Thursday, August 20, 2009

എന്റെ പ്രണയം, എന്റെ മാത്രം പ്രണയം...

പ്രണയം, അത് എല്ലാവരുടെയും അക്ഷരങ്ങളില്‍ തിളങ്ങുന്നു....ഞാനും എന്റെ പ്രണയത്തെ കുറിച്ച് പറയട്ടെ...ആദ്യമായി ഞാന്‍ പ്രണയിക്കാന്‍ തുടങ്ങിയത്, 7th ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ്. അവള്‍ ഒരു വെളുത്തു മെലിഞ്ഞ ചുരുണ്ട മുടികളുള്ള അടക്കവും ഒതുക്കവും ഉള്ള ഒരു കുട്ടിയായിരുന്നു. 6th ല്‍ പഠിക്കുന്ന അവളോട്‌ എനിക്ക് തോന്നിയത് പ്രണയമായിരുന്നു എന്ന് ഞാന്‍ പറയില്ല. കാരണം പ്രണയത്തിന്റെ ആഴവും പരപ്പും ഒന്നും എനിക്കന്നു അറിയില്ലായിരുന്നു. എന്നെ പറ്റി പറയാന്‍ അധികമൊന്നുമില്ല. ഞാന്‍ ഒരു big '0' ആയിരുന്നു. എന്നുവെച്ച്‌ ചില 'തെറിച്ച' '0'കളെ പോലെ കയ്യും കാലും വച്ച് 'തെമ്മാടിത്തരങ്ങള്‍' കാട്ടാത്ത പാവം ആയിരുന്നു ഞാന്‍ (ഇപ്പോള്‍ അല്പം മാറ്റം ഉണ്ടെന്നു തോന്നുന്നു). പക്ഷെ അവള്‍ നല്ല മിടുക്കിയായിരുന്നു. നന്നായി പഠിക്കുന്ന, കണ്ടാലെ നല്ല കുടുംബത്തില്‍ പിറന്നത് ആണെന്ന് ആരും പറയുന്ന ഒരു കുട്ടി (നല്ല കുടുംബം എന്ന് പറയണമെങ്കില്‍ കുറച്ചു 'ചിക്കിളി' വേണം).അവള്‍ കൂട്ടുകാരികളുടെ കൂടെ പോകുന്നതും, കളിക്കുന്നതും എല്ലാം ഞാന്‍ ഒളിഞ്ഞു നിന്ന് കാണുമായിരുന്നു. പലപ്പോഴും ആ പ്രായത്തില്‍ പോലും, അവള്‍ ഒരു മാലാഖയെ പോലെ പറന്നു വരുന്നത് ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്. (ആ പ്രായത്തില്‍ ഉള്ള കുട്ടികള്‍ അങ്ങനെ ഉള്ള സ്വപ്‌നങ്ങള്‍ കാണാറുണ്ടോ എന്ന് എനിക്കറിയില്ല.). ഒരു പ്രത്യേകത ഇല്ലെങ്കിലും എന്നെ ആകര്‍ഷിക്കാന്‍ പോന്ന എന്തൊക്കെയോ അവളില്‍ ഉണ്ടായിരുന്നു. അവളുടെ അടുത്ത് പോകാനോ, എന്റെ മനസ്സില്‍ ഉള്ളത് പറയാനോ എനിക്ക് ദൈര്യമുണ്ടായിരുന്നില്ല. അങ്ങനെ ആ 'one way track' യാത്ര, High school ജീവിതത്തിലും വലിയ മാറ്റങ്ങള്‍ ഇല്ലാതെ തുടര്‍ന്നു. പിന്നെ sslc കഴിഞ്ഞു, സാമ്പത്തിക സാഹചര്യങ്ങള്‍ അനുവദിക്കാത്തത് കാരണം തുടര്‍ വിദ്യഭ്യാസം നിറുത്തി, എനിക്ക് ജോലിക്ക് പോകേണ്ടി വന്നു. പിന്നെ വീണ്ടും അഞ്ചു വര്‍ഷത്തോളം ആ പ്രണയം മനസ്സില്‍ കിടന്നു. ഞാന്‍ എല്ലാ വിഷയവും കൂട്ടുകാരോട് തുറന്നു പറയുന്ന പ്രകൃതമായിരുന്നു. ഇതും, ആ എട്ടു വര്‍ഷത്തിനിടയില്‍ എനിക്കുണ്ടായിട്ടുള്ള എന്റെ എല്ലാ കൂട്ടുകാരോടും പറഞ്ഞിട്ടുണ്ട് എന്നാണ് എന്റെ ഓര്‍മ്മ. പക്ഷെ ഇത്രയും കാലം ആയിട്ടും അവളോട്‌ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നില്ല എന്ന് മാത്രം. അവള്‍ക്ക്‌ മനസ്സിലായിട്ടുണ്ട് എന്ന് എനിക്ക് തോന്നിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.(അത് വെറും തോന്നലായിരിക്കാം).പിന്നീട് മനസ്സിന് പക്വത വന്നപ്പോള്‍, പ്രണയത്തിനു മനസ്സില്‍ പുതിയ സങ്കല്പങ്ങളും രൂപങ്ങളും കണ്ടുതുടങ്ങിയപ്പോള്‍, അവള്‍ എന്നെക്കാളും സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തില്‍ ഉള്ളതാണെന്നും, എപ്പോഴോ പരിചയപ്പെട്ട ഒരാളുടെ മകളാണെന്നും അറിഞ്ഞപ്പോള്‍, എന്റെ കാമുകി അവളില്‍ നിന്നും വിട്ടുപിരിയാന്‍ തുടങ്ങി...

