Monday, August 17, 2009

സ്വപ്നം


ഇന്നും കടല്‍ ശാന്തമല്ല. കൂറ്റന്‍ കരിങ്കല്‍ ഭിത്തിയില്‍ ആഞ്ഞടിച്ചു ചിതറുന്ന തിരമാലകളെ കണ്ടപ്പോള്‍ സുനാമിയാണ് ഓര്‍മ്മയില്‍ വന്നത്. എത്രയോ ജീവനും ജീവിതങ്ങളും നിഷ്ക്കരുണം കവര്‍ന്നെടുത്ത പ്രകൃതിയുടെ വികൃതി. എല്ലായിടത്തും ജയിച്ച മനുഷ്യന് പക്ഷെ പ്രകൃതിയുടെ മുന്‍പില്‍ തോല്‍ക്കേണ്ടി വന്നു, പലവട്ടം. പ്രതികാര ദാഹിയായി മാറുന്ന പ്രകൃതിയുടെ മുന്‍പില്‍ മനുഷ്യന്‍ വെറുമൊരു പുഴുവായി തീരുന്ന അവസ്ഥ.മുത്തും പവിഴങ്ങളും ഉള്ളിലൊതുക്കി സുന്ദരമായ കടലില്‍ ആര്‍ത്തട്ടഹസിക്കുന്ന തിരമാലക്ക്, പവിഴക്കൊട്ടാരത്തിന് കാവല്‍ നില്‍ക്കുന്ന രാക്ഷസന്റെ ഭാവം,അത് ഒരലങ്കാരമായി തോന്നി, തിരമാലകള്‍ ഇല്ലാത്ത കടല്‍- എന്തോ ഒരു പൂര്‍ണ്ണത ഇല്ലാത്തത് പോലെ.ഇന്നലെയാണ്‌ ആദ്യമായി കടല്‍ കാണുന്നത്. പറയുമ്പോള്‍ വീട്ടില്‍ നിന്നും അധിക ദൂരമില്ല. ഇതുവരെ ഈ വഴിക്ക് വന്നിട്ടില്ല എന്ന് മാത്രം. വരുന്നവഴിക്ക് ആരോ പറയുന്നത് കേട്ടു കാലാവസ്ഥ ശരിയല്ല എന്ന്. ശരിയായിരുന്നു, ശരിക്കും പേടിച്ചുപോയി, കറുത്തിരുണ്ട ആകാശവും വിജനമായ തീരവും ഉയര്‍ന്നു വരുന്ന തിരമാലകളും കണ്ടപ്പോള്‍ തിരിച്ചോടുകയായിരുന്നു ചെയ്തത്. ആദ്യമായത് കൊണ്ടായിരിക്കാം. പക്ഷെ ഇന്ന് അല്പം ദൈര്യമൊക്കെ കിട്ടിയിട്ടുണ്ട്. ഹാ, ചിരിവരുന്നുണ്ടാകും അല്ലെ...? ആത്മഹത്യ ചെയ്യാന്‍ പോകുന്നവന് പേടിയോ എന്ന് തോന്നുന്നുണ്ടാകും അല്ലെ...? എന്താ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു എന്ന് കരുതി മനുഷ്യനല്ലാതാകുന്നുണ്ടോ...? പേടിക്കാതിരിക്കാന്‍, ഇത് നല്ല തമാശ. ഇനി ആത്മഹത്യ ചെയ്യാന്‍ എന്താ കാരണം എന്ന്, അല്ലെ...? അതിനു പ്രത്യേകിച്ചൊരു കാരണം വേണോ...? എന്നാലും ഒരു കാരണം ഉണ്ട് ട്ടോ... അത്... അത് എന്തായിരുന്നു!!! അതെ...ങും... അപകര്‍ഷത ബോധം എന്നാണോ പറയ്യാ അതിനു... അറിയില്ല...? ഒരു സ്വപ്ന ജീവിയായ എനിക്ക് തകരാന്‍ ഇതൊക്കെ പോരെ. പലതും നേടണം, ഒരുപാടുയരത്തില്‍ എത്തണം എന്നൊക്കെയുള്ള സ്വപനങ്ങളില്‍ ഒഴുകി നടക്കുകയായിരുന്നു. അത് തെറ്റാണോ എന്ന് അല്ലെ...? അല്ലേയല്ല. പക്ഷെ പഠിക്കേണ്ട കാലത്ത് ഉഴപ്പി നടന്നു, സാമാന്യ വിദ്യഭ്യാസം പോലുമില്ലാത്ത എനിക്ക് പറ്റിയതാണോ ഈ സ്വപനം കാണലോക്കെ...? എന്നേക്കാള്‍ യോഗ്യവാന്മാരായവരെ കാണുമ്പോള്‍ ശരിക്കും അപകര്‍ഷത ബോധം നുരകുത്തുന്നു. ഒരു പുഴുവനെന്ന തോന്നല്‍. ഇതൊക്കെ തന്നെ കാരണങ്ങള്‍. കേള്‍കുമ്പോള്‍ നിസ്സാരമായി തോന്നാം, പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഇത് 'അണ്‍-സഹിക്കബ്ള്‍' ആണ്. പിന്നെ ചാകാന്‍ കടല്‍ തിരഞ്ഞെടുത്തത്‌, ആരെയും ബുദ്ധിമുട്ടിക്കുകയും വേണ്ട, സ്വയം ബുദ്ധിമുട്ടുകയും വേണ്ട. 'കപ്പലണ്ടി' എന്നുള്ള അലര്‍ച്ച കേട്ട് നോക്കുമ്പോള്‍, കപ്പലണ്ടി പൊതിയും നീട്ടിപ്പിടിച്ചു നില്‍കുന്ന ചെക്കനെ കണ്ടപ്പോള്‍ ഒരു ചവിട്ടു വെച്ചുകൊടുക്കാന്‍ തോന്നി. 'വേണ്ട' എന്ന് പറയാനെ ദൈര്യം ഉണ്ടായുള്ളൂ. 'ഇത് ആദ്യേ പറഞ്ഞൂടായിരുന്നില്ലേ... ഇന്റെ തൊണ്ട പൊട്ടി' നീട്ടിയ പൊതി മറ്റേ കയിലെ ചെറിയ ഹാര്‍ഡ് ബോര്‍ഡ് പെട്ടിയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് അവന്‍ തിരിഞ്ഞു നടന്നു. അവന്റെ അഹങ്കാരത്തോടെയുള്ള പോക്ക് കണ്ടപ്പോള്‍ അതിശയം തോന്നി. 'ടോ...' ഡാ എന്ന് വിളിച്ചാല്‍ അവന്‍ തല്ലുമോ എന്ന് തോന്നി... അടുത്ത് വരന്‍ മടിച്ചു കൊണ്ട് അവന്‍ തിരിഞ്ഞു നോക്കി. പോക്കറ്റില്‍ നിന്നും പത്തു രൂപയുടെ നോട്ടു എടുക്കുന്നത് കണ്ടപ്പോള്‍ അവന്‍ സന്തോഷത്തോടെ അടുത്ത് വന്നു. അവന്റെ മുഖത്ത് നോക്കിയപ്പോള്‍ അവിടെ ഒരു ആകുലതകളും കണ്ടില്ല. 'നീയെത്ര വരെ പഠിച്ചിട്ടുണ്ട്..?' പത്തു രൂപാ നോട്ടു കയ്യില്‍ വെച്ച് കൊണ്ട് തന്നെ ചോദിച്ചു. അവന്റെ മുഖത്ത് അത്ഭുതം, പിന്നെ പരസ്യത്തില്‍ എന്നപോലെ 'പഠിക്കുകയോ...? ഞാനോ...? ഇന്നേവരെ സ്കൂളില്‍ പോയിട്ടില്ല' എന്ന കമന്റും. 'നിനക്ക് ഒരു സ്വപ്നവും ഇല്ലേ...? വലിയ ആളാകണം എന്ന്, കുറെ പണം സമ്പാദിക്കണം എന്ന്...' അവന്റെ മുഖത്ത് എന്നെ കളിയാകിയ ചിരി. 'ചേട്ടാ... മുന്പ് ഞാന്‍ ചെറിയ കുട്ടിയായിരുന്നു ഇപ്പൊ എനിക്ക് പതിനഞ്ച് വയസ്സ്... ഞാന്‍ വലുതാകുന്നില്ലേ...' ഞാന്‍ ശരിക്കും അന്തം വിട്ടുപോയി. 'പിന്നെ പണം... എനിക്കും എന്റെ അമ്മയ്ക്കും ജീവിക്കാന്‍ ഞാന്‍ സമ്പാദിക്കുന്നുണ്ട്... അതിനപ്പുറം എന്തിനാ പണം... പിന്നെ സ്വപ്നം ഉണ്ട്...' എനിക്ക് അത്ഭുതം തോന്നി. അവന്‍ കടലിനു നേരെ നോക്കി. പിന്നെ പതിയെ പറഞ്ഞു, ഒരു കഥ പറയുന്നത് പോലെ... 'ഈ കടലിനു അക്കരെ ഒരു കരയുണ്ട്... അവിടെ പവിഴങ്ങളും രത്നങ്ങളും കൊട് തീര്‍ത്ത ഒരു വലിയ കൊട്ടാരം, അവിടെ സുന്ദരിയായ ഒരു മത്സ്യകന്യകയുണ്ട്... ഭൂതങ്ങള്‍ കാവല്‍ നില്‍ക്കുന്ന ആ കൊട്ടാരത്തിന് അടുത്തെത്താന്‍ പോലും ആര്‍ക്കും കഴിഞ്ഞിട്ടില്ല, ഒരിക്കല്‍ അവിടെയെത്തി, ഭൂതങ്ങളെ വകവരുത്തി, ആ മത്സ്യകന്യകയെ സ്വന്തമാക്കണം... ആ കൊട്ടാരത്തില്‍ ഒരു ആയിരം വര്ഷം സുഖമായി ജീവിക്കണം...'അവന്‍ മുഖം തിരിച്ചു എന്നെ നോക്കി 'എന്താ, നടക്ക്വോ ചേട്ടാ...?' അവന്‍ ഒരു തമാശയായി ചോദിച്ചു. ഈ പയ്യന്‍ എത്ര നന്നായി സംസാരിക്കുന്നു എന്നോര്‍ത്ത് അത്ഭുതപ്പെട്ടിരിക്കുന്ന എന്നെ നോക്കി അവന്‍ വീണ്ടും അവന്‍ പറഞ്ഞു. 'ചേട്ടാ... സ്വപ്‌നങ്ങള്‍ എന്നും സ്വപ്‌നങ്ങള്‍ ആയി തന്നെ നില്കും... അതെല്ലാം നടക്കണമെന്ന് വാശിപിടിക്കുന്നത് ശരിയല്ലല്ലോ ചേട്ടാ...''അല്ല ചേട്ടാ, കപ്പലണ്ടി വേണ്ടേ...?' അവനു നേരെ രൂപാ നീട്ടി, ഒരു കപ്പലണ്ടി പൊതിയും ബാക്കി കാശും കൊടുത്തു അവന്‍ തിരിച്ചു നടന്നു. അവിടെ നിന്നും സാവധാനം എഴുന്നേറ്റു, മെല്ലെ തിരിഞ്ഞു നടന്നു.

No comments:

Post a Comment