനെയാണ്, എന്തെങ്കിലും ടെക്നികല്‍ ആയി പഠിക്കാന്‍ എന്തെങ്കിലും അവസരം കിട്ടിയാല്‍ ഒഴിവാക്കില്ല. photography, videography, photoshop, coreldraw, video editing softwares(pinnacle, ulead, premiere pro, sony vegas) ms office, typing ഇതിലെല്ലാം ഒരു വിധം ഞാന്‍ പയറ്റും. ഇതെല്ലാം സ്വയം പഠിച്ചതാണ്, എന്റെ ചില സുഹൃത്തുക്കളും സഹായിച്ചിട്ടുണ്ട്. ഇതൊന്നുമല്ല ഇവിടുത്തെ വിഷയം.

അന്ന് ഓഫീസില്‍ ജെനറല്‍ മാനേജര്‍ ഉണ്ടായിരുന്നു. മുകളിലത്തെ നിലയില്‍ കോണ്ഫെരന്‍സ് റൂമില്‍, എന്ജിനീരുമാരും അഡ്മിന്‍ സ്റ്റാഫും എല്ലാമാടങ്ങുന്നവരുമായി കൂലങ്കഷമായ ചര്‍ച്ച നടക്കുകയാണ്. ഓഫീസ് ബോയ്‌ വന്നു എന്നെ GM വിളിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ശങ്കിച്ചാണ് ഞാന്‍ ചെന്നത്. മീറ്റിംഗ് കഴിഞ്ഞ് GM നെ കാണാന്‍ മറ്റൊരു സ്റ്റാഫ് റൂമിന് പുറത്തു കാത്തു നില്‍ക്കുകയാണ്. വാതില്‍ തുറന്നു കിടക്കുന്നത് കണ്ടു എത്തി നോക്കിയാ എന്നെ GM കണ്ടു അദ്ദേഹം എന്നെ അകത്തേക്ക് വിളിച്ചു. എന്ജിനീരുമാരും മറ്റും ടാബിളിനു ചുറ്റും ഇരിക്കുന്നുണ്ട്‌.GM എഴുന്നേറ്റു വന്നു എന്നെ മറ്റൊരു റൂമിലേക്ക്‌ വിളിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ പുറകെ ചെന്നു. അവിടെ അദ്ദേഹവും ഞാനും മുഖാമുഖം ഇരുന്നു. എന്നും ഉച്ചത്തില്‍ സംസാരിക്കുമായിരുന്ന അദ്ദേഹം അന്ന് വളരെ സൌമ്യനായിരുന്നു. എന്നോട് ചോദിക്ക്, "കുമാര്‍, നമ്മുടെ കമ്പനി കുറെ കൂടി മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍..... കുമാറിന്റെ അഭിപ്രായം പറയു." ഞാന്‍ കൈ രണ്ടും ടാബിലേക്ക് ഊന്നി മുന്നോട്ടാഞ്ഞിരുന്നു, പറഞ്ഞു "സര്‍, സാറിനറിയാമോ നമ്മുടെ കമ്പനിയില്‍ എത്ര പേര്‍ പണിയെടുക്കാതെ, ഉറങ്ങി സാലറി വാങ്ങുന്നു എന്ന്...?" മലയാളം സംസാരിക്കുന്നത് പോലെയാണ് അമേരിക്കന്‍ പൌരത്വമുള്ള ലെബെനെസ് ആയ അദ്ദേഹത്തോട് സംസാരിച്ചത്. തൊഴിലാളികളുടെ മനസ് അറിയാവുന്ന അദ്ദേഹം, അതിനെ ചിരിച്ചു അവഗണിച്ചു കൊണ്ട്.."കുമാര്‍, ഞാന്‍ പറഞ്ഞത് കുമാറിന് മനസ്സിലാ................... " പെട്ടന്നാണ് മൊബൈല്‍ ശബ്ദിച്ചത്, ചൈന മോഡല്‍ ആപ്പിള്‍ ഫോണിലെ "snooze" ബട്ടന്‍ അമര്‍ത്തി, പകുതില്‍ നിന്നു പോയ ആ ചര്‍ച്ച മുഴുമിക്കാന്‍. എന്റെ വാക്കുകള്‍ക്കായി വെയിറ്റ് ചെയ്യുന്ന, ജെനറല്‍ മാനേജരെയും, എന്ജിനീരുമാരെയും, അഡ്മിന്‍ സ്റ്റാഫിനെയും പ്രതീക്ഷയിലേക്ക് നയിക്കാന്‍....
ഞാന്‍, വീണ്ടും തലയിണയില്‍ മുഖം പൂഴ്ത്തി കണ്ണുകളടച്ചു.......