Tuesday, August 18, 2009

Multiple Personality

സിനിമ കണ്ടു, സിനിമ കൊട്ടകയില്‍ നിന്നും ഇറങ്ങി വരുമ്പോള്‍, മനസ്സിനുള്ളില്‍ പുതിയ തീരുമാനങ്ങള്‍ പലതും എടുത്തു കഴിഞ്ഞിരുന്നു.... പാവപ്പെട്ടവരെ സഹായിക്കുകയും അനീതിക്കെതിരെ പൊരുതുകയും ചെയ്ത സിനിമയിലെ ആ ശക്തനായ നായകനെ പോലെ, മനസ്സിലേക്കും ശരീരത്തിലേക്കും മുഴുവന്‍ ശക്തിയും ആര്‍ജിച്ചു കൊണ്ടാണ് നടന്നത്. ചിന്ത പിന്നെ കാട് കയറുകയായിരുന്നു.ഫുട്പാത്തിലുടെ നടക്കുമ്പോള്‍ കുറച്ചു മുന്‍പിലായി ഒരു ആള്‍ കൂട്ടം. അടുത്തേക്ക് ചെന്ന് അതിനുള്ളിലേക്ക്‌ നോക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനുള്ളിലേക്ക്‌ തിക്കി കയറാന്‍ ശ്രമിക്കുന്ന ഒരു മധ്യവയസ്ക്കനോട് ഞാന്‍ കാര്യം തിരക്കി, പക്ഷെ അയാള്‍ അത് കേട്ടതായി തോന്നിയില്ല. അടുത്ത് നിന്നിരുന്ന മറ്റൊരു ചെറുപ്പക്കാരന്‍ ആണ് മറുപടി പറഞ്ഞത്. ഒരു സ്ത്രീയുടെ മേല്‍ മോട്ടോര്‍ സൈക്കിള്‍ തട്ടിയത്രേ, റോഡിനു കുറുകെ ചാടിയതാണ്. അപകടത്തില്‍ പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാനുള്ള ജനങ്ങളുടെ ആ മനോഭാവം കണ്ടപ്പോള്‍ ഓരോ കേരളീയനും ആ സിനിമയിലെ നായകന്റെ മുഖം. സ്ത്രീക്ക്‌ എന്ത് പറ്റി എന്ന് അറിയുവാന്‍ ഒന്ന് എത്തിനോക്കാന്‍ ശ്രമിച്ചെങ്കിലും, നടന്നില്ല. അവരെ, ഒരു ഓട്ടോറിക്ഷയില്‍ എടുത്തു കയറ്റി അഞ്ചെട്ടു പേര്‍ വലിഞ്ഞു കയറി. പിന്നെ കുറെ പേര്‍ കയറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.എല്ലാവരും പിരിഞ്ഞു പോകാന്‍ തുടങ്ങിയപ്പോള്‍, ഒരാളെ സഹായിക്കാനുള്ള ഒരു അവസരം നഷ്ട്ടപ്പെട്ടത്തിന്റെ വിഷമത്തോടെയാണ് അവിടെ നിന്നും നടക്കാന്‍ തുടങ്ങിയത്. കൂട്ടത്തില്‍ നിന്നും ഒരാള്‍ നടക്കാന്‍ വിഷമിച്ചു കൊണ്ട് നിങ്ങുന്നത് കണ്ടപ്പോള്‍, അയാളെ ശ്രദ്ധിച്ചു. അപ്പുറത്ത് വീണു കിടക്കുന്ന ബൈക്കിനു അടുത്ത് ചെന്ന് അത് അയാള്‍ വളരെ വിഷമിച്ചു കൊണ്ട് നിവര്‍ത്താന്‍ ശ്രമിക്കുന്നു. അയാളുടെ അടുത്ത് ചെന്ന്, ബൈക്ക്‌ ഉയര്‍ത്താന്‍ അയാളെ സഹായിച്ചാല്‍ അതൊരു വലിയ സഹായമായിരിക്കും. "ഇവനൊക്കെ ഒരു വണ്ടി കയ്യില്‍ കിട്ടിയാല്‍ പിന്നെ, കണ്ണും നോട്ടവുമില്ലാതെയുള്ള മരണപ്പാച്ചിലാ." ആരോ പിന്നില്‍ നിന്നും പറഞ്ഞപ്പോള്‍ ശരിയാണെന്ന് തോന്നി. അവന്റെ തെറ്റ് കൊണ്ടല്ലേ അവനിത് പറ്റിയത്. ഇനിയിപ്പോ അവനെ സഹായിക്കാന്‍ നിന്നാല്‍ നേരം വൈകും. അവനില്‍ നിന്നും മുഖം തിരിച്ചു മുന്നോട്ടു നടന്നു.മുന്നോട്ടു നടക്കുമ്പോള്‍, മനസ്സില്‍ നിന്നും ആരോ വിളിച്ചു പറയുന്നു, നീ ചെയ്തത് ശരിയായില്ല എന്ന്. മനസ്സില്‍ വല്ലാത്ത കുറ്റബോധം തെറ്റ് ആരുടെ ഭാഗത്തായാലെന്താ അപകടത്തില്‍ പെട്ടവരെ സഹായിക്കുകയല്ലേ വേണ്ടത്.മെല്ലെ തിരിഞ്ഞു നോക്കിയപ്പോള്‍, അയാള്‍ ബൈക്ക്‌ നിവര്‍ത്തി വെച്ചിരിക്കുന്നു. ഇല്ലായിരുന്നെങ്കില്‍ പോയി സഹായിക്കാമായിരുന്നു. മനസ്സിന് ഒരു ആശ്വാസം കിട്ടി.

ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴും ആരെയെങ്കിലും സഹായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നായിരുന്നു ചിന്ത.ചിന്തിച്ചു കൊണ്ടങ്ങനെ നില്‍ക്കുമ്പോള്‍ ആണ് 'സാര്‍.... പശിക്കിത് ഒന്നുമേ ശാപ്പിടലെ..' എന്ന ശബ്ദം നോക്കിയപ്പോള്‍ കീറിപ്പറിഞ്ഞ കുപ്പായവും ട്രൌസറും ധരിച്ച ഒരു ചെറിയ പയ്യന്‍ അവിടെ നില്‍ക്കുന്നവര്‍ക്ക് നേരെ കൈ നീട്ടുന്നു. ഇവന്റെ അച്ഛനും അമ്മയ്ക്കും എല്ലാം ഇതുതന്നെയായിരിക്കും തൊഴില്‍. ഇപ്പോള്‍ തന്നെ എത്ര പേരുടെ അടുത്ത് നിന്ന് അവനു കാശ് കിട്ടിയിട്ടുണ്ടാകും... എന്നിട്ടും അവന്‍ വിശക്കുന്നു എന്ന്. ഇവന്മാര്‍ക്ക്‌ ഒരു തലവന്‍ ഉണ്ടായിരിക്കും, ഇങ്ങനെ കിട്ടുന്ന പൈസ അവനു കൊണ്ട് പോയി കൊടുക്കും. ആരോ പിറുപിറുക്കുന്നു.അവന്‍ അടുത്തെത്തിയപ്പോള്‍ അവനെ ശ്രദ്ധിക്കാതെ ബസ്സ്‌ വരുന്നുണ്ടോ എന്ന് എത്തി നോക്കുന്നതായി നടിച്ചു.ബസ്സ് കുറെ ദൂരം ചെന്നപ്പോള്‍ മധ്യഭാഗത്തായി ഇരിക്കാന്‍ സീറ്റ്‌ കിട്ടി. തിരക്ക് അധികം ഇല്ലെങ്കിലും കണ്ടക്ടര്‍ ആളുകളെ പിടിച്ചു മുന്നോട്ടു തള്ളുകയാണ്. വൃദ്ധന്മാരും ചെറുപ്പക്കാരുമായി ചിലര്‍ മുന്നിലേക്ക് തിക്കി കയറാന്‍ ശ്രമിക്കുന്നുണ്ട്.. എന്നാല്‍ കയൂക്കുള്ള ചില വിരുതന്മാര്‍ അവര്‍ക്ക് വഴി കൊടുക്കാതെ കമ്പിയില്‍ ബലമായി പിടിച്ചിരിക്കുന്നു. പുറകിലായി നില്‍ക്കുന്ന ഒരു കോളെജ് കുമാരി പെട്ടെന്ന് ഞെട്ടി പുറകില്‍ നില്‍ക്കുന്ന ഒരുവനെ രൂക്ഷമായൊന്നു നോക്കിയിട്ട്, ഒന്ന് മുന്നോട്ടു കയറിനിന്നു. എന്നാല്‍ പുറകില്‍ നിന്ന നാല്പതു കടന്ന കുമാരന്‍ വിടാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. എഴുന്നേറ്റു ചെന്ന് അവനെ പിടിച്ചു ഒന്ന് പൂശിയാലോ എന്ന് തോന്നി. "അല്ല എന്തിനു വെറുതെ വേണ്ടാത്ത പണിക്കു നില്‍ക്കണം, അവളുമാരും ഇതിനു വേണ്ടിയല്ലാതെ പിന്നെ എന്തിനാ പുറകില്‍ വന്നു നില്‍ക്കുന്നത്...?" ബസ്സില്‍ നിന്നും ഇറങ്ങിപ്പോകുമ്പോള്‍ മുന്നില്‍ നിന്നും കണ്ടക്ടറുടെ ശബ്ദം 'പുറകോട്ടു നിന്നെ... ദാ അവിടെ... ഒന്ന് പുറകോട്ടിറങ്ങി നില്‍ക്കാന്‍' .

9 comments:

  1. ഒരു ഡയറികുറുപ്പുപോലെ വല്ലാതെ ആകര്‍ഷിച്ചു

    ReplyDelete
  2. ശരി തന്നെ മൾപ്പിൾ.. ആർക്കെന്തു പറ്റിയാലും നമുക്കെന്താ...

    ReplyDelete
  3. മാഷെ, നന്നായിട്ടുണ്ട് ബാക്കി കൂടി എഴുതരുതോ?\

    ReplyDelete
  4. നമ്മളെല്ലാം ദിനേന കാണുന്നതും ചെയ്യുന്നതും. പിന്നീട് സ്വയം കുറ്റബോധം തോന്നുന്നതും. രതീ മനസിൽ തട്ടി എന്നു വെറുതെ പറയുകയല്ല. ചിന്തിക്കാൻ കുറേയേറെയുണ്ട്, നമ്മൾ തയ്യാറാകുകയാണെങ്കിൽ.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete