Friday, September 8, 2017

വസുധ

1

ഓഫീസിൽ വലിയ തിരക്കില്ലാത്ത ഇരിക്കുന്പോഴാണ്, റിസെപ്ഷനിസ്റ്റ് ആൻ വിളിച്ചു ഒരു ഗസ്റ്റ് ഉണ്ടെന്ന് പറഞ്ഞത്. ഇങ്ങനെ ഇപ്പൊ ഒരു ഗസ്റ്റ് ആരാ എന്നാലോചിച്ചു, വസുന്ധര റിസപ്‌ഷനിലേക്ക് നടന്നു. റിസപ്‌ഷനിലെ സോഫയിൽ ഒരു അപരിചിതൻ, വസുന്ധര അയാളെ ശ്രദ്ധിക്കാതെ ആരാ ഗെസ്റ്റെന്ന് തിരക്കുന്പോൾ, പുറകിൽ നിന്നും ‘വസുധേ‘ എന്ന വിളി കേട്ട്, വസുന്ധര ഞെട്ടി തിരിഞ്ഞു, ഖനഘാംഭീര്യത്തോടെ വസുന്ധരയുടെ കാതുകളിലൂടെ തുളച്ചു കയറിയ ആ ശബ്ദം തുളഞ്ഞു കയറിയത് എവിടെയെന്ന് വസുന്ധരയ്ക്ക് നിശ്ചയമില്ല, എവിടെയൊക്കെയോ വസുന്ധരയ്ക്ക് മുറിഞ്ഞു.., എവിടെ നിന്നെല്ലാമോ രക്തം പൊടിഞ്ഞു.., കാതുകളിൽ നിന്നോ..?, ഹൃദയത്തിൽ നിന്നോ..? മസ്തിഷ്കത്തിൽ നിന്നോ..? തീവണ്ടിയുടെ നീണ്ട ചൂളംവിളി നിറുത്താതെ കാതുകളിൽ വന്നലച്ചു, തീവണ്ടി ജനാലയിലൂടെ കാലങ്ങൾ പുറകോട്ട് പാഞ്ഞു, വല്ലാതെ കിതച്ചു കൊണ്ട്.  വസുന്ധര ഒരു താങ്ങിനായി റിസെപ്ഷൻ കൗണ്ടറിൽ മുറുകെ പിടിച്ചു.

ആൻ വസുന്ധരയുടെ ചുമലിൽ പിടിച്ചു, ‘മാഡം, ആർ യു ഫൈൻ..?’

അർദ്ധപ്രജ്ഞയിൽ വസുന്ധര തലകുലുക്കി.

തീവണ്ടി ജനാലകൾ കണ്ണിൽ നിന്നും മാഞ്ഞപ്പോൾ പ്രത്യേകിച്ചൊരു ഭാവഭേദവും സോഫയിൽ ഇരുന്ന അപരിചിതൻ ഗൗരവത്തിൽ, അല്പം തലയെടുപ്പോടെ തന്നെത്തന്നെ നോക്കുന്നു. ‘വസുധ ഇരിക്ക്’ മുന്നിലെ സോഫായിലേക്ക് പുരികം ചലിപ്പിച്ചു ഗൗരവം വിടാതെ, കാലില്‍ കാല്‍ കയറ്റിവച്ച്, അയാൾ ഇരുന്നു.

വസുന്ധര യാന്ത്രികമായി അയാള്‍ക്ക് എതിരെ സോഫയിൽ ഇരുന്നു.  

2

വർഷങ്ങൾക്ക് പുറകിൽ കിതച്ചോടുന്ന കോച്ചിനുള്ളിൽ അയാൾക്ക് എതിരെ അവൾ ഇരുന്നു. ട്രെയിനിന്റെ സൈഡ് വിൻഡോയിലൂടെ തന്റെ ചിന്തകളിലേക്ക് ഉറ്റുനോക്കിക്കൊണ്ടു അയാൾ ഇരുന്നു.

വസുന്ധര അയാളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഒന്നിളകിയിരുന്നു. അയാള്‍ കണ്ണുകള്‍ തുറന്നുവച്ച് ഉറങ്ങുകയാണെന്ന് തോന്നി. അയാളുടെ മുഖത്തെ ശാന്തത, ഏതോ തപസ്വിയെ ഓര്‍മ്മിപ്പിച്ചു. പെട്ടന്ന് പരിസര ബോധം വീണ്ടെടുത്ത വസുന്ധര അയാളുടെ മുഖത്ത് നിന്നും കണ്ണുകള്‍ പിന്‍വലിച്ച്, പരിസരം ശ്രദ്ധിച്ചു. സ്ലീപ്പേര്‍ കോച്ചില്‍ ആളുകള്‍ കുറവായിരുന്നു. ഉറങ്ങിയും വായിച്ചും അവരവരുടെ ലോകത്ത് ഒതുങ്ങികൂടിയവര്‍.

‘എസ്‌ക്യൂസ് മി’ അല്പം മടിച്ചാണ് വസുന്ധര വിളിച്ചത്. ഓർമ്മകളിൽ എവിടെയോ തറഞ്ഞു നിന്നിരുന്ന അയാളുടെ കണ്ണിലെ കൃഷ്ണമണികൾ മാത്രം അവളുടെ നേർക്ക് ചലിച്ചു. അത് അവളുടെ വിടർന്ന കണ്ണുകളിൽ തറഞ്ഞു നിന്നു. അവളുടെ തിളക്കമാർന്ന കണ്ണുകളുടെ ആഴങ്ങളിലേക്ക് അയാൾ  മുങ്ങാങ്കുഴിയിട്ടു, അവിടെ അയാൾ നിറങ്ങളും നിലാവും സ്വപ്നങ്ങളും കണ്ടു.

അവൾ ചിരിക്കാൻ ശ്രമിച്ചു. പ്രത്യേകിച്ച് ഒരു ഭാവഭേദവും ഇല്ലാതെ അയാളുടെ കണ്ണുകൾ സ്വതവേ വിടർന്ന അവളുടെ ചുവന്ന ചുണ്ടുകളിലേക്ക് തെന്നി. ചുണ്ടുകൾക്ക് മുകളിലെ നേർത്ത രോമങ്ങളിൽ പൊടിഞ്ഞ വിയർപ്പു കണങ്ങളിൽ, ജനാലയ്ക്കു പുറത്ത് പുറകിലേക്ക് പാഞ്ഞുപോയിക്കൊണ്ടിരിക്കുന്ന തെരുവ് വിളക്കുകളുടെ പ്രതിഭിംബങ്ങള് മിന്നിക്കൊണ്ടിരിക്കുന്നു.

‘സണ്ണി…’ സംശയിച്ചു കൊണ്ടാണ് അവള്‍ ചോദിച്ചത്.

3

അയാള്‍ ഒന്നിളകിയിരുന്നു.

‘എന്താ പ്രതീക്ഷിചില്ലേ..?, സണ്ണിയുടെ ശബ്ദം അല്പം പരുഷമായിരുന്നു. അവളുടെ പ്രതികരണത്തിനെന്നോണം അയാള്‍ അവളെ തന്നെ നോക്കിയിരുന്നു. പതര്‍ച്ചയില്‍ നിന്നും മുക്തയാകാതെ എന്ത് പറയണമെന്നറിയാതെ പതറിപ്പോയ വസുന്ധര സമചിത്തത കൈവരുത്താന്‍ ശ്രമിച്ചു. ‘എങ്ങോട്ടെങ്കിലും പോകുമ്പോ ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടെ…’ സണ്ണി അസ്വസ്ഥനായി മുഖം തിരിച്ചു. വസുന്ധര അമ്പരന്നു പോയി. ‘മനുഷ്യനവിടെ തീ തിന്നാരുന്നു.’  വസുന്ധര എന്തോ പറയാനായി മുതിര്‍ന്നു. സണ്ണി അത് ശ്രദ്ധിക്കാതെ എഴുന്നേറ്റു, ’വസുദയെ കാണാഞ്ഞ് കുട്ടികളവിടെ വല്ലാതെ വിഷമിച്ചിരിക്ക്യാ.’ ‘സണ്ണി' വസുന്ധരയുടെ ശബ്ദം അറിയാതെ ഉയര്‍ന്നു, പെട്ടന്ന് സമചിത്തത വീണ്ടെടുത്ത്‌ അവള്‍ ചുറ്റും ശ്രദ്ധിച്ചു. ആന്‍ വസുന്ധരയുടെ ശബ്ദം കേട്ട് നോക്കുന്നു. വസുന്ധര ആനിനെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചു, ആന്‍ ചിരിച്ചു കൊണ്ട് തന്‍റെ ജോലികളിലേക്ക് തിരിഞ്ഞു. വസുന്ധര സണ്ണിക്ക് നേരെ തിരിഞ്ഞു. ‘സണ്ണി, എന്തൊക്കെയാ ഈ..?’ അടക്കിപ്പിടിച്ചുള്ള വസുന്ധരയുടെ ചോദ്യം സണ്ണി കേട്ടില്ലെന്നു തോന്നി. ‘നിന്നെ കാണാതെ എനിക്ക്  അധികനാൾ നിൽക്കാൻ കഴിയില്ലെന്ന് അറിയാവുന്നതല്ലേ നിനക്ക്.?’ സണ്ണിയുടെ ശബ്ദം അപ്പോഴ് മാത്രം ഒന്ന് പതറിപ്പോയി. മുഖം തിരിച്ചു വസുന്ധരയെ നോക്കുന്പോൾ കൺകോണിൽ നേരിയ നനവ് വസുന്ധര കണ്ടു.

എന്ത് പറയണമെന്നറിയാതെ വസുന്ധര നോക്കി നിൽക്കുന്പോൾ സണ്ണി ഓഫീസിന്റെ കോറിഡോറിലൂടെ പുറത്തേക്ക്  നടന്നു.

4

തീവണ്ടിയുടെ സൈഡ് വിൻഡോയിലൂടെ നിഴലും വെളിച്ചവും എത്തിനോക്കി, പരസ്പരം പുണർന്ന്  തിടുക്കപ്പെട്ടു പുറകിലേക്ക് പാഞ്ഞു പോയി. സീറ്റുകൾക്കിടയിലൂടെ സണ്ണി ഡോറിന് നേരെ  നടക്കുന്പോൾ നിഴലായി വസുന്ധര പിറകെ നടന്നു. രാത്രിയുടെ നിശബ്ദതയെ അലോസരപ്പെടുത്തിക്കൊണ്ട് ഏങ്ങലടിച്ചുകൊണ്ട് ട്രെയിൻ കടലുണ്ടി പാലത്തിലേക്ക് കയറി. നിലാവിന്റെ നീലവെളിച്ചത്തിൽ, കാറ്റിന്റെ താരാട്ടേറ്റു മയങ്ങിക്കിടന്ന പുഴ അസ്വസ്ഥതയോടെ ഒന്നിളകിക്കിടന്നു കാറ്റ് പിന്നെയും താരാട്ടുപാടി. അകലെ അപ്പോഴും തെല്ലകലെ തിരയും തീരവും പ്രണയലീലകളിൽ ഏർപ്പെട്ടു. വസുന്ധര പ്രകൃതിയെ അപ്പാടെ ഉള്ളിലേക്കാവാഹിക്കാനെന്നോണം കണ്ണുകളടച്ച് മുഖം മുകളിലേക്കുയർത്തി. കാറ്റിൽ പരന്ന അവളുടെ മുടിയിഴകൾ സണ്ണിയുടെ മുഖത്തെ തഴുകിക്കൊണ്ടിരുന്നു. അവൾ മെല്ലെ തല തിരിച്ച്, പുറകിൽ നിന്ന സണ്ണിയുടെ കണ്ണുകളിലേക്ക് നോക്കി. ’സണ്ണി,..’ ആ ശബ്ദം കാറ്റിനേക്കാളും ആർദ്രമാണെന്ന് സണ്ണിക്ക് തോന്നി. ‘സണ്ണിയുടെ ഓരോ അക്ഷരങ്ങളിലും പ്രണയമാണ്…’ പുഴയെ താരാട്ടിയ കാറ്റ് അവളെ ചുംബിച്ചെന്ന് തോന്നി., അവളുടെ വിടർന്ന ചുണ്ടിൽ നേർത്ത ജലകണങ്ങൾ തിളങ്ങി. അവൻ അവളുടെ അടുത്തേക്ക് ചേർന്ന് നിന്ന്, മെല്ലെ അവളെ ചേർത്ത് പിടിച്ചു, മുഖം അവളുടെ ചുമലിൽ കഴുത്തിനോട് ചേർത്ത് വച്ചു. വസുന്ധര പുറത്തേക്ക് നോക്കി. പാലം കഴിഞ്ഞിരുന്നു. ‘കടലും, കരയും, പുഴയും, കാറ്റും, ഭൂമിയും ആകാശവും…… ഭൂമിയിലെ ഒരു കണികയിൽ പോലും പ്രണയം..’ ‘അതെല്ലാം ഭൂമിയോടുള്ള എന്റെ പ്രണയമായിരുന്നു...’ വസുന്ധര, തന്റെ കവിൾ, സണ്ണിയുടെ മുഖത്തു മെല്ലെ ഉരസ്സി. സ്ട്രീറ്റ് ലൈറ്റുകളിൽ നിന്നും വന്ന വെളിച്ച അവരുടെ മേൽ പതിച്ചു കൊണ്ടിരുന്നു.’ഇരുളും വെളിച്ചവും ആലിംഗനത്തിലാണ് ‘ ‘അതെ., നമ്മളെ പോലെ..’ ‘വസുന്ധര കുളിരുകൊണ്ടു. സണ്ണിയുടെ കരവലയത്തിൽ മെല്ലെ അവനഭിമുഖമായി തിരിഞ്ഞു നിന്നു, അവനെ ഉൾക്കൊള്ളാനെന്നോണം. വസുന്ധരയുടെ കറുത്ത് വിടർന്ന കണ്ണുകളിൽ അവൻ കടൽ കണ്ടു… ഒരു കരയെ മുഴുവനും പുണരാനണഞ്ഞ തിര കണ്ടു.

5

‘മാഡം..’ റിസപ്‌ഷനിസ്റ് ആനിന്റെ ശബ്ദം കേട്ടാണ്, വർഷങ്ങൾക്ക് പുറകിൽ നിന്നും വസുന്ധര തിരിച്ചെത്തിയത്. ഒരിക്കൽ പോലും തിരിഞ്ഞു നോക്കാത്ത, അടച്ചുപൂട്ടി മാറാല കെട്ടിയ ഓർമ്മകളിലേക്ക് വര്ഷങ്ങൾക്ക് ശേഷം സ്വയമറിയാതെ തിരിച്ചു പോയതിൽ, വസുന്ധരയ്‌ക്ക് കുറ്റബോധം തോന്നി. മനസ്സ് വല്ലാതെ കലുഷിതമായി. സണ്ണി വന്നതും, സംസാരിച്ചതുമെല്ലാം സത്യമല്ലെന്നവൾ വിശ്വസിക്കാൻ ശ്രമിച്ചു. പൊരുത്തപ്പെടാൻ കഴിയാതെ എന്തെല്ലാമോ അയാൾ പറഞ്ഞു. ഇന്നലെ പിരിഞ്ഞവരെ പോലെ പരിഭവിച്ചു, വസുധ എന്ന ശബ്ദം, തീവണ്ടിയുടെ ഇരന്പലിൽ അലിഞ്ഞില്ലാതാകുന്നു. വസുന്ധര ഒരു ദീർഘ നിശ്വാസമെടുത്തു, അൽപനേരം അങ്ങനെ തന്നെ ഇരുന്നു.

6  

‘വസു’ ശബ്ദം കേട്ട്, ചിന്തകളിൽ നിന്നുനർന്ന വസുന്ധര, തന്നെത്തന്നെ അന്പരന്നു നോക്കുന്ന ഭർത്താവിനെയും മക്കളെയുമാണ്. ‘എന്ത് പറ്റിയെടോ തനിക്ക്.? വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു’ രാജശേഖരന്റെ ചോദ്യത്തിന് ‘nothing’ എന്ന് അലസമായി മറുപടി കൊടുക്കുന്പോഴും വസുന്ധരയുടെ മനസ്സ് കത്തുകയായിരുന്നു, ആ തീയിൽ എരിഞ്ഞു തീർന്നിരുന്നെങ്കിൽ എന്നവൾ കൊതിച്ചു പോയി. ഭർത്താവിന്റെയും കുട്ടികളുടെയും കാര്യങ്ങൾ ശ്രദ്ധിക്കുന്നതിൽ വസുന്ധരയ്‌ക്ക് അന്ന് ആദ്യമായി പിഴവുപറ്റി. കഴിഞ്ഞ പതിനൊന്ന് വർഷത്തെ ദാന്പത്യജീവിതത്തിൽ ഒരു നല്ല ഭാര്യയായിരിക്കാൻ, ഒരു നല്ല അമ്മയായിരിക്കാൻ വസുന്ധര ശ്രദ്ധിച്ചിരുന്നു. വസുന്ധര അസ്വസ്ഥയാണെന്ന്  മനസ്സിലാക്കിയ രാജശേഖർ, കുട്ടികൾക്ക് അത് അനുഭവപ്പെടാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട്, അവരെ  കളിപ്പിച്ചും ചിരിപ്പിച്ചും പഠിപ്പിച്ചും അവരോടൊപ്പം കൂടുതൽ സമയം ചിലവഴിച്ചു. തന്നെ സ്വസ്ഥമായിരിക്കാൻ വിട്ട രാജശേഖറിനോട് വസുന്ധരയ്‌ക്ക്‌ സ്നേഹവും അനുകന്പയും തോന്നി. കൂടെ കുറ്റബോധവും. വസുന്ധര കണ്ണുകളടച്ച് സോഫയിലേക്ക് ചാരി.

7

‘വസുന്ധര’ അപരിചിത ശബ്ദം കേട്ട് വസുന്ധര ചെറുതായൊന്ന്  ഞെട്ടി. കുളക്കടവിലേക്കുള്ള ചെങ്കൽപ്പടിയിൽ, ബുക്ക് വായിച്ചിരിക്കുകയായിരുന്നു വസുന്ധര അപ്പോൾ. തല തിരിച്ചു നോക്കുന്പോൾ, ചിരിച്ചു കൊണ്ട് നിൽക്കുന്ന, അപരിചിതനായ ചെറുപ്പക്കാരൻ. ‘ഐ ആം രാജശേഖർ ‘ സുമുഖനായ ആ ചെറുപ്പക്കാരൻ സ്വയം പരിചയപ്പെടുത്തി. വസുന്ധര സ്വല്പം അനിഷ്ടത്തോടെ ചോദ്യഭാവത്തിൽ അയാളെ നോക്കി, പിന്നെ എവിടുന്നു വന്നു എന്ന ഭാവത്തിൽ, കൽപ്പടിയുടെ മുകളിലേക്ക് നോക്കി. ‘ചിറ്റാരിപ്പറന്പിലെ….!’ യുവാവ് ഒന്നുകൂടി വ്യക്തമാക്കാൻ പറഞ്ഞപ്പോൾ ആണ് വസുന്ധരയ്‌ക്ക് മനസ്സിലായത്. ‘ഭാസ്കരനങ്കിളിന്റെ….!’ ‘അതെ..’ ‘ഓഹ്… രാജു..’ വസുന്ധര ചിരിക്കാൻ ശ്രമിച്ചു. ‘ഹും… അപ്പൊ ഓർമ്മയുണ്ട്..!’ ‘പിന്നെന്താ… കൊച്ചു നാളില് കണ്ടതല്ലേ… ഇപ്പൊ വല്ല്യാളായിരിക്ക്ണ്… പെട്ടന്ന് മനസ്സിലായില്ല… അതിന്റെ….’ ‘വസുവും വലുതായി… കൊച്ചുനാളിൽ കണ്ട വികൃതിപ്പെണ്ണ് തന്നെയാണോന്നു സംശയിച്ചു.’ വസുന്ധര ചിരിച്ചെന്ന്  വരുത്തി. ‘ഇപ്പൊ വന്നത് ബുദ്ധിമുട്ടായോ...?’ ‘ഏയ്… അങ്കിളും ആന്റിയും ഒക്കെ വന്നിട്ടുണ്ടോ..?’ അവൾ മെല്ലെ പടികൾ കയറി. പിറകെ രാജുവും. ‘ഉണ്ട്.., അച്ഛനും വാസുദേവൻ അങ്കിളും ചിലതൊക്കെ തീരുമാനിച്ചിട്ടുണ്ടെന്നാ പറഞ്ഞത്…’ ‘എന്താത്..?’ ‘നമ്മടെ കല്യണം’ വസുന്ധരയ്‌ക്ക് ഷോക്ക് ഏറ്റത് പോലെ തോന്നി. അവളുടെ പ്രജ്ഞയെ കീറി മുറിച്ച് ഒരു തീവണ്ടി കിതച്ചു പാഞ്ഞു. രാജു കൽപ്പടികളിൽ നോക്കി, മെല്ലെ അവളോടൊപ്പം നടന്നു. ഉള്ളിൽ വീർപ്പുമുട്ടുന്ന എന്തോ ഒന്ന്, പൊട്ടിപ്പോയേക്കുമെന്ന് അവൾ ഭയന്നു. ‘കേട്ടപ്പോ എതിർത്തില്ല… കണ്ടപ്പോ പൂർണ്ണ സമ്മതായി..’ അവൾ നടത്തത്തിന് വേഗത കൂട്ടി. രാജു അന്പരന്നു നോക്കി.

വസുന്ധര ഉമ്മറത്തു ചെന്ന് കയറുന്പോൾ അച്ഛൻ വാസുദേവൻ നായരും, കുടുംബ സുഹൃത്ത് ഭാസ്‌ക്കരൻ നായരും കാര്യമായ ചർച്ചകളിലാണ്, വസുന്ധരയെ കണ്ടതും ഭാസ്‌ക്കരൻ നായർ വെളുക്കെ ചിരിച്ചു. ‘ഹാ… കുട്ട്യേ തെരക്കി രാജു അങ്ങട് വന്നാരുന്നല്ലോ…’ വസുന്ധര ചിരിക്കാൻ ശ്രമിച്ചു. അവളുടെ നോട്ടം വാസുദേവൻ നായരുടെ മുഖത്തു പതിഞ്ഞു. ആ നോട്ടത്തിൽ അയാൾ പതറി. മകളുടെ നോട്ടത്തിൽ പൊള്ളിയെന്നോണം, അയാൾ മുഖം തിരിച്ചു. വസുന്ധര അകത്തേക്ക് കയറി. അടുക്കളഭാഗത്ത് നിന്നും സ്ത്രീജനങ്ങളുടെ സംസാരങ്ങൾ കേൾക്കാം, അത് ശ്രദ്ധിക്കാതെ അവൾ മുറിക്കകത്ത് കയറി കതക് ചാരി, വിങ്ങൽ കടിച്ചമർത്താൻ ശ്രമിച്ചു കൊണ്ട്, കതകിൽ ചാരി നിലത്തിരുന്നു. വസുന്ധരയുടെയുള്ളിൽ ഒരഗ്നിപർവ്വതം പുകയുകയായിരുന്നു.

8

കടലിന്റെ താരാട്ട് കേട്ട്, സണ്ണിയുടെ നെഞ്ചിൽ മുഖം ചേർത്തുവച്ചു മണലിൽ കിടക്കുന്പോൾ, വസുന്ധരയുടെ ഹൃദയമിടിപ്പ്  സാധാരണയിലും വേഗത്തിലായിരുന്നു. കണ്ണുകളടച്ചു കിടന്ന സണ്ണി അവളുടെ ചുമലിൽ താളത്തിൽ തട്ടിക്കൊണ്ടിരുന്നു. അവൾ മുഖമുയർത്തി സണ്ണിയുടെ മുഖത്തേക്ക് നോക്കി. ‘സണ്ണി ‘ ‘ഉം‘  സണ്ണി കണ്ണുകൾ തുറക്കാതെ, അതെ കിടപ്പിൽ തന്നെ കിടന്നു. ‘എനിക്ക് സണ്ണിയുടെ ഹൃദയത്തോട് ചേർന്ന് എന്നും ഈ ചൂടേറ്റ്, ഈ തുടിപ്പറിഞ്ഞു ഇത് പോലെ, ഇങ്ങനെ  കിടക്കണം…‘ഈ കരയും കടലും പോലെ..’   സണ്ണി മുഖം താഴ്തി അവളുടെ കണ്ണുകളിലേക്ക് നോക്കി, അവളെ തന്നോട്  ചേർത്തമർത്തി. ‘വസുധയെന്ന ഭൂമിക്ക് നൽക്കാനുള്ളതാണ് ഈ സൂര്യന്റെ ജന്മം..’ ‘ങാഹാ..! കൊള്ളാലോ… വസുധയും സണ്ണിയും, ഭൂമിയും സൂര്യനും…’ വസുന്ധര കൈമുട്ട് കുത്തി  നിവർന്ന്  സണ്ണിയുടെ കണ്ണുകളിലേക്കു നോക്കി ചിരിച്ചു. പെട്ടന്ന് അവളുടെ മുഖത്തെ ചിരി മാഞ്ഞു. ‘പക്ഷെ രാത്രിയിൽ ഈ ഭൂമിയെ തനിച്ചാക്കി സൂര്യൻ എങ്ങും പോകരുത്…’ ‘ആര് പറഞ്ഞു സൂര്യൻ തനിച്ചാക്കുമെന്ന്? സൂര്യൻ എന്നും തന്നെ ചുറ്റുന്ന ഈ ഭൂമിയെ വിട്ട് എങ്ങും പോകില്ല…’ വസുന്ധരയുടെ കണ്ണുകളിൽ നനവ് പടർന്നു അവൾ സണ്ണിയുടെ  നെറ്റിയിൽ അമർത്തി ചുംബിച്ചു.

9

പാടവരന്പ് കഴിഞ്ഞ് പടിക്കെട്ട് കടന്നപ്പോൾ ആണ് എതിരെ നിന്നും മുണ്ടിത്തള്ള വരുന്നത് വസുന്ധര കണ്ടത്. വസുന്ധരയെ കണ്ടതും വാത്സല്ക്യത്തോടെ ചിരിച്ചു കൊണ്ട് വഴി ഒതുങ്ങി നിന്നു. മുണ്ടിത്തള്ള കുറെ കാലമായി വീട്ടിൽ അടുക്കളപ്പണിക്ക് ഉണ്ടായിരുന്നതാണ്, കുറച്ചു കാലമായി പ്രായാധിക്യത്താൽ പണിക്കൊന്നും വരാറില്ല. ‘ഹാ… മുണ്ടിത്തള്ളേ… ‘ വസുന്ധര ചിരിച്ചു കൊണ്ട് അടുത്ത് ചെന്ന് മുണ്ടിത്തള്ളയെ ചേർത്ത് പിടിച്ചു, സ്വദസിദ്ധമായ ചിരിയോടെ ഒന്നും മിണ്ടാതെ നാണിച്ചു നിൽക്കുന്ന മുണ്ടിത്തള്ളയുടെ കവിളിൽ, കുഞ്ഞിനോടുന്ന പോലെ നുള്ളി ചുണ്ടിൽ വച്ചു.  ‘കുട്ടി ഇസ്‌ക്കൊളീന്ന് വര്ന്ന വഴിയാ?’ ‘സ്കൂളല്ല, കോളേജ്.., അല്ല, കുറെയായല്ലോ കണ്ടിട്ട്… സുഖല്ലേ?’ ‘ഉം…, സുഖാണോന്ന് ചോയ്ച്ചാ, സുഖ്നന്യേ… ന്നാ സൂക്കേടൊട്ടു കൊറവുംല്യ... ‘ വസുന്ധര ചിരിച്ചു. ‘ങ്ഹാ! വെർതേ ഇരിക്കുന്പോ ഓരോരോ അസുഖങ്ങളാ കുട്ട്യേ…’ മുണ്ടിത്തള്ള ദീർഘമായൊന്നു നിശ്വസിച്ചു. ‘ഇനിപ്പോ, കൊറച്ചൂസം അങ്ങട് തെരക്കന്നല്ലേ… കാർത്തൂന് ഒര് സഹായായി ഇവിടെണ്ടാവണംന്ന് മാളുമ്മ പറഞ്ഞിക്കണ്.’ ‘ങാ ഹാ… അതെന്തേ?’ ‘താപ്പോ നന്നായെ… കല്യാണങ്ങട് കയിണ വരെ കുടുംബക്കാരെകൊണ്ടും വിര്ന്നാരെകൊണ്ടും നിന്ന് തിരിയാൻ പറ്റ്വോ ഇവ്ടെ? ആ കാർത്തൂനെക്കൊണ്ട് കൂട്ട്യാ കൂടോ?’

വസുന്ധരയുടെ ശരീരത്തിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു പോയി. പിന്നെ മുണ്ടിത്തള്ള പറഞ്ഞതൊന്നും അവൾ കേട്ടില്ല.

10

തുറന്നിട്ട ജനാലയിലൂടെ അരിച്ചിറങ്ങിയ വെയിൽ ക്യാൻവാസിൽ പതിച്ചു. ഭൂമിയെ ആലിംഗനം ചെയ്യുന്ന സൂര്യന്റെ പകുതി തീർന്ന, ഉണങ്ങാത്ത മോഡേൺ കണ്സെപ്റ് ഓയിൽ പെയിന്റ്. അടച്ചിട്ട വാതിലിനപ്പുറത്തു നിന്നും വാസുദേവൻ നായരുടെ ശബ്ദം നേർത്തു കേൾക്കാം. ‘മിണ്ടാതിരുന്നോ… നാലക്ഷരം പഠിക്കാചോട്ടേന്നു വച്ചാ കോളേജിലയച്ചതും ഹോസ്റ്റലിൽ നിന്ന് പഠിക്കാനനുവദിച്ചതും, അല്ലാതെ പ്രേമിച്ചു നടക്കാനല്ല..’ ഉണങ്ങാതെ, ഒലിച്ചിറങ്ങുന്ന പെയിന്റിങ്ങിലേക്കു തന്നെ നിർവികാരതയോടെ നോക്കി നിലത്തു, ഒരു മൂലയിൽ ചാരിയിരിക്കുന്ന വസുന്ധര. ‘ഈ തറവാട്ടിന് ചീത്തപ്പേരുണ്ടാക്കാനാ ഭാവംച്ചാ… ഈ ഉത്തരത്തീ എന്റെ ശരീരം തൂങ്ങണത് കാണേണ്ടി വരും… എല്ലാർക്കും’. വസുന്ധര കാൽമുട്ടുകൾക്കിടയിൽ മുഖം പൂഴ്‌ത്തി ഏങ്ങലടിച്ചു. അവളുടെ മനസ്സ്, ഏതോ തീരാശാപത്തിന്റെ നിഴൽപ്പാടുകളിൽ ഓടിയൊളിക്കാൻ വെന്പി.

