Saturday, August 29, 2009

We Can't Rewind our Life....

ഒഫീസ്സിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ജോയ് മാത്യു. ഒരു പ്രശസ്ത കോണ്ട്രാക്ടിംഗ് കമ്പനിയിലെ ചീഫ്‌ എഞ്ചിനീയര്‍ ആണ് മിടുക്കനായ ജോയ് മാത്യു. ഭാര്യ നിമ്മിയും നാല് വയസ്സുള്ള മകള്‍ ഡയാനയും അടങ്ങുന്നതാണ് അവരുടെ കുടുംബം. ഭര്‍ത്താവിനു കഴിക്കുവാനുള്ള പ്രാതല്‍ തയ്യാറാക്കുകയാണ് നിമ്മി. അമ്മയുടെ പിറകെ വാശി പിടിച്ചു നടക്കുകയാണ് ഡയാന.'ദേ മോളു അടങ്ങി നിന്നെ.' എന്ന് മകളെ ശാസിച്ചു കൊണ്ട് ഭര്‍ത്താവിനുള്ള, പ്രാതലുമായി നിമ്മി ഡൈനിംഗ് ഹാളിലേക്ക്‌ കടന്നു.'അച്ചായാ, ദേ ബ്രേക്ഫാസ്റ്റ്‌ റെഡി.' പറഞ്ഞു കഴിഞ്ഞില്ല, അപ്പോഴേക്കും ബെഡ് റൂമിന്റെ കര്‍ട്ടന്‍ മാറ്റിക്കൊണ്ട് ജോയ് മാത്യു ഹാളിലേക്ക് കടന്നു.സ്യൂട്ട് കെയ്സ് മേശയില്‍ വച്ച്, കസേര വലിച്ചിട്ടു ഡൈനിംഗ് ടേബിളിനു മുന്നിലിരുന്നു. നിമ്മി പ്ലേറ്റെടുത്തു വച്ച് പ്രാതല്‍ വിളമ്പി. അപ്പോഴാണ്‌ ഡയാന അങ്ങോട്ട്‌ കടന്നു വന്നത്.'മമ്മി, നിച്ചും തോസ വേണം.' ഡയാന ഡൈനിംഗ് ടേബിളിനു അടുത്തെത്തി ഒരു കസേര വലിച്ചു ജോയ് മാത്യുവിന് അടുത്തേക്ക് നീക്കിയിട്ടു. നിമ്മി ഗ്ലാസ്സിലേക്ക്‌ ചായ പകര്‍ന്നു ജോയ് മാത്യുവിന്റെ അടുത്തേക്ക് നീക്കിവച്ചു കൊടുത്തു. കസേരയിലേക്ക് വലിഞ്ഞു കയറാന്‍ ശ്രമിക്കുകയായിരുന്നു ഡയാന. കയറുന്നതിനിടയില്‍ അവളുടെ കൈ തട്ടി മേശയില്‍ ഉണ്ടായിരുന്ന ചായഗ്ലാസ്സ് മറിഞ്ഞു ജോയ് മാത്യുവിന്റെ ദേഹത്തേക്ക് വീണു. ഒരു നിമിഷം സ്തബ്ധനായി തന്റെ വസ്ത്രത്തിലെക്ക് നോക്കി, പിന്നെ ജോയ് മാത്യുവിന് ദേഷ്യം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.പരിഭ്രമിച്ചിരിക്കുന്ന കുട്ടിയെ നോക്കി ശകാരവര്ഷം ചൊരിഞ്ഞു. അവള്‍ അലറിക്കരയാന്‍ തുടങ്ങി, അത് കണ്ട നിമ്മിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അവള്‍ മകളെ ചേര്‍ത്ത് പിടിച്ച്, ഭര്‍ത്താവിനോട് കയര്‍ത്തു. പിന്നെ ജോയ് മാത്യു കുറ്റങ്ങള്‍ മുഴുവനും നിമ്മിക്ക് മേല്‍ ചുമത്തി. നിമ്മി ഡയാനയെയും കൊണ്ട് അടുക്കളയിലേക്കു പോയി. അവള്‍ക്കു ദേഷ്യവും സങ്കടവും സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ജോയ് മാത്യു കൈയ്യിലെ വാച്ചില്‍ നോക്കി, സമയം ഒരുപാട് വൈകി. റൂമില്‍ കയറി ഇട്ടിരുന്ന വസ്ത്രം അഴിച്ചു ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു. ബാത്‌ റൂമില്‍ കയറി ശരീരം നനച്ചു തുടച്ച്, വസ്ത്രത്തിനായി തിരഞ്ഞു. അലമാരയിലെ വസ്ത്രങ്ങള്‍ എല്ലാം വലിച്ച് താഴെ വാരിയിട്ടു. പെട്ടന്ന് വസ്ത്രം മാറി വന്നു കാറില്‍ കയറി ഡോര്‍ വലിച്ചടച്ചു, സ്പീഡില്‍ ഓടിച്ചു പോയി. ജോയ് മാത്യുവിന്റെ മനസ്സ് ആകെ കലുഷിതമായിരുന്നു. മുന്നില കണ്ട ഒരു വാഹനത്തെ ഓവര്‍ ടെക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, പുറകില്‍ വരുന്ന വാഹനം ജോയ് ശ്രദ്ധിച്ചില്ല. ജോയ് മാത്യുവിന്റെ കാറില്‍ പുറകില്‍ വന്ന കാര്‍ ഇടിച്ചു. ജോയ് മാത്യുവിനെ BP കൂടി.
ഓഫീസിലെത്തിയപ്പോള്‍ ജോയ് ഒരുപാട് ലേറ്റ് ആയിരുന്നു. തലേന്ന് ഏല്‍പ്പിച്ച ജോലിയെ ചൊല്ലി മാനേജരുടെ വക ശാസനയായിരുന്നു ജോയ് മാത്യുവിനെ സ്വീകരിച്ചത്. ഓഫീസില്‍ എത്തിയപ്പോഴാണ് സ്യൂട്ട് കെയ്സ് എടുക്കാന്‍ മറന്ന കാര്യം ഓര്‍ത്തത്‌. ഓഫീസില്‍ ജോലികള്‍ എല്ലാം യാത്രികമായാണ് ചെയ്തത്. ജൂനിയെഴ്സിനോടും മറ്റും ചെറിയ കാര്യത്തിന് പോലും തട്ടിക്കയറിയത്‌ കാരണം, അവന്മാര്‍ ജോയ് മാത്യുവിന്റെ അടുത്ത് പതിവ് പോലെ തമാശ പറയാനോ മറ്റോ വന്നില്ല.
ഓഫീസ്സില്‍ നിന്നും പോകുമ്പൊള്‍ ഒരു ജോലിയും തീര്‍ക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയായിരുന്നു ജോയ് മാത്യുവിന്. നാളെക്കുള്ള ജോലി ഇരട്ടിയാണ്. പെട്ടന്നാണ് സ്കൂളില്‍ നിന്നും മോളെ എടുക്കേണ്ട കാര്യം ഓര്‍ത്തത്‌. ജോയ് കാര്‍ തിരിച്ചു. എന്നും രാവിലെ നിമ്മിയാണ് അവളെ സ്കൂളില്‍ കൊണ്ടുവന്നു വിടുക, വൈകീട്ട് ജോയ് മാത്യു ഓഫീസില്‍ നിന്നും വരുന്ന വഴി എടുക്കും. സ്കൂളിനു മുന്‍പില്‍ എത്തിയപ്പോള്‍ അവിടെ ആരെയും കണ്ടില്ല. സ്കൂള്‍ വിട്ടു എല്ലാരും പോയികഴിഞ്ഞിരുന്നു. അപ്പോഴാണ്‌ തന്‍ ഇന്ന് അല്പം വൈകിപ്പോയതു അയാള്‍ അറിയുന്നത്. മോള്‍ എങ്ങനെ പോയിട്ടുണ്ടാകും...? ജോയ് മാത്യു വീട്ടിലേക്കു ഫോണ്‍ ചെയ്തു. എന്നാല്‍ പ്രതികരണമൊന്നും കണ്ടില്ല. അയാളുടെ കാര്‍ പിന്നെ പറക്കുകയായിരുന്നു.