പിന്നീടെപ്പൊഴോ എന്റെ പ്രണയം ആത്മാവ് മാത്രമായി...
എന്റെ പ്രണയ സങ്കല്പങ്ങള്‍ക്കും പുതിയ ചിറകു മുളച്ച കാലം, അന്നോരിക്കലാണ് എന്റെ സങ്കല്‍പങ്ങളിലെ പ്രണയത്തിനു രൂപവും ഭാവവും നല്‍കി, അവള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്...

അവളെ പറ്റി പറയാന്‍ ഒരുപാടുണ്ട്. ജീവിതത്തില്‍ ഞാന്‍ ആഗ്രഹിച്ചത്‌ എന്തായിരുന്നോ അതായിരുന്നു അവള്‍. പലപ്പോഴും ഞാനവളെ വഴക്ക് പറഞ്ഞിട്ടുണ്ട് കളിയാക്കിയിട്ടുണ്ട്, അപ്പോഴൊന്നും എന്റെ സ്നേഹം ഞാന്‍ അവളോട്‌ തുറന്നു പറഞ്ഞിരുന്നില്ല. അവള്‍ക്ക്‌ അറിയാമായിരുന്നു എങ്കിലും, അറിയാത്ത ഭാവം നടിച്ചു. അപ്പോഴെല്ലാം അവളോടുള്ള എന്റെ സ്നേഹം കൂടുകയായിരുന്നു. ചെറിയ സുന്ദരമായ മുഖത്ത് കണ്ണാടയ്ക്ക് പുറകില്‍ തിളങ്ങുന്ന അവളുടെ വിടര്‍ന്ന കണ്ണുകള്‍, തടിച്ച പുരികം, അതിനിടയില്‍ മായാതെ കിടക്കുന്ന കുമ്പളക്കുരു പോലെയുള്ള ചന്ദനക്കുറി, വീതികുറഞ്ഞ മേല്‍ചുണ്ടിനു മുകളില്‍ ഭംഗിയുള്ള മൂക്കിനു താഴെയായി കുട്ടിക്കാലത്ത് എപ്പോഴോ ഉണ്ടായ ഒരു ചെറിയ മുറിപ്പാട്, പിന്നെ ഒതുങ്ങിയ ശരീരം. ഇത്രയുമായിരുന്നില്ല അവളെ എന്നിലേക്ക്‌ അടുപ്പിച്ചത്. ഇതിലെല്ലാം ഏറെ സുന്ദരമായ അവളുടെ മനസ്സാണ് എന്നെ അവളിലെയ്ക്കടുക്കാന്‍ പ്രേരിപ്പിച്ചത്. ഉണ്ണിമോള്‍ എന്ന് ഞാനവള്‍ക്ക്‌ പേരിട്ടു.ഒരിക്കല്‍ ഞാനെന്റെ സ്നേഹം അവളോട്‌ തുറന്നു പറഞ്ഞപ്പോള്‍, തനിക്ക്‌ സ്നേഹമുന്ടെന്നും അത് ഒരു ജ്യെഷ്ട്ടനോടെന്ന പോലെയാണെന്നും പറഞ്ഞു ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. അതവളെ വേദനിപ്പിച്ചു എങ്കിലും എന്നെ പിന്തിരിപ്പിക്കാന്‍ ആണ് അവള്‍ ശ്രമിച്ചത്. ഉദാഹരണത്തിന്, പ്രണയിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ച ആരെയോ കുറിച്ച് അവള്‍ പറഞ്ഞു. ഒരു പാട് സ്നേഹിച്ചു ഒടുവില്‍ വിവാഹം കഴിക്കാന്‍ കഴിയാതെ പോയാല്‍...? അവളുടെ സംശയമാതായിരുന്നു. അമ്മയുടെയും അച്ഛന്റെയും സമ്മതമില്ലാതെ, അവരെ വേദനിപ്പിച്ചു കൊണ്ട് ഒരിക്കലും കൂടെ വരില്ല എന്ന അവളുടെ വാക്കിനെ, സന്തോഷപൂര്‍വ്വം തന്നെയായിരുന്നു ഞാനും സ്വീകരിച്ചത്.പ്രണയം എന്നത് എന്താണ് എന്ന് ഞാന്‍ അവളില്‍ നിന്നും പഠിച്ചു. അവള്‍ എന്നെ സ്നേഹം കൊണ്ട് വീര്‍പ്പ്‌ മുട്ടിച്ചു. കുറഞ്ഞ ശബ്ദത്തില്‍, കുറച്ചു മാത്രം സംസാരിച്ചിരുന്ന അവള്‍ എപ്പോഴോ വാചാലയായി. പരസ്പരം മനസ്സ് തുറന്ന നിമിഷങ്ങള്‍. ഒരിക്കലും വിട്ടു പോകാതിരിക്കാന്‍ "എന്തെങ്കിലും" ഒക്കെ ചെയ്യണം എന്ന എന്റെ സുഹൃത്തുക്കളുടെ ഉപദേശത്തെ എനിക്ക് വെറുപ്പായിരുന്നു. മനസ്സറിയാതെ പോലും ഒരു തെറ്റും അവളോട്‌ ചെയ്യാന്‍ ഇടവരരുതേ എന്ന് എന്റെ മനസ്സ് പ്രാര്ഥിച്ചിരുന്നു. അവളുടെ കൈ എന്റെ കൈക്കുമ്പിളില്‍ ഞാന്‍ ചേര്‍ത്ത് പിടിക്കുമ്പോള്‍ അവളുടെ ഹൃദയതാളം എനിക്ക് കേള്‍ക്കാമായിരുന്നു.. ചിലപ്പോള്‍ എന്റെ കൈകള്‍ അവള്‍ അമര്‍ത്തിപ്പിടിക്കും. ഹൃദയത്തിലേക്ക് വലിച്ചടുപ്പിക്കും പോലെ. അവളുടെ പുറംകയ്യില്‍ മുത്തമിടുംപോഴും, കൈ വിരലുകളില്‍ മൃദുവായ് കടിക്കുംപോഴും അവളുടെ കണ്ണുകള്‍ തിളങ്ങിയിരുന്നതു കണ്ണുനീരാല്‍ ആയിരുന്നോ...

മഴ എനിക്ക് വളരെ ഇഷ്ടമായിരുന്നു, പലപ്പോഴും മഴ നനഞ്ഞു ഞാന്‍, അവളെ കാണാന്‍ പോകാറുണ്ടായിരുന്നു.അപ്പോഴൊക്കെ അവള്‍ എന്റെ അരികില്‍ കൈകെട്ടി നിന്ന് മഴയിലേക്ക്‌ നോക്കി നില്‍ക്കുന്നത് ഞാന്‍ ശ്രദ്ദിച്ചിട്ടുണ്ട്. അപ്പോഴും അവളുടെ കണ്ണുകള്‍ തിളങ്ങുന്നത് കാണാമായിരുന്നു.

