Friday, August 28, 2009

എന്റെ ഗ്രാമം മറയാത്ത ഒരോര്‍മ്മ






നിളയുടെ തീരത്തെ സുന്ദരമായ ഒരു ഗ്രാമമാണ് എന്റേത്..കരയെ തഴുകിയൊഴുകുന്ന നിളയോട് കിന്നാരം പറയാന്‍ കൊതിക്കുന്ന സുന്ദരസന്ധ്യകള്‍.. നിളാതീരത്ത് കല്‍ഭിത്തിയില്‍ ഇരുന്നു നോക്കുമ്പോള്‍ കാണാം, കുറച്ചകലെ... അറബിക്കടലിലേക്ക് ഊളിയിടാന്‍ ഒരുങ്ങുന്ന സിന്ധൂരസൂര്യനെ...പിന്നെ, ഓളങ്ങള്‍ക്ക് മുകളില്‍ ആടിയുലയുന്ന കൊച്ചു തോണിയില്‍ നിന്നും വീശി എറിയുന്ന വലയില്‍ ജീവിതം തിരയുന്ന മീന്‍ പിടുത്തക്കാര്‍...എന്റെ ഗ്രാമത്തിനു നിള ഒരു അനുഗ്രഹമാണ്...ഉദിച്ചുയരുന്ന സൂര്യന് നേരെ, പുഴക്കരയില്‍ നിന്നും കുതിച്ചു ചാടുന്ന നാണമില്ലാത്ത പിള്ളേര്‍.. തല കുത്തി വെള്ളത്തില്‍ വീണുയരുമ്പോള്‍ മൂക്കിലും വായിലും നിറയെ വെള്ളമായിരിക്കും.. എത്ര തവണ ഇതുപോലെ വെള്ളം കുടിച്ചിട്ടുണ്ട് ഞാന്‍.. പുഴയെ എനിക്ക് പേടിയായിരുന്നു, വല്ല വലിയ മീനുകളും വന്നു കടിച്ചാലോ.. വെള്ളത്തിലൂടെ നടക്കുമ്പോള്‍ പേടിച്ചു പേടിച്ചു.. കൂടെയുള്ള ആളെ ഇറുകെ പിടിക്കും.. എന്നാലും വെള്ളം എനിക്ക് ഇഷ്ട്ടമാണ്... മഴക്കാലത്ത്... ചെറിയ ശീലക്കുടയും പിടിച്ചു, പുസ്തകസഞ്ചി മാറോടു ചേര്‍ത്തുപിടിച്ചു... വെള്ളം മൂടിക്കിടക്കുന്ന പാടവരമ്പത്ത് കൂടി നടന്നു പോകുമ്പൊള്‍ എത്ര തവണ തെന്നി വീണിട്ടുണ്ട്.. കൂട്ടുകാരെല്ലാവരും കളിയാക്കും.. ചിലപ്പോള്‍ കുടയില്‍ രണ്ടും മൂന്നും പേര്‍ ഉണ്ടായിരിക്കും... സ്ക്കൂളില്‍ എത്തുമ്പോഴേക്കും എല്ലാം നനഞ്ഞിട്ടുണ്ടാകും.. മഴ പെയ്യുമ്പോള്‍ എന്റെ ഗ്രാമം വളരെ സുന്ദരിയാണ്..
മാമ്പഴക്കാലമാകുമ്പോള്‍ നല്ല രസമാണ്... രാവിലെ ഉണര്‍ന്ന ഉടനെ ഓടും മാവിന്റെ ചുവട്ടിലേക്ക്‌... തലേന്നത്തെ കാറ്റിനു വീണു കിടക്കുന്ന മാമ്പഴത്തിനു വേണ്ടി പിന്നെ അവിടെ പിള്ളേരുടെ വഴക്കാണ്... മുട്ടിക്കുടിയന്‍ മാമ്പഴാമ... മരത്തില്‍ വെച്ചുരച്ചു അതിന്റെ കറ കളഞ്ഞു, മറാത്തി വെച്ച് തന്നെ മുട്ടിയുടച്ചു, ഒരു തല മാത്രം കടിച്ചു ഈമ്പി കുടിക്കുമ്പോള്‍ നല്ല മധുരം... പിന്നെ കൂട്ടുകാരോത്തു ഏറുപന്ത് കളിക്കുമ്പോള്‍ എന്തോരം ഏറു കിട്ടിയിട്ടുണ്ടെന്നോ... ഗോളി കളിച്ചതും വഴക്കിട്ടതും എല്ലാം ഓര്‍മ്മകളിലേക്ക് മറഞ്ഞു കൊണ്ടിരിക്കുന്നു... എന്റെ ഗ്രാമം എനിക്ക് തന്ന വിഷുക്കൈ നീട്ടങ്ങള്‍... വിഷുവിനു കണി കാണിക്കാന്‍ പോകുന്ന ഒരു പരിപാടിയുണ്ടായിരുന്നു... ഒരു മണിയാകുമ്പോള്‍ ഉണര്‍ന്നു കുളിച്ചു കണിക്കുള്ള സാധനങ്ങള്‍ എടുത്തു, നാലഞ്ച് പിള്ളേര്‍ തപ്പും തകിലും കൊട്ടി കണിപ്പാട്ടുമായി ഇറങ്ങും... കൃഷ്ണന്റെ ഫോട്ടോയും വെള്ളരിക്കയും കൊന്നപ്പൂവും കത്തിച്ചു വെച്ച തിരിയും ഒക്കെയുള്ള താളം ഉമ്മറ കോലായിയില്‍ വാതിലിനു നേരെ തിരിച്ചി വച്ച്, എല്ലാവരും ഒളിച്ചു നില്‍ക്കും.. എന്നിട്ട് കൊട്ടും പാട്ടുമായി വീട്ടുകാരെ ഉണര്‍ത്തും... അവര്‍ വന്നു താളത്തില്‍ പണം ഇട്ടു പ്രാര്‍ത്ഥിച്ചു മടങ്ങുന്നത് വരെ ഒളിച്ചു നില്‍ക്കും... രാവിലെ വീട്ടിലെ കാരണവന്മ്മാര്‍ കുട്ടികള്‍ക്ക് കൈനീട്ടവും കൊടുക്കും, കിട്ടിയ കാശുമായി രാവിലെ പടക്കകടയിലേക്ക് ഓടും... വിളക്കില്‍ നിന്നും കത്തിച്ചു തൂരെക്ക് എറിയുന്ന പടക്കങ്ങള്‍ പെട്ടുന്നതിനു മുന്‍പ് ചെവിയില്‍ വിരല്‍ തിരുകും... ഇന്ന് വിഷു ആശംസകളില്‍ മാത്രം ഒതുങ്ങുന്നു...
ഓണം അതിലും വലിയൊരു നഷ്ടമായിരുന്നു.. ഗ്രാമം വിടര്‍ന്നു നില്‍ക്കുന്ന കാലം.. തുമ്പയും കാക്കപ്പൂവും മുക്കുത്തിയും തെച്ചിയുമെല്ലാം ഓണത്തപ്പനെ വരവേല്‍ക്കുന്നു കാലം... അതൊരു ഉത്സവകാലമായിരുന്നു... സ്ക്കൂള്‍ പൂട്ടിയാല്‍ തുടങ്ങും ആ ഉല്‍സവങ്ങള്‍... മൈതാനത്തിനടുത്ത ഞാവല്‍ മരത്തില്‍ വലിഞ്ഞു കയറുക തുടങ്ങിയ സാഹസികതകള്‍ തുടങ്ങുന്നതും ആ സമയങ്ങളില്‍ ആണെന്നാണെന്റെ ഓര്‍മ്മ... 'സര്‍ക്കീട്ട്' തുടങ്ങുന്ന സമയം... നാടുമുഴുവന്‍ നടന്നു പുന്നക്കുരു, കശുവണ്ടി എന്നിവ പെറുക്കിയെടുത്ത്‌ വില്‍ക്കുന്ന ചെറിയ ചെറിയ സമ്പാദന ശീലം ചിലര്‍ക്കുണ്ടായിരുന്നു...അത്തം തുടങ്ങിയാല്‍ പൂക്കളം തീര്‍ക്കുവാന്‍ വഴക്കാണ്... തലേന്ന് നുള്ളിക്കൊണ്ട്വന്ന പൂക്കളുമായി എല്ലാവരും ചുറ്റുമിരുന്നു പൂക്കളം തീര്‍ക്കും... പിന്നെ പലതരം കളികള്‍... ഉണ്ഞാല്‍ ആടുക... എല്ലാം കൊണ്ടും ഗ്രാമത്തില്‍ അതൊരു ഉല്‍സവമാണ്... ഇന്ന് ഇങ്ങു ദൂരെ... എല്ലാം ഓര്‍മ്മകളുടെ തിരശീലയില്‍ മിന്നി മറയും... അച്ഛന്‍, അമ്മ, ചേട്ടന്‍, ചേച്ചിമാര്‍, അനിയത്തി എല്ലാ ബന്ധങ്ങളും മനസ്സില്‍ ആഴ്ന്നു ഇറങ്ങി നില്‍ക്കുന്നത് ആ ഗ്രാമത്തിന്റെ ഓര്‍മ്മകള്‍ അല്പമെങ്കിലും മനസ്സില്‍ ബാക്കി നില്‍ക്കുന്നത് കൊണ്ടായിരിക്കാം... ഇനിയും എനിക്ക് തിരിച്ചു കിട്ടുമോ എന്റെ ഗ്രാമത്തിന്റെ സ്നേഹം....

No comments:

Post a Comment