ഗേറ്റ് കടന്നപ്പോള്‍ കണ്ടു നിമ്മിയും ഡയാനയും വാതില്‍ തുറന്നു അകത്തേക്ക് കടക്കുന്നു. കാറിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയെങ്കിലും അവര്‍ ജോയ് മാത്യുവിനെ ശ്രദ്ധിക്കാതെ അകത്തേക്ക് കടന്നു. അവരെ ഫെസ് ചെയ്യാനുള്ള മടി കാരണം അവര്‍ പരസ്പരം മിണ്ടാന്‍ തയ്യാറായിരുന്നില്ല. ബെഡ് റൂമില്‍ തിരിഞ്ഞു കിടക്കുന്ന ഭാര്യയുടെ അടുത്ത് കിടക്കുമ്പോള്‍... അയാളുടെ മനസ്സ് ചുട്ടു പൊള്ളുന്നുണ്ടായിരുന്നു. കിടന്നു കൊണ്ട് അവന്‍ ആ ദിവസത്തെ പറ്റി ചിന്തിച്ചു.
ഡയാനയില്‍ നിന്നുമായിരുന്നു തുടക്കം... അവള്‍ കൊച്ചു കുഞ്ഞല്ലേ...! അറിയാതെ പറ്റിപ്പോയതല്ലേ..! രാവിലെ താന്‍ അല്പം സമനില പാലിച്ചിരുന്നെങ്കില്‍...! പരിഭ്രമിച്ചു പോയ മോളെ വഴക്ക് പറഞ്ഞതിന് പകരം, അവളെ സമാധാനിപ്പിച്ച്, വേറെ വസ്ത്രം മാറി ഓഫീസില്‍ പോയിരുന്നെങ്കില്‍... ഇന്നത്തെ ദിവസം എനിക്ക് ഇങ്ങനെയാകുമായിരുന്നോ...? ഇറങ്ങുമ്പോള്‍ സ്യൂട്ട്‌ കേസ് എടുക്കാന്‍ മറന്നു... കാറില്‍ കയറുമ്പോള്‍ ചിരിച്ചു കൊണ്ട് യാത്രയാക്കുന്ന നിമ്മിയെ കണ്ടില്ല... മുത്തം തരുന്ന എന്റെ പോന്നു മോളെ കണ്ടില്ല... ഓഫീസില്‍ ആകെ പ്രോബ്ലം, എല്ലാവരുമായി വഴക്ക്, ആകെ മൂഡ്‌ ഔട്ട്‌... തന്റെ ഒരു നിമിഷത്തെ ക്ഷമയില്ലായ്മയില്‍ നിന്നും, അറിവുകേടില്‍ നിന്നും മാത്രം ഉണ്ടായതാണ് ഈ ശപിക്കപ്പെട്ട ദിവസം....
ഈ ദിവസം ഒന്ന് പുറകോട്ടു പോയിരുന്നെങ്കില്‍ എന്ന് അപ്പോള്‍ അയാള്‍ ഓര്‍ത്തു...
ഒരിക്കലും തിരിച്ചുകിട്ടാത്ത നിമിഷങ്ങളെ ഓര്‍ത്തു പശ്ചാത്തപിക്കാന്‍ ഇടവരുത്താതെ... കടന്നു പോകുന്ന ആ നിമിഷങ്ങളെ മനപ്പുര്‍വ്വം നമ്മള്‍ എന്തിനു നശിപ്പിക്കുന്നു...?

1 comment: