Friday, March 15, 2013

ചക്രങ്ങള്‍ (ഹ്രസ്വ ചിത്ര തിരക്കഥ )

(ഇതൊരു ചെറിയ പരീക്ഷണം..!!! ചക്രം(പണം), ഇതില്‍ നിന്നും ഉദ്ദേശിക്കുന്നത്, പണമുള്ളവന്റെ ജീവിതം ചെറിയ തടസ്സങ്ങള്‍ വന്നാലും വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ, ആഡംബരമായി നീങ്ങുന്നു, അവന്‍ ദരിദ്രനെ(അവനില്‍ താഴ്ന്നവനെ) കാണുന്നില്ല. ദരിദ്രന്റെ ചക്രങ്ങള്‍ എന്നും അരോചകമായ ശബ്ദത്തോടെ നിരങ്ങി നീങ്ങുന്നു.ആരുടേയും ശ്രദ്ടിയില്‍ പെടാതെ. )

നഗരത്തിന്റെ തിരക്ക് കുറഞ്ഞ ഒരു റോഡ്‌.
ദൂരെ നിന്നും ഒരു കാര്‍ വരുന്നു, ഫുള്‍ ഫ്രെമില്‍ എത്തുമ്പോള്‍ കാര്‍ ബ്രേക്ക്‌ ഡൌണ്‍ ആകുന്നു. അത് ചാടി ചാടി മെല്ലെ മുന്നോട്ടു വന്നു നില്‍ക്കുന്നു
(താഴെ നിന്നും വൈഡ്‌ ഷോട്ട്) കാറിന്റെ ടയര്‍ ക്യാമറയുടെ അടുത്ത് വന്നു നിശ്ചലമാകുന്നു.. 

ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന സുമുഖനായ യുവാവിന്റെ മുഖത്ത് അസ്വസ്ഥത. അയാള്‍ കീ ഓഫ്‌ ചെയ്തു വീണ്ടും സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ശ്രമിക്കുന്നു. പക്ഷെ സ്റ്റാര്‍ട്ട്‌ ആകുന്നില്ലേ.

അയാള്‍ അസ്വസ്ഥതയോടെ കാറിനു പുറത്തിറങ്ങി(വിലകൂടിയ വസ്ത്രം ധരിച്ചിരിക്കുന്നു). ബോനെറ്റ്‌ തുറന്നു, തിരിഞ്ഞും മറിഞ്ഞും മൊത്തത്തില്‍ നോക്കുന്നു(അതിനെ പറ്റി ഒന്നും അറിഞ്ഞിട്ടല്ല) ഫോണ്‍ എടുത്തു ഏതോ നംബര്‍ എടുത്തു കാള്‍ ചെയ്യുന്നു. എന്തൊക്കെയോ പറയുന്നു (ശബ്ദത്തിനു പ്രാധാന്യമില്ല, ചലനങ്ങളില്‍ വാഹനം കേടുവന്ന കാര്യം പറയുന്നതായും, വഴി പറഞ്ഞു കൊടുക്കുന്നതായും മറ്റും സംവിധായകന്റെ കഴിവ് പോലെ കാണിക്കാം). 

കാള്‍ കട്ട്‌ ചെയ്തു, ബോനെറ്റ്‌ അടച്ച്, കാറിന്റെ ഡോര്‍ ലോക്ക് ചെയ്ത്. ടാക്സി വരുന്നുണ്ടോ എന്ന് നോക്കുന്നു. 
ഒരു കാര്‍ വരുന്നു, അയാള്‍ കൈ കാണിക്കുന്നു, കാര്‍ അയാളുടെ അടുത്ത് വന്നു നിറുത്തുന്നു.
(കാര്‍ നിറുത്തുമ്പോള്‍ കാറിനെയും അയാളെയും ഔട്ട്‌ ഓഫ് ഫോക്കസ് ചെയ്ത് നടുവിലായി മറ്റൊന്നിലേക്ക് ഫോക്കസിംഗ് മാറുന്നു) നാല് ചക്രങ്ങള്‍ പിടിപ്പിച്ച ഒരു പലകയില്‍ ഇരുന്ന് രണ്ടു കൈകള്‍ കൊണ്ട് നിലത്ത് കുത്തി നീങ്ങി വരുന്ന രണ്ടു കാലും ഇല്ലാത്ത ഒരു മനുഷ്യന്‍.

കാറിനു അടിയില്‍ നിന്നും വൈഡ്‌ ഷോട്ട്:- കാറില്‍ വന്ന ആള്‍ ടാക്സിയുടെ ഡോര്‍ തുറന്നു കാറില്‍ കയറുന്നു(അയാളുടെ മുഖം കാണേണ്ട ആവശ്യമില്ല, തുറന്ന ഡോറിലൂടെ അകത്തേക്ക് എടുത്തു വയ്ക്കുന്ന കാലുകള്‍)ഡോര്‍ അടയുന്നു,ഡോര്‍ അടയുമ്പോള്‍ പുറകില്‍ നിന്നും പലകയില്‍ വരുന്ന മനുഷ്യന്‍, സാവധാനം നിരങ്ങി വരുന്നത് കാണാം. ക്യാമെറക്ക് മുന്നിലൂടെ കാറിന്റെ ചക്രങ്ങള്‍ മുന്നോട്ടുരുളുന്നു. ഫ്രെമില്‍ നിന്നും കാര്‍ നീങ്ങുന്നു. കാലുകള്‍ ഇല്ലാത്ത ആ മനുഷ്യനെയും ചുമന്ന്, അരോചകമായ ശബ്ദത്തോടെ അടുത്ത് വരുന്ന ചക്രങ്ങള്‍ ക്യാമറയെ കടന്നു പോയിട്ടും അതിന്റെ ശബ്ദം അവിടെ മുഴങ്ങി നില്‍ക്കുന്നു. ഫ്രെയിം ഇരുളുന്നു.

No comments:

Post a Comment