Monday, August 17, 2009

ഞാന്‍ കണ്ട സ്വപ്നം എന്റെതായിരുന്നില്ല.

ഇടവഴിയിലൂടെ സാവധാനം സൈക്കിളില്‍ പോകുമ്പോള്‍ മനസ്സില്‍ മുഴുവനും അവളുടെ മുഖമായിരുന്നു, പിന്നെ ഇന്നു പുലര്‍കാലത്ത്‌ കണ്ട സ്വപ്നവും. ഇന്നു മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം. അല്ലെങ്കിലും അവളെ പരിചയപ്പെട്ട അന്നുമുതല്‍ ജീവിതത്തിനു ഒരുപാടു മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സ്വപ്നത്തിന്റെ കാര്യം പറഞ്ഞാല്‍ അവള്‍ക്കും സന്തോഷമാകും. ഇന്നു നേരത്തെ തന്നെ ഇറങ്ങി. അമ്മ കാരണം തിരക്കിയപ്പോള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. അമ്മ അങ്ങനെയാ, എല്ലാറ്റിനും കാരണം അറിയണം. പ്രായപൂര്‍ത്തിയായ ചെക്കന്മാര്‍ക്ക്... എല്ലാ കാര്യവും അമ്മയോട് പറയാമോ...? ഹൊ!! ഇനി അര മണിക്കൂര്‍ കഴിഞ്ഞാലെ അവള്ക്ക് പോകാനുള്ള നേരമാകു. അതുവരെ ഇവിടെയൊക്കെ ഇങ്ങനെ കറങ്ങണം. അവളുടെ വീട്ടിനു മുന്നിലെത്തിയപ്പോള്‍ പതിവു പോലെ നീട്ടിയൊരു ബെല്ലടിച്ചു. കുളിക്കുകയായിരിക്കും, ഒന്നു റോഡ് വരെ പോയിട്ട് വരുമ്പോഴേക്കും സമയമാകും. സാവധാനം മുന്നോട്ടു നീങ്ങി.റോഡിനോട് അടുത്തെത്താന്‍ ആയപ്പോഴാണ് മുന്നില്‍ നടന്നു പോകുന്ന ആളെ ശ്രദ്ധിച്ചത്. പേരെടുത്തു വിളിച്ചപ്പോള്‍ ഞെട്ടിയിട്ടെന്ന പോലെയാണ് അവള്‍ തിരിഞ്ഞു നോക്കിയത്. സാധാരണ കാണാറുള്ള വികാരങ്ങള്‍ അല്ലായിരുന്നു അവളുടെ മുഖത്ത് കാണാന്‍ കഴിഞ്ഞത്. തല താഴ്ത്തി സാവധാനം മുന്നോട്ടു നടന്ന അവളോട്‌ നേരെത്തെ ഇറങ്ങിയതിന്റെ കാരണം തിരക്കിയപ്പോള്‍ 'ഒന്നുമില്ല' എന്ന ഒറ്റവാക്കില്‍ മറുപടി ഒതുക്കി. സന്തോഷം കാരണം അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. സൈക്കിളില്‍ നിന്നും ഇറങ്ങി സൈക്കിള്‍ തള്ളിക്കൊണ്ട് അവളുടെ കൂടെ മുന്നോട്ടു നടന്നു.'അതെ... ഞാന്‍ ഇന്നു വെളുപ്പാന്‍ കാലത്തു ഒരു സ്വപ്നം കണ്ടു' അവള്‍ ഒന്നും മിണ്ടിയില്ല.'കാലത്തു കാണുന്ന സ്വപ്‌നങ്ങള്‍ നടക്കും എന്ന മുതിര്‍ന്നവര്‍ പറയാറ്‌' അവള്‍ നടക്കുന്നതിനിടയില്‍ അവനെ ഒന്നു നോക്കി. അവളുടെ മുഖത്ത് നോക്കാതെ താഴെ റോഡില്‍ നോക്കി നടന്നു കൊണ്ടു തുടര്‍ന്നു'എന്താണെന്നു അറിയേണ്ടേ' മുഖമുയര്‍ത്തി അവളെ ഒന്നു നോക്കി, ' ഒരു വിവാഹം'പെട്ടന്ന് അവള്‍ നിന്നു, അവളുടെ മുഖത്ത് നോക്കി തുടര്‍ന്നു 'അതില്‍ നീ വധു... വരന്‍...'പറയാന്‍ തുടങ്ങും മുന്പേ അവള്‍ പുസ്തകത്തിനിടയില്‍ നിന്നും ഒരു കവര്‍ എടുത്തു അവന് നേരെ നീട്ടി.'വിവാഹത്തിന് വരണം' എന്ന ഒരു വാക്കില്‍ ലോകം ചവിട്ടി മെതിച്ചു കൊണ്ടു അവള്‍ നടന്നു പോയി...

No comments:

Post a Comment