അങ്ങനെയിരിക്കെയാണ് എനിക്ക് ഗള്‍ഫില്‍ ജോലി ലഭിക്കുന്നത്‌. 'പോകാന്‍ തീരുമാനിച്ചോ' എന്ന് അവള്‍ ചോദിച്ചപ്പോള്‍ ആ സ്വരത്തിലെ ഇടര്‍ച്ച കേട്ട് എന്റെ മനസ്സ്‌ പിടഞ്ഞത് അവള്‍ അറിഞ്ഞിരിക്കണം... അത് കൊണ്ടായിരികണം അവള്‍ വേദനയോടെ എന്നെ നോക്കിയത്. അവള്‍ക്കു വേണ്ടി, എന്റെ കുടുംബത്തിനു വേണ്ടി, പിന്നെ എനിക്ക് വേണ്ടി ഗള്‍ഫില്‍ പോകണം എന്ന് തന്നെയായിരുന്നു തീരുമാനം. യാത്ര പറയുമ്പോള്‍ എന്റെ കയ്യില്‍ അമര്‍ത്തി പിടിച്ചുകൊണ്ടു അകെലെയെവിടെയോ നോക്കിയിരിക്കുകയായിരുന്നു അവള്‍. ആ കണ്ണുകള്‍ അപ്പോള്‍ തിളങ്ങിയത് കണ്ണുനീരാല്‍ ആയിരുന്നു.

മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ മെനഞ്ഞു കൊണ്ടുള്ള യാത്ര...

പിന്നെ ഫോണ്‍ ആയിരുന്നു ഏക ആശ്രയം. ഫോണ്‍ വിളിച്ചും, sms അയച്ചും, സ്നേഹം പങ്കുവെച്ചു. ജീവിതത്തെ കുറിച്ചു സ്വപങ്ങളും മോഹങ്ങളും നെയ്തു കൂട്ടി. അവളുടെ സംസാരവും ചിരിയും എന്റെ മനസ്സിന് ശക്തി പകരുന്നത് ഞാനറിയുന്നുണ്ടായിരുന്നു. 'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍... ഒരു മാത്ര വെറുതെ കൊതിച്ചു പോയി' എന്ന് അവള്‍ sms അയച്ചപ്പോള്‍ എന്റെ ഹൃദയം തുടിച്ചത്‌ അവള്‍ കേട്ടോ.....

ചിലപ്പോഴൊക്കെ അവള്‍ ചോദിക്കുമായിരുന്നു 'നമ്മള്‍ക്ക്‌ ഒന്ന് ചേരാന്‍ കഴിഞ്ഞില്ല എങ്കില്‍ ഏട്ടന്‍ എന്ത് ചെയ്യും' എന്ന്. എനിക്ക് അതെ പറ്റി ചിന്തിയ്ക്കാന്‍ കഴിയുമായിരുന്നില്ല. ഞാനവളെ വഴക്ക് പറയുമ്പോള്‍ അവള്‍ ചിരിക്കുകയാണ് പതിവ്. പിന്നെ പറയും 'അങ്ങനെ ഉണ്ടായാല്‍ ഏട്ടന്‍ വിഷമിക്കരുത്, എന്നെക്കാളും നല്ല ഒരു കുട്ടിയെ വിവാഹം കഴിച്ചു സുഖമായി ജീവിക്കണം' എന്ന്. എങ്ങനെ അവള്‍ക്ക്‌ ഇങ്ങനെ ചിന്തിയ്ക്കാന്‍ കഴിയുന്നു എന്നായിരുന്നു എന്റെ ചിന്ത... അതായിരുന്നു അവള്‍. തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന, തന്നെ താനാക്കിയ അച്ഛനെയും അമ്മയെയും വേദനിപ്പിക്കാന്‍ അവള്‍ക്കു കഴിയില്ലായിരുന്നു, അവളെ വേദനിപ്പിക്കാന്‍ എനിക്കും... പലപ്പോഴും അതിനെ കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വന്നിട്ടുണ്ട്.

പ്രണയം അനന്തമാണ്‌, മരിച്ചാലും മരിക്കത്തതായി പ്രണയം മാത്രമേയുള്ളൂ. കാമുകി, ഭാര്യാകുമ്പോഴും, നമ്മുടെ കുട്ടികളുടെ അമ്മയാകുമ്പോഴും, പിന്നെ മുത്തശ്ശി എന്ന് വിളിക്കപ്പെടുമ്പോഴും അവള്‍ എന്നും നമ്മുടെ കാമുകി തന്നെയായിരിക്കും. പിന്നെ മരണത്തില്‍ പോലും പിരിയാതെ, ആത്മാക്കള്‍ പരസ്പരം ഒന്നായി തീരുമ്പോള്‍ ആണ് ആ യാത്ര സഫലമാകുന്നത്. പ്രണയം പ്രണയമാകുന്നത്.‍ പ്രണയത്തെ പറ്റി എന്റെ കാഴ്ചപ്പാട് അതാണ്‌. ഞാന്‍ കണ്ട സ്വപ്നങ്ങളില്‍ എല്ലാം എന്റെ ഈ കാഴ്ചപ്പാടും കൂട്ടിനുണ്ടായിരുന്നു. എങ്കിലും കുടുംബജീവിതത്തെ കുറിച്ച് എനിക്ക് ചില മുന്‍വിധികള്‍ ഉണ്ടായിരുന്നു.

നാല് വര്‍ഷം കഴിഞ്ഞുള്ള ഞങ്ങളുടെ കുടുംബജീവിതം, അതിലെ ഇണക്കങ്ങളും പിണക്കങ്ങളും, ദുഖങ്ങളും സന്തോഷങ്ങളും എല്ലാം ഞങ്ങള്‍ സ്വപ്നം കണ്ടു. നാല് വര്‍ഷം അതായിരുന്നു ഞങ്ങള്‍ തീരുമാനിച്ച കാലാവധി. അവള്‍ക്ക്‌ പഠിക്കാനും, എനിക്ക് എന്റെ സാമ്പത്തിക ചുറ്റുപാട് മോശമല്ലാത്ത രീതിയില്‍ മെച്ചപ്പെടുത്താനും ഉള്ള കാലാവധി. എന്നാല്‍ അതിനെയെല്ലാം തകിടം മറിച്ച് കൊണ്ടായിരുന്നു അവളുടെ വീട്ടുകാര്,‍ അവള്‍ക്ക്‌ വിവാഹം ആലോചിക്കാന്‍ തുടങ്ങിയത്. അവളതെന്നെ അറിയിച്ചപ്പോള്‍ എന്റെ മനസ്സില്‍ ആശങ്കയുടെ വിത്ത് മുളച്ചു. ഞാനെന്റെ വീട്ടില്‍ വിവരമറിയിച്ചു. അവളുടെ അമ്മാവന്‍ എന്റെ പരിചയക്കാരന്‍ ആയിരുന്നു, എന്റെ സുഹൃത്ത് വിവരം അദ്ദേഹത്തോട് പറഞ്ഞപ്പോള്‍, എന്നെ അറിയാവുന്നത് കൊണ്ട് അദ്ദേഹത്തിന് ഇതില്‍ താല്പര്യമുണ്ടായി. എനിക്ക് വേണ്ടി അവളുടെ വീട്ടില്‍ പോയി സംസാരിച്ചു. അത് പ്രകാരം എന്റെ വീട്ടില്‍ നിന്നും മൂന്നുനാല് പേര്‍ അവളുടെ വീട്ടില്‍ ചെന്നു, ജാതകം നോക്കണ്ട എന്ന എന്റെ തീരുമാനം മനസ്സില്ലാതെയാണെങ്കിലും അവരും അംഗീകരിച്ചു (എനിക്ക് ജാതകം ഇല്ല) . അല്ലെങ്കില്‍ തന്നെ ജാതകമാണോ മനുഷ്യന്റെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നത്‌...? വിധിയെ ഞാന്‍ വിശ്വസിക്കുന്നു, എന്നാല്‍ ജാതകവും ഗ്രഹനിലയും നോക്കി ജീവിതം മുന്‍കൂട്ടിക്കാണുന്ന മനുഷ്യന്റെ ഈ കണ്ടുപിടുത്തങ്ങളെ ഞാന്‍ വെറുക്കുന്നു. മനസ്സുകള്‍ തമ്മില്‍ മനസ്സിലാക്കുന്നിടത്താണ് ജീവിതം വിജയിക്കുന്നതും തോല്‍ക്കുന്നതും. അങ്ങനെയല്ലേ...?

പ്രതീക്ഷകളുടെ നാമ്പ്‌ കണ്ടുതുടങ്ങിയെന്ന് തോന്നിയിരുന്ന ദിവസങ്ങള്‍. ഒരു ദിവസം എന്റെ വീട് കാണാന്‍ വന്ന അവര്‍, ജാതകം നോക്കണം എന്ന് പറഞ്ഞു. പിന്നെ വിളിച്ചറിയിച്ചു അത് ചേരില്ല എന്ന്.നടനത്തിനു താളം നിലച്ചത് പോലെ, സംഗീതത്തിനു ശ്രുതി പിഴച്ചത് പോലെ.....

എവിടെയായിരുന്നു എനിക്ക് തെറ്റിയത്...? ആത്മാര്‍ഥമായ സ്നേഹം ആരും കണ്ടില്ലേ...?നെടു വീര്‍പ്പുകളില്‍ നിന്നും മനസ്സ് ഗസലിലേക്ക്‌ വഴിതിരിഞ്ഞ ദിവസങ്ങള്‍...

എങ്കിലും എന്റെ മനസ്സിലെ പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നില്ല...

ആ സ്വരമൊന്നു കേള്‍ക്കുവാന്‍ കൊതിച്ച ദിവസങ്ങള്‍ ആയിരുന്നു പിന്നെ. അവള്‍ എന്നില്‍ നിന്നും ഒഴിഞ്ഞു മാറുകയാണെന്ന് എനിക്ക് മനസ്സിലായി. അവള്‍ക്ക്‌ എന്നെ മറക്കാന്‍ കഴിയില്ല എന്ന് എനിക്കറിയാമായിരുന്നു. എനിക്കവള്‍ നല്‍കിയത് ആത്മാര്‍ഥമായ സ്നേഹമായിരുന്നില്ല എന്ന് ഞാന്‍ ഒരിക്കലും പറയില്ല. കാരണം ഞാന്‍ അവളുടെ ഭാഗത്ത് നിന്നും ചിന്തിച്ചിട്ടുണ്ട്. പാവം എത്രത്തോളം വേദനിക്കുന്നുണ്ടാകും... എത്രത്തോളം കരഞ്ഞിട്ടുണ്ടാകും. അവളെ കുറിച്ച് ഓര്‍ക്കുമ്പോഴാണ് എനിക്ക് സങ്കടം. ഞാന്‍ കൊടുത്ത വാക്ക് എനിക്ക് സാധിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ നല്‍കിയ സ്വപ്‌നങ്ങള്‍ അവള്‍ക്ക്‌ സാക്ഷാല്‍കരിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല. എന്നെ കൂടാതെ അവള്‍ക്കു...............................................................

കൂടുതല്‍ പറയാന്‍ എനിക്ക് കഴിയില്ല... എന്റെ മനസ്സ് അസ്വസ്ഥമാണ്...

ബാക്കിയുണ്ടായിരുന്ന അല്പം പ്രതീക്ഷ മനസ്സില്‍ പേറികൊണ്ടായിരുന്നു അവധിക്കു നാട്ടിലേക്ക് തിരിച്ചത്. നേരിട്ട് ഒന്ന് കാണാന്‍, ഒന്ന് സംസാരിക്കാന്‍. പക്ഷെ, അതെല്ലാം നശിച്ച ദിവസങ്ങള്‍ ആയിരുന്നു. അവളുടെ പഴയ ഫോണ്‍ നമ്പര്‍ ഉപേക്ഷിച്ചിരുന്നു. എന്റെ സുഹൃത്ത് മുഖേന അവളുടെ വീട്ടിലെ നമ്പറിലേക്ക് വിളിച്ചു. അവള്‍ പക്ഷെ സംസാരിക്കാന്‍ താല്പര്യമില്ലത്തതായി തോന്നി. ഒരുപക്ഷെ അമ്മ അടുത്ത് ഉണ്ടായിരുന്നത് കാരണമായിരിക്കാം അല്ലെങ്കില്‍ എന്നില്‍ അവളോടുള്ള സ്നേഹത്തിന്റെ അളവ് കുറയ്ക്കുവാന്‍...! ചില വിശേഷങ്ങള്‍ തിരക്കിയതല്ലാതെ, ഒന്നും ചോദിക്കണോ പറയാനോ എനിക്ക് കഴിഞ്ഞില്ല. എന്റെ മനസ്സ് ആകെ ദുര്‍ബലമായിരുന്നു.

അപ്രതീക്ഷിതമായിട്ടായിരുന്നു ഒരിക്കല്‍ ബസ്‌ സ്റ്റാന്റില്‍ വച്ച് അവളെ കണ്ടത്. തല കുനിച്ചു നടന്നു വരുന്ന അവളെ കണ്ടപ്പോള്‍, എന്റെ ഹൃദയതാളം വേഗത്തിലായി. വിളിക്കണോ വേണ്ടയോ എന്ന് ശങ്കിച്ചു നിന്ന ഞാന്‍, അവള്‍ അടുത്തെത്തിയപ്പോള്‍ പെട്ടന്ന് വിളിച്ചു. ഞെട്ടി തിരിഞ്ഞ അവളുടെ മുഖം കണ്ടപ്പോള്‍ എന്റെ ഉള്ളൊന്നു പിടച്ചു. തെളിച്ചമില്ലാത്ത അവളുടെ മുഖം ഒന്ന് കൂടി വിളറി. അപ്പോഴും അധികമൊന്നും ചോദിക്കാന്‍ കഴിഞ്ഞില്ല. രണ്ടു പേരും രണ്ടു വഴിക്ക്, തിരിഞ്ഞുനോക്കാതെ നടക്കുമ്പോള്‍ അവളില്‍ നിന്നും എന്റെ കാമുകി അകന്നു പോയതായി എനിക്ക് തോന്നി. എന്നെ ഒരു നോക്ക് കാണാന്‍ കൊതിച്ച, അവളുടെ കണ്ണുകള്‍ ആയിരുന്നില്ല ഞാന്‍ കണ്ടത്, എന്റെ സാമിപ്യം കൊതിച്ച അവളുടെ മനസ്സിനെയും കാണാന്‍ കഴിഞ്ഞില്ല...

എല്ലാം അവള്‍ മൂടിവച്ചുവോ...
ആരെയും വേദനിപ്പിക്കാതിരിക്കാന്‍ അവള്‍ സ്വയം ഉരുകുകയായിരിക്കും...

എല്ലാ വേദനകളും ഉള്ളിലൊതുക്കി....ആരോടും പറയാതെ, എരിതീയില്‍ ഉരുകുന്ന, അവളിലേക്ക്‌ ഒരു കാലവര്‍ഷമായി പെയ്തിറങ്ങാന്‍ കൊതിച്ചു പോകുകയാണ് ഞാന്‍....

പക്ഷെ... ഞാനും അശക്തനായിരിക്കുന്നു...

ഉടഞ്ഞ മനസ്സുമായി, ആ അവധിക്കാലത്തെയും എന്റെ ജന്മത്തെയും ശപിച്ചു കൊണ്ട് ഞാന്‍ വീണ്ടും പറന്നു... ചുട്ടുപൊള്ളുന്ന യാഥാര്‍ത്ഥ്യത്തിലേക്ക്....

ഇനിയെന്തെന്നോ, എങ്ങനെയായിരിക്കുമെന്നോ എനിക്കറിയില്ല.... കാരണം അത് ഭാവിയാണ്... ചവിട്ടിമെതിക്കപ്പെട്ട പ്രതീക്ഷയുടെ നാമ്പുകളില്‍, ഏതോ ഒന്ന് എവിടെയോ തലയുയര്‍ത്തിയിരുന്നെങ്കില്‍.....

അങ്ങനെ ഒരു പ്രതീക്ഷ നിങ്ങള്‍ക്കുണ്ടോ...?

(തല്ക്കാലം ഞാനിതിവിടെ അവസാനിപ്പിക്കുന്നു)

2 comments:

  1. അവള്‍ക്ക്‌ എന്നെ മറക്കാന്‍ കഴിയില്ല എന്ന് എനിക്കറിയാമായിരുന്നു. എനിക്കവള്‍ നല്‍കിയത് ആത്മാര്‍ഥമായ സ്നേഹമായിരുന്നില്ല എന്ന് ഞാന്‍ ഒരിക്കലും പറയില്ല. കാരണം ഞാന്‍ അവളുടെ ഭാഗത്ത് നിന്നും ചിന്തിച്ചിട്ടുണ്ട്. പാവം എത്രത്തോളം വേദനിക്കുന്നുണ്ടാകും... എത്രത്തോളം കരഞ്ഞിട്ടുണ്ടാകും. അവളെ കുറിച്ച് ഓര്‍ക്കുമ്പോഴാണ് എനിക്ക് സങ്കടം.

    Very Touching...

    ReplyDelete