11

വസുന്ധര തന്റെ മൊബൈലിൽ, പണ്ട് വരച്ച് പൂർത്തിയാക്കാൻ സാധിക്കാതെ പോയ ആ പെയിന്റിങ്ങിലേക്ക് നിർവികാരയായി നോക്കിയിരുന്നു. മനസ്സ് ആകെ കലുഷിതമാണ്. അപ്രതീക്ഷിതമായാണ് നീറുന്ന പഴയ ഓർമ്മകളിലേക്ക് എടുത്തെറിയപ്പെട്ടത്. സണ്ണി ഓഫീസിൽ തന്നെ തേടിയെത്തിയത് സ്വപ്നമായിരുന്നോ?, തന്നോട് സംസാരിച്ചത്… എന്തൊക്കെയാണ് സണ്ണി സംസാരിച്ചത്… എവിടേക്കാണ് പോയത്..? മൊബൈൽ ശബ്ദിച്ചപ്പോഴാണ് വസുന്ധര ഓർമ്മകളിൽ നിന്നുമുണർന്നത്. പരിചയമില്ലാത്ത നന്പർ, സംശയത്തോടെയാണ് വസുന്ധര അറ്റന്റ് ചെയ്തത്.  ‘ഹലോ’ ‘വസുധേ’ ഒരു പ്രകന്പനം പോലെയാണ് ആ ശബ്ദം കാതിൽ വന്നലച്ചത്. വസുന്ധര സംയമനം പാലിക്കാൻ ശ്രമിച്ചു. ‘ഓഹ് ! സോറി… വസുന്ധര.’ സണ്ണി തന്നെ തിരുത്തി. അത് പക്ഷെ വസുന്ധരയിൽ  അന്പരപ്പിച്ചു. പക്ഷെ ആ തിരുത്തൽ തന്നിൽ നോവേൽപ്പിച്ചോ! ‘സണ്ണി’ ‘പഴയതൊക്കെ തികട്ടിവരുമ്പോ, മനസ്സ് അറിയാതെ കൈവിട്ടു പോകുന്നു.’  വസുന്ധരയ്ക്ക് കുറ്റബോധം തോന്നി. ‘ചിലപ്പോഴൊക്കെ തോന്നും വസുധ…’ അയാൾ അർദ്ധോക്തിയിൽ നിറുത്തി. ‘ക്ഷമിക്കണം, അങ്ങനെയേ നാവിൽ വരു..’വസുന്ധര ഒന്നും മിണ്ടാതെ കേട്ടിരുന്നു.   ‘എന്റെ കൂടെയുണ്ടെന്ന് തോന്നിപ്പോകാറുണ്ട്… കണ്ട സ്വപ്നങ്ങൾ കൂടെയുണ്ടെന്ന്... ‘ വസുധക്ക് അവനോടു സഹതാപം തോന്നി… കുറ്റബോധം മനസ്സിൽ കിടന്നു നീറി. ‘ സണ്ണി ഞാൻ….’ സണ്ണി അവളെ മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല. ‘ഈ തോന്നാലുകളൊക്കെ കൂ…, കൂടുതലായപ്പോ… കുറെ നാൾ കൊണ്ടു പോയി കുതിരവട്ടത്തിട്ടു… ഷോ.. ഷോക്കടിപ്പിച്ചു… പക്ഷെ... ‘ സണ്ണിയുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു. വസുന്ധര അൽപ നേരത്തേക്ക് തരിച്ചിരുന്നു, അല്പനേരത്തേക്ക് അവൾക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല. എത്ര കടിച്ചമർത്തിയിട്ടും അവളുടെ കണ്ണുകൾ ഒരു നീർച്ചാലായി ഒഴുകാൻ തുടങ്ങി. ‘പക്ഷെ വസുധയെ മറക്കാൻ മാത്രം കഴിഞ്ഞില്ല.’ വസുന്ധരയിൽ ഒരു ഏങ്ങൽ തികട്ടി വന്നു. ‘ഇനിയും അധികനാൾ സാധിക്കുമെന്ന് തോന്നുന്നില്ല… അതിനു മുൻപ് എനിക്ക് വസുധയെ കാണണം, എന്റെ വസുധയായി, നമ്മൾ കണ്ട സ്വപ്നത്തിലെ വസുധയായി, ഒരേ ഒരു വട്ടം..’ വസുന്ധര സ്തബ്ധയായി.

12

ഷവറിന് താഴെ നിന്ന് പൊട്ടിക്കാരയുമ്പോൾ വസുന്ധരയുടെ കാതുകളിൽ സണ്ണിയുടെ ശബ്ദം മുഴങ്ങി.. ‘വസുധ കേട്ടു കൊണ്ടിരിക്കാൻ ആഗ്രഹിച്ച ഹൃദയത്തിന്റെ സ്പന്ദനം നിലക്കുന്നതിന് മുമ്പ്, ഒരേ ഒരു തവണ…’

13.

വിൻഡോയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുമ്പോൾ, വർഷങ്ങളായി നുകരാൻ മറന്ന രാത്രിയുടെ സൗന്ദര്യം അവൾ ആസ്വദിച്ചു. ജാലകത്തിലൂടെ ഒരു തണുത്ത കാറ്റ് വന്ന് വസുന്ധരയെ തഴുകി. അൽപ നേരം കണ്ണുകൾ അടച്ചു ഏതോ നിർവൃതിയിൽ വസുന്ധര നിന്നു. വിണ്ണിൽ ഭൂമിയെ നോക്കി പുഞ്ചിരിക്കുന്ന പൂർണ്ണ ചന്ദ്രനെ കണ്ടു, രാത്രിയിൽ ഭൂമിക്ക് വെള്ളിയരഞ്ഞാണം ചാർത്തുന്ന തിരമാലകളെ കണ്ടു, കടൽക്കാറ്റ് കൊണ്ട്, തീവണ്ടി ജാലകത്തിലൂടെ പുറകോട്ടു പാഞ്ഞ, നഗരവും ഗ്രാമവും, പുഴയും, പാടവും കണ്ടു. അൽപ നേരത്തിനു ശേഷം വസുന്ധര മുഖം തിരിച്ച് ബെഡിലേക്ക് നോക്കി. രാജു ഒന്നുമറിയാതെ ഉറക്കത്തിലാണ്. വസുന്ധരയുടെ മനസ്സ് ചുഴലിയിൽ പെട്ടുഴറി. ആഴങ്ങളിൽ നിന്നെന്ന പോലെ സണ്ണിയുടെ ദയനീയ ശബ്ദം വസുന്ധരയുടെ കാതുകളിൽ പതിച്ചു. അവസാന ശ്വാസത്തിനെന്ന പോലെ. ‘ ‘വസുധ കേട്ടു കൊണ്ടിരിക്കാൻ ആഗ്രഹിച്ച ഹൃദയത്തിന്റെ സ്പന്ദനം നിലക്കുന്നതിന് മുമ്പ്, ഒരേ ഒരു തവണ…’ വസുന്ധരയുടെ കണ്ണുകളിൽ നനവ് പടർന്നു.

14

വസുന്ധരയുടെ കാലുകളെ തഴുകി തിരമാലകൾ കുണുങ്ങിക്കുണ്ട് ഓടിയകന്നു. വസുന്ധര മുഖം തിരിച്ച്, പ്രണയാർദ്രമായ് സണ്ണിയെ നോക്കി, സണ്ണി ചിരിച്ചു കൊണ്ട് അവളെ തന്നെ നോക്കിക്കൊണ്ടിരുന്നു. വസുന്ധരയുടെ കണ്ണുകൾക്ക് ആ രാത്രിയിൽ, നക്ഷത്രങ്ങളെക്കാൾ തിളക്കമുണ്ടെന്നു സണ്ണിക്ക് തോന്നി. അവൾ അവന്റെ അരികിലേക്ക് മെല്ലെ നടന്നു. അവന്റെ അരികിൽ മണലിൽ ഇരുന്ന്, അവൾ സണ്ണിയുടെ നെഞ്ചിലേക്ക് തല ചായ്ച്ചു. പെട്ടന്ന് അവൾ ഞെട്ടി തിരിഞ്ഞു. അവൾക്കരികിൽ സണ്ണിയില്ല, വസുന്ധര പതറിക്കൊണ്ടു ചുറ്റും നോക്കി. ‘സണ്ണി’ അവൾ ഉൽകിടിലത്തോടെ വിളിച്ചു. ഭ്രാന്തമായ അവസ്ഥയിൽ അവൾ കടലിന് നേരെ ഓടി. ഭയപ്പാടോടെ അവൾ കടലിന് നേരെ നോക്കി. ‘സണ്ണി’ അവൾ അലറി. ‘വസു’ രാജശേഖർ വസുന്ധരയുടെ നേരെ ഓടി. വസുന്ധര ആ വിളി കേട്ടില്ല. അവൾ പൊട്ടിക്കരഞ്ഞു. ഓടിയെത്തിയ രാജശേഖർ വസുന്ധരയെ ചേർത്തു പിടിച്ചു കുലുക്കി. ‘വസു… വസുന്ധരെ..’ അവൾ ഞെട്ടി തിരിഞ്ഞു. പരിസരബോധം തിരിച്ചു കിട്ടാനെന്നോണം വസുന്ധര മുഖത്തേക്ക് ഇമവെട്ടാതെ നോക്കി. പിന്നെ പതുക്കെ വിതുമ്പി കൊണ്ട് അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു. ഒരു ജന്മത്തിലെ മുഴുവൻ ശാപവും പേറി, ഒരു ഭിക്ഷാംദേഹിയെ പോലെ… അയാൾ അവളെ നെഞ്ചോടു ചേർത്തു. ആ കൺകോണുകളിൽ പൊടിഞ്ഞ കണങ്ങൾ വസുന്ധര കാണാതെ അയാൾ തുടച്ചു.

No comments:

Post a